Quantcast

സി.എ.എ കത്തുന്ന അസമില്‍ കോൺഗ്രസ് തിരിച്ചുവരുമോ? വീണ്ടും ബി.ജെ.പി വാഴുമോ?

പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമിൽ കടുത്ത പ്രതിഷേധങ്ങളാണ് നടക്കുന്നത്

MediaOne Logo

ഫായിസ ഫർസാന

  • Updated:

    2024-03-16 09:38:48.0

Published:

16 March 2024 7:33 AM GMT

സി.എ.എ കത്തുന്ന അസമില്‍ കോൺഗ്രസ് തിരിച്ചുവരുമോ? വീണ്ടും ബി.ജെ.പി വാഴുമോ?
X

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ഏറ്റവും വലുതും 14 ലോക്‌സഭ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണ് അസം. വടക്കുകിഴക്കന്‍ ഇന്ത്യയിലേക്കുള്ള ഗേറ്റ് വേയാണ് അസം. ബംഗ്ലാദേശ്, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ രാജ്യത്തിലെ വളരെ തന്ത്രപ്രധാനമായ പ്രദേശമാണ് ഇവിടം. കൂടാതെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏക മുസ്‍ലിം പാര്‍ട്ടിയായ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്)ന്റെ രാഷ്ട്രീയ ഭൂമികയാണ് അസം. അതിനാല്‍ മുസ്‍ലിം വോട്ടര്‍മാര്‍ ഇവിടെ നിര്‍ണായക ശക്തിയാണ്. കൂടാതെ ഇന്ന് രാജ്യം മൊത്തം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സി.എ.എ, എന്‍.ആര്‍.സി ഏറ്റവും കൂടുതൽ ബാധിക്കുന്ന ജനതകൂടിയാണ് അസമിലേത്.

2019 ലോക്‌സഭ തെരഞ്ഞെടുപ്പ് ഒറ്റനോട്ടത്തില്‍

2014ന് മുമ്പ്, സംസ്ഥാനത്തെ ലോക്‌സഭ സീറ്റുകളില്‍ കോണ്‍ഗ്രസിനായിരുന്നു ആധിപത്യം. എന്നാല്‍ 2014ലെ മോദി തരംഗത്തിൽ ബി.ജെ.പി. അസമില്‍ ശക്തിയാര്‍ജിച്ചു. 2014ല്‍ രണ്ട് സീറ്റുണ്ടായിരുന്ന ബി.ജെ.പി 2019ല്‍ ആകെയുള്ള 14 ലോക്‌സഭ സീറ്റുകളില്‍ ഒമ്പത് എണ്ണത്തില്‍ വിജയിച്ചു കരുത്ത് കാണിച്ചു. കോണ്‍ഗ്രസ് വെറും മൂന്ന് സീറ്റില്‍ ഒതുങ്ങിയപ്പോള്‍ എ.ഐ.യു.ഡി.എഫും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ഓരോ സീറ്റ് വീതം നേടി. 2004-ലെ പൊതുതെരഞ്ഞെടുപ്പില്‍ ഒമ്പതും 2009ല്‍ ഏഴും സീറ്റായിരുന്നു കോൺഗ്രസിന്റെ സമ്പാദ്യം. കൊക്രജര്‍, ധുബ്രി, ബാര്‌പേട്ട, ദരംഗ്-ഉദല്ഗുരി, ഗുവാഹത്തി, ദിഫു, കരിംഗഞ്ച്, സില്ചാര്, നാഗോണ്, കാസിരംഗ, സോനിത്പൂര്, ലഖിംപൂര്‍, ദിബ്രുഗഡ്, ജോര്‍ഹട്ട് എന്നിവയാണ് അസമിലെ മണ്ഡലങ്ങള്‍. 2019ല്‍ ആകെയുള്ള 2,05,06,994 വോട്ടർമാരിൽ നിന്ന് 1,79,86,066 പേരാണ് തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചത്. അതായത് 87.7% വോട്ടർമാരാണ് തങ്ങളുടെ സമ്മതിദാനവകാശം രേഖപ്പെടുത്തിയത്.

നിലവിലെ രാഷ്ട്രീയ സാഹചര്യം

2021ലെ നിയസഭാതെരഞ്ഞെപ്പില്‍ അസമിന്റെ പതിനഞ്ചാമത്തെ മുഖ്യമന്ത്രിയായി ബി.ജെ.പിയില്‍ നിന്നുള്ള ഹിമന്ത ബിശ്വ ശര്‍മ്മ തെരഞ്ഞെടുക്കപ്പെട്ടു. മെയ് 10 ന് സര്‍ബാനന്ദ സൊനോവാന്റെ പിന്‍ഗാമിയായി ശര്‍മ്മ അസമിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ 2019നെ അപേക്ഷിച്ച് സീറ്റ് വിഹിതം വര്‍ദ്ധിപ്പിക്കുന്നതില്‍ എന്‍.ഡി.എ സഖ്യം വലിയ പ്രതീക്ഷയിലാണ്. അതേസമയം ഇന്‍ഡ്യാ സഖ്യത്തിന്റെ സഹായത്തോടെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ചരിത്രപരമായ വഴിത്തിരിവ് ലക്ഷ്യമിട്ട് ശക്തമായ തെരഞ്ഞെടുപ്പ് പ്രകടനത്തിനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. എന്നാല്‍ അസം പോലെ ഒരു സംസ്ഥാനത്ത് കോണ്‍ഗ്രസ് സി.എ.എ- എന്‍.ആര്‍.സി വിഷയം എത്ര കണ്ട് ഉയര്‍ത്തും എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉയര്‍ത്തുന്ന പോലെ, ഒരേ സമയം ഭൂരിപക്ഷ വോട്ടും ന്യൂനപക്ഷ വോട്ടും ലക്ഷ്യമിടുന്ന പാര്‍ട്ടിക്ക് ഈ വിഷയം സംസ്ഥാനത്ത് വലിയ തലവേദന ഉയര്‍ത്തും എന്നതില്‍ സംശയമില്ല.

കഴിഞ്ഞ ഏതാനും ദിവങ്ങളില്‍ ഇന്ത്യയില്‍ പലയിടത്തും വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമിലും കടുത്ത പ്രതിഷേധങ്ങള്‍ തന്നെയാണ് അരങ്ങേറിയത്. അസമിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ വിജ്ഞാപനം കത്തിച്ച് പ്രതിഷേധിച്ചതിനെ തുടർന്ന് പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കൂടാതെ മോദിയുടെയും അമിത്ഷായുടെയും കോലം കത്തിക്കുകയും ചെയ്തു. 1970കളില്‍ എന്‍.ആര്‍.സിയുമായി തുടങ്ങിയ പൗരത്വ പ്രശ്‌നം പുതിയ വിജ്ഞാപനത്തോടെ പുതിയ തലത്തിലേക്ക് മാറിയ സാഹചര്യത്തില്‍ മുസ്‍ലിം വോട്ടര്‍മാര്‍ എണ്ണത്തില്‍ കൂടുതലുള്ള അസമില്‍ ബി.ജെ.പി ഈ സമരങ്ങളെ എങ്ങിനെ മറികടക്കും എന്നതും പ്രസക്തമാണ്.

രാഷ്ട്രീയ കൂറുമാറ്റങ്ങള്‍

അസം കോണ്‍ഗ്രസിലും ഈയിടെ വന്‍പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് അസം ജനറല്‍ സെക്രട്ടറി സൂരുജ് ദേഹിംഗിയ കഴിഞ്ഞ ദിവസം പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. അതും ലോക്‌സഭ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഈ കൂറുമാറ്റം. അതോടെ ഒരു മാസത്തിനിടെ പാര്‍ട്ടി വിടുന്ന രണ്ടാമത്തെ നേതാവാണ് സൂരുജ് ദേഹിംഗിയ. കഴിഞ്ഞ മാസം അസം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ് റാണാ ഗോസ്വാമിയും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. നേതാക്കളുടെ കൂറുമാറ്റം ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിനെ വല്ലാതെ പ്രതിസന്ധിയല്‍ ആക്കുന്നുണ്ട് എന്നത് വസ്തുതയാണ്.

കൂടാതെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടി ഉള്‍പ്പെടുന്ന പ്രതിപക്ഷ നിരയിലെ സീറ്റ് വിഭജനം ഇതേ വരെ പൂര്‍ത്തിയായിട്ടില്ല. ആം ആദ്മി പാര്‍ട്ടിയുടെ വില പേശലിന് കോണ്‍ഗ്രസ് എത്ര കണ്ട് വഴങ്ങും എന്നതും കണ്ടറിയണം. മറുവശത്ത് ബര്‍പേട്ട മണ്ഡലത്തില്‍ സി.പി.എമ്മും തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് മുന്നോട്ട് പോവുന്നുണ്ട്. ഇവിടെ കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ ഉടന്‍ പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. സി.പി.ഐയും ഏതാനും സീറ്റുകളില്‍ മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനെക്കാളേറെ കോണ്‍ഗ്രസ്സിനെ അലട്ടുന്നത് സ്വന്തം പാളയത്തില്‍ നിന്നും ബി.ജെ.പിയിലേക്കുള്ള തങ്ങളുടെ നേതാക്കളുടെ കൊഴിഞ്ഞു പോക്കാണ്.

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ്

വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അസമിലെ 11 ലോക്‌സഭ മണ്ഡലങ്ങളിലും ബി.ജെ.പി മത്സരിക്കും. സഖ്യകക്ഷികളായ അസം ഗണ പരിഷത്തും (എ.ജി.പി) രണ്ട് സീറ്റിലും , യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ (യു.പി.പിഎല്‍) ഒരു സീറ്റിലും മത്സരിക്കും. കോണ്‍ഗ്രസ്, ആം ആദ്മി മുന്നണി സീറ്റ് വിഭജനം ഇപ്പോഴും തീരുമാനമായിട്ടില്ല.

പുതിയ അതിര്‍ത്തി നിര്‍ണയത്തിനു ശേഷം അസമില്‍ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ഇത്. 14 മണ്ഡലങ്ങളില്‍ മൂന്ന് സീറ്റുകള്‍ സംവരണ മണ്ഡലങ്ങളാണ്, ഇതില്‍ രണ്ട് സീറ്റുകള്‍ പട്ടികവര്‍ഗക്കാര്‍ക്കും (എസ്.ടി) ഒന്ന് പട്ടികജാതിക്കാര്‍ക്കും (എസ്.സി) സംവരണം ചെയ്തിരിക്കുന്നു.

ചുരുക്കത്തില്‍ അസമില്‍ ഈ തിരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാ വിഷയമാവുക സി.എ.എ, എന്‍.ആര്‍.സി ആണെന്നതില്‍ തര്‍ക്കമില്ല. ബി.ജെ.പിയും അമിത്ഷായും സി.എ.എയുമായി മുന്നോട്ട് പോവും എന്നു പറയുമ്പോഴും ഈ വിഷയത്തില്‍ അസമില്‍ കൃത്യമായ പ്ലാനില്ലാതെയാണ് കോണ്‍ഗ്രസ് ഇതുവരെ മുന്നോട്ട് പോവുന്നത്. അതുകൊണ്ടുതന്നെ ഭൂരിപക്ഷ, ന്യൂനപക്ഷ വോട്ടുകള്‍ എങ്ങിനെ സ്വാധീനിക്കുമെന്നത് ഒരു ചോദ്യ ചിഹ്നമാണ്. അസമിലെ തെരഞ്ഞെടുപ്പ് ചിത്രം രാജ്യത്ത് സി.എ.എ, എന്‍.ആര്‍.സിയുടെ വിധി നിര്‍ണയിക്കുമെന്നതില്‍ സംശയമില്ല.

TAGS :

Next Story