Quantcast

രാമക്ഷേത്രം വോട്ടായി മാറുമോ? യുപി പറയുന്നതെന്ത്?

നരേന്ദ്രമോദി രാമക്ഷേത്രം എന്തിന് തിടുക്കപ്പെട്ട് ഉദ്ഘാടനം ചെയ്തു എന്നതിന്റെ ഉത്തരം ഇപ്പോഴത്തെ അയോധ്യ തരും.

MediaOne Logo

എം അബ്ബാസ്‌

  • Updated:

    2024-05-22 12:08:34.0

Published:

22 May 2024 12:07 PM GMT

ayodhya
X

അഞ്ചു വർഷത്തിന് ശേഷം അയോധ്യയിലേക്ക് വീണ്ടുമെത്തിയപ്പോൾ ആ നാടാകെ മാറിപ്പോയിട്ടുണ്ട്. ഫൈസാബാദിൽ നിന്ന് ഇലക്ട്രിക് ബസ് അധികം ബുദ്ധിമുട്ടിക്കാതെ അയോധ്യയിലെത്തിച്ചു. പൊട്ടിപ്പൊളിഞ്ഞ റോഡു മാറി മേത്തരം വീതിയുള്ള വഴി നിര്‍മിച്ചിട്ടുണ്ട്. രാംപഥ് എന്നാണ് റോഡിന് പേര്. കടകൾക്കു മുമ്പിലെല്ലാം ഒരേ മാതൃകയിൽ രാംപഥ് ഉള്‍പ്പെട്ട ബോർഡുകള്‍.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് തോക്കേന്തിയ കുറച്ചു പട്ടാളക്കാർ കാവൽ നിൽക്കുന്ന ഒരിടം മാത്രമായിരുന്നു അയോധ്യ. ചുറ്റും വലിയ ഇരുമ്പുവേലി. നാട്ടുകാരനായ ഓട്ടോ ഡ്രൈവർ സോനുവിന്റെ സഹായത്തോടെ അന്ന് ബാബരിയുടെ പിന്നിലൂടെ യാത്ര ചെയ്തതാണ്. ആ മുൾവേലി ഇപ്പോഴുമുണ്ട്. മസ്ജിദിന്റെ അവശിഷ്ടങ്ങളില്ല. മുഴങ്ങുന്നത് ജയ് ശ്രീരാം വിളികളും ക്ഷേത്രത്തിൽനിന്നുള്ള അറിയിപ്പുകളും മാത്രം.

ആകെ ബഹളമയമാണ് അയോധ്യ. ആയിരക്കണക്കിന് സന്ദർശകർ ഒറ്റയ്ക്കും തെറ്റയ്ക്കും മന്ദിര്‍ കാണാനെത്തുന്നു. റോഡിൽ നിറയെ വഴിവാണിഭക്കാർ. നെറ്റിയിൽ തൃശൂലവും ജയ് ശ്രീരാം ചിഹ്നവുമെഴുതി പത്തു രൂപ വാങ്ങിക്കുന്നവർ. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ വിൽക്കുന്നവർ. കാവി ഷാൾ കച്ചവടം ചെയ്യുന്നവർ, ചായ വില്‍പ്പനക്കാര്‍... അങ്ങനെയങ്ങനെ.

ഉള്ളിൽ കയറി രാം ലല്ല കണ്ടു. അകത്തെ പടിയിൽ തകർക്കപ്പെട്ട പള്ളിയെ ഓർത്ത് രണ്ടു മിനിറ്റ് നിശ്ശബ്ദനായി ഇരുന്നു. നിറയെ രാമഭക്തരാണ്. ഇടയ്ക്കിടെ ഉച്ചത്തിലുയര്‍ന്നു കേട്ട ജയ് ശ്രീരാം വിളിയുടെ ആക്രോശം അസ്വസ്ഥപ്പെടുത്തി. ജയ് ശ്രീരാമിന് ആക്രോശത്തിന്റെയും ഭക്തിയുടെയും മുഖങ്ങളുണ്ടെന്ന് അയോധ്യ തെളിയിച്ചു. ഒരാക്രോശത്തിന്റെ പുറത്തുണ്ടായ നിർമിതിൽ നിന്ന് ഇതിൽക്കൂടുതൽ പ്രതീക്ഷിക്കേണ്ടെന്ന് മനസ്സു പറഞ്ഞു. തിരിച്ചിറങ്ങുമ്പോൾ പ്രസാദമുണ്ട്. അതും വാങ്ങി പുറത്തു കടന്നു.


പുറത്തേക്കുള്ള വഴിയില്‍ ഏതോ പഴയ നിർമിതിയിലെ കല്ലുകൾ അടുക്കിയടുക്കി വച്ച് ഭക്തി പ്രകടിപ്പിച്ചുവച്ചിട്ടുണ്ട്. സംഘർഷ കാലത്ത് നിർമിച്ച ചെറിയ പ്രതിഷ്ഠയും നിർമിതിയും അതുപോലെ തന്നെ നിലനിർത്തിയിരിക്കുന്നു. ആളുകൾ അങ്ങോട്ടു കൂടി തിരിഞ്ഞു വണങ്ങി പുറത്തേക്കു പോകുന്നു. ചരിത്രവും വര്‍ത്തമാനവും ഉള്ളിലൂടെ ഒരു കൊള്ളിയാന്‍ പോലെ പാഞ്ഞു. ഒരു നെടുവീർപ്പോടെ പുറത്തെത്തി.

വലിയ തലപ്പാവും കപ്പടാ മീശയും വച്ച രാജസ്ഥാനികളെയാണ് ആദ്യം അടുത്തു കിട്ടിയത്. ക്ഷേത്രത്തിന് അകം കണ്ട അനുഭവത്തെ കുറിച്ച് ചോദിച്ചു. 'അടിപൊളി ക്ഷേത്രമാണ്. മോദി നന്നായി തന്നെ നിർമിച്ചു. അദ്ദേഹത്തോട് നന്ദിയുണ്ട്. അഞ്ഞൂറു വർഷത്തെ പോരാട്ടത്തിന് ശേഷമാണ് മന്ദിർ യാഥാർത്ഥ്യമാകുന്നത്.' എന്നിങ്ങനെ പോയി അവരുടെ സംസാരം. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നെത്തിയ യുവാക്കൾ നെറ്റിയിൽ എന്താണ് ജയ്ശ്രീറാം ഇല്ലാത്തത്, അതുണ്ടായാൽ നന്നായേനെ എന്നു പറഞ്ഞു. ചിരിച്ച് ഒഴിവായി. അവിടെ കണ്ടവർക്കൊക്കെ അങ്ങനെയൊക്കെ തന്നെയേ പറയാനുണ്ടായിരുന്നുള്ളൂ.

പണി പാതി പോലും തീരാതെ എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് രാമക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത് എന്നതിന്റെ ഉത്തരം ഇപ്പോഴത്തെ അയോധ്യ തരും. അത്രയ്ക്കുണ്ട് അവിടെ എത്തുന്ന സന്ദർശകരുടെ ആധിക്യം. കേരളത്തിൽനിന്നടക്കം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരെ കണ്ടു, സംസാരിച്ചു.

ക്ഷേത്രത്തിന് അകത്ത് നിറയെ തൊഴിലാളികളാണ്. പലയിടത്തും ജെസിബി മുരണ്ടു നടക്കുന്നു. ഇന്റർനെറ്റിൽ ലഭ്യമായ രൂപകൽപ്പനയുടെ അടുത്തു പോലും നിൽക്കുന്നില്ല നിലവിലെ നിര്‍മിതി. ഒരു തെരഞ്ഞെടുപ്പ് മുമ്പിൽക്കണ്ടാണ് ധൃതിപ്പെട്ട് ക്ഷേത്രോദ്ഘാടനം മോദി നടത്തിയത് എന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തം. എന്നാൽ രാമക്ഷേത്രം ഈ തെരഞ്ഞെടുപ്പിൽ ഒരു വിഷയമായോ എന്നത് ബിജെപിയെ ആശപ്പെടുത്തുന്ന ചോദ്യമായി നിലനിൽക്കുന്നു.

അയോധ്യ ഫലിക്കുമോ?

ഈ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ ബിജെപി മുമ്പോട്ടു വച്ച് രണ്ട് തെരഞ്ഞെടുപ്പ് പ്രചാരണ വാക്യങ്ങളിൽ ഒന്ന് രാമക്ഷേത്രമാണ്. മറ്റൊന്ന് കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി അനുച്ഛേദം 370 എടുത്തു കളഞ്ഞത്. രണ്ടും ഏതെങ്കിലും തരത്തില്‍ മുസ്ലിം വിരുദ്ധം. മുംബൈയിലെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ മോദിയുടെ ചിത്രങ്ങൾക്കൊപ്പം ഇവ രണ്ടും വ്യക്തമായി എഴുതിവച്ചിട്ടുണ്ട്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആർട്ടിക്ക്ൾ 370 എടുത്തു കളഞ്ഞതിനെ കുറിച്ച് ബിജെപി വാ താരോതെ സംസാരിക്കുന്നുണ്ട്. എന്നാല്‍ ആ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുന്ന കശ്മീരിൽ ബിജെപി ഇതേക്കുറിച്ച് മിണ്ടുന്നില്ല. അതുമാത്രമല്ല, കശ്മീരിലെ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളായ ബാരാമുല്ല, ശ്രീനഗർ, അനന്ത്‌നാഗ് രജൗരി എന്നിവിടങ്ങളിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയിട്ടു പോലുമില്ല. ഒരടവുനയം.


ക്ഷേത്രത്തിന്‍റെ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന ഭാഗത്ത് ലേഖകന്‍


രണ്ടാം വിഷയമായ രാമക്ഷേത്രത്തെ കുറിച്ച് ബിജെപി നേതാക്കള്‍ വലിയ വായിൽ തന്നെ സംസാരിച്ചു. ഒരു മാസത്തിനിടെ നരേന്ദ്രമോദിയുടെ പ്രസംഗത്തിൽ രാംമന്ദിർ പരാമർശിക്കപ്പെട്ടത് 32 തവണയാണ്. നാൽപ്പതിലേറെ തവണ രാമൻ കടന്നു വന്നു. മന്ത്രി അമിത് ഷാ ഒരുപടി കൂടി കടന്ന്, ഇൻഡ്യാ മുന്നണി അധികാരത്തിലെത്തിയാൽ രാമക്ഷേത്രത്തിന് താഴിടുമെന്ന് വരെ പ്രസ്താവനയിറക്കി. ബിഹാറിലെ സീതാമാർഹിൽ സീതയ്ക്ക് ക്ഷേത്രം പണിയുമെന്നും പറഞ്ഞു അദ്ദേഹം.

കൊണ്ടുപിടിച്ച പ്രചാരണങ്ങൾക്കിടെയും രാംമന്ദിർ ഈ തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ വിഷയമായില്ല എന്നത് എടുത്തു പറയേണ്ടതാണ്. വികസിത് ഭാരത്, അബ് കി ബാർ ചാർ സൗ പാർ (ഇത്തവണ നാനൂറിൽ കൂടുതൽ സീറ്റ്) എന്നിങ്ങനെ പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ ഉയർത്തിയ മുദ്രാവാക്യങ്ങൾ ബിജെപി മറന്നു കഴിഞ്ഞു. ഹിന്ദു-മുസൽമാൻ, ഖബറിസ്ഥാൻ-ശ്മശാൻ എന്നിങ്ങനെയുള്ള സുരക്ഷിതമായ ബൈനറിയിലേക്ക് കാര്യങ്ങൾ ബിജെപി ബോധപൂർവ്വം മാറ്റുകയും ചെയ്തു. വോട്ട് ജിഹാദ്, പാകിസ്താൻ മുരീദ്, മംഗല്യസൂത്രം തുടങ്ങി ബിജെപി ഏറ്റെടുത്ത സംജ്ഞകൾ തന്നെ മുസ്‌ലിം വിരുദ്ധവും ധ്രുവീകരണ ആശയങ്ങൾ പേറുന്നവയുമായിരുന്നു.

പ്രചാരണത്തിൽ ഇത്തവണ സംഘ്പരിവാർ സജീവമല്ലാതിരുന്നതും രാമക്ഷേത്രം വേണ്ടത്ര ആയുധമാക്കാൻ കഴിയാതെ പോയി. പതിറ്റാണ്ടുകളായി തുടരുന്ന പ്രചാരണായുധം ക്ഷേത്രം നിർമിച്ച ശേഷവും ബിജെപി കൂടെക്കൊണ്ടു നടക്കുന്നതിലെ സാംഗത്യവും ചോദ്യം ചെയ്യപ്പെട്ടു.


സന്ദര്‍ശകരുടെ നെറ്റിയില്‍ ജയ് ശ്രീരാം കുത്തുന്നവര്‍


ഒരുപക്ഷേ, യുപിയേക്കാൾ കൂടുതൽ അയോധ്യ ചർച്ച ചെയ്യപ്പെടുന്നത് രാജസ്ഥാനിലാണ്. രാംമന്ദിറിനടുത്ത് കണ്ടു സംസാരിച്ച മിക്കവരും രാജസ്ഥാനിൽ നിന്നുള്ളവരുമായിരുന്നു. കോൺഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട് രാമക്ഷേത്ര അനുകൂല നിലപാട് സ്വീകരിക്കുന്നത് എന്തിനാണ് എന്ന ചോദ്യത്തിനും അയോധ്യ ഉത്തരം തന്നു.

ഫൈസാബാദില്‍ ആരു ജയിക്കും?

ഏറെ കൗതുകകരമായ ചോദ്യമാണിത്. രാംമന്ദിർ ഉൾക്കൊള്ളുന്ന ഫൈസാബാദ് മണ്ഡലത്തിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. കോൺഗ്രസും എസ്പിയും മുന്നണിയായി മത്സരിക്കാൻ തീരുമാനിച്ചതാണ് ഇവിടത്തെ പോരാട്ടത്തെ രസകരമാക്കിയത്. കഴിഞ്ഞ തവണ മണ്ഡലത്തിൽ ജയിച്ച ബിജെപി സ്ഥാനാർത്ഥി ലല്ലു സിങ്ങിന്റെ ഭൂരിപക്ഷം 65,477 ആണ്. ആകെ പോൾ ചെയ്ത 10,87,420 വോട്ടിൽ 529,021 വോട്ടും (48.66%) ലല്ലു സിങ് നേടി. എസ്പിയുടെ ആനന്ദ് സെൻ യാദവിന് കിട്ടിയത് 4,63,544 വോട്ട്. 42.64 ശതമാനം. കോൺഗ്രസിന് 53,386 വോട്ടു കിട്ടി. 4.91 ശതമാനം. മുൻ തെരഞ്ഞെടുപ്പിൽ നിന്ന് 7.79 ശതമാനം വോട്ടാണ് കോൺഗ്രസിന് 2019ലുണ്ടായത്.

എസ്പി സ്വന്തം വോട്ടു ബാങ്ക് നിലനിർത്തുകയും കോൺഗ്രസ് പഴയ വോട്ടുകൾ തിരിച്ചുപിടിക്കുകയും ചെയ്താൽ മണ്ഡലത്തിന്റെ ചിത്രം മാറും. പുതിയ വോട്ടര്‍മാര്‍ എങ്ങനെ ചിന്തിക്കുന്നു എന്നതും നിര്‍ണായകമാകും. തൊഴിലില്ലായ്മ പരിഹരിക്കാനാകാത്തതും വിലക്കയറ്റം വിഷയമായതും ബിജെപിക്ക് തിരിച്ചടി നല്‍കുന്ന ഘടകങ്ങളാണ്. അങ്ങനെയാണ് എങ്കില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് അടിത്തറയിട്ട ഭൂമികയിൽ ബിജെപി തോല്‍ക്കും. ലല്ലു സിങ്ങിനെ തന്നെയാണ് ഇത്തവണയും ബിജെപി കളത്തിലിറക്കിയിട്ടുള്ളത്. എസ്പിക്കു വേണ്ടി മത്സരിക്കുന്നത് ഒമ്പതു തവണ എംഎൽഎയായ അവദേശ് പ്രസാദ്. ബിഎസ്പിയും മത്സരരംഗത്തുണ്ട്.

TAGS :

Next Story