Quantcast

ഏഴാം ശമ്പള കമ്മീഷന് ശേഷം പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസം വർധിക്കുമോ?

ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബർ 31ന് അവസാനിക്കും

MediaOne Logo

Web Desk

  • Updated:

    2025-12-14 11:15:31.0

Published:

14 Dec 2025 4:39 PM IST

ഏഴാം ശമ്പള കമ്മീഷന് ശേഷം പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസം വർധിക്കുമോ?
X

ന്യൂഡൽഹി: സർക്കാർ ജീവനക്കാർക്ക് നൽകുന്ന ഡിയർനെസ് അലവൻസിന് (ക്ഷാമബത്ത) തുല്യമായി പെൻഷൻകാർക്ക് നൽകുന്നതാണ് ഡിയർനെസ് റിലീഫ് (ക്ഷാമാശ്വാസം). നിലവിൽ 58% ആണ് ഡിയർനെസ് റിലീഫ് (ഡിആർ) നൽകുന്നത്. ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബർ 31ന് അവസാനിക്കുകയാണ്. അടുത്ത ഡിആർ വർധനവ് 2026 ജനുവരിയിലാണ്.

ഈ സാഹചര്യത്തിൽ പെൻഷൻകാർക്കുള്ള ഡിആർ വർധനവിന് എന്ത് സംഭവിക്കും, ഡിആർ പൂജ്യമാകുമോ, വർധിക്കുന്നത് നിർത്തുമോ, നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് സർക്കാർ അത് വർധിപ്പിക്കുന്നത് തുടരുമോ തുടങ്ങിയ ചില ചോദ്യങ്ങളും ഉയർന്നിട്ടുണ്ട്. ഏഴാം ശമ്പള കമ്മീഷൻ അവസാനിച്ചതിനുശേഷവും പെൻഷൻകാർക്കുള്ള ഡിആർ വർധിക്കുമോയെന്ന് പരിശോധിക്കാം.

കാലാകാലങ്ങളായി ശമ്പള കമ്മീഷന്റെ കാലാവധി അവസാനിച്ചതിനുശേഷവും പെൻഷൻകാർക്കുള്ള ഡിആർ വർധിക്കുമെന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ വിശദീകരിക്കുന്നു.

'ശമ്പള കമ്മീഷന്റെ കാലാവധി അവസാനിച്ചതിനുശേഷം ജീവനക്കാർക്കുള്ള ഡിഎ വർധിക്കുന്നതുപോലെ പെൻഷൻകാർക്കുള്ള ഡിആറും വർധിക്കും. എട്ടാം ശമ്പള കമ്മീഷന്റെ ശിപാർശകൾ നടപ്പിലാക്കുന്നതുവരെ ഇത് വർഷത്തിൽ രണ്ടുതവണ വർധിപ്പിക്കും. മുൻകാലങ്ങളിൽ, ശമ്പള കമ്മീഷന്റെ ശിപാർശകൾ നടപ്പിലാക്കുന്നതിൽ കാലതാമസം ഉണ്ടായപ്പോഴും ഡിഎയ്‌ക്കൊപ്പം ഡിആറും വർധിച്ചിരുന്നു'. വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

പെൻഷൻകാർക്കുള്ള ഡിആർ സർക്കാർ ജനുവരി, ജൂലൈ മാസങ്ങളിൽ വർഷത്തിൽ രണ്ടുതവണ വർധിപ്പിക്കാറുണ്ട്. ഹോളി, ദീപാവലി പോലുള്ള ഉത്സവങ്ങൾക്ക് മുമ്പാണ് ഇത് പ്രഖ്യാപിക്കുന്നത്. പെൻഷൻകാർക്ക് കുടിശ്ശിക ഉൾപ്പെടെയുള്ള തുകയാണ്.

അടിസ്ഥാന പെൻഷന്റെ അടിസ്ഥാനത്തിലാണ് ഡിആർ കണക്കാക്കുന്നത്. ഉദാഹരണത്തിന് ഒരാളുടെ അടിസ്ഥാന പെൻഷൻ 25,000 രൂപയും നിലവിലെ ഡിആർ നിരക്ക് 58% ഉം ആണെങ്കിൽ പെൻഷനറുടെ ആകെ പെൻഷൻ 25,000 + (25,000 രൂപയിൽ 58%) = 39,500 രൂപ ആയിരിക്കും. ഇപ്പോൾ, 2026 ജനുവരിയിൽ സർക്കാർ ഡിഎ 2% വർധിപ്പിച്ച് 60% ആക്കിയാൽ അതേ പെൻഷനറുടെ ആകെ പെൻഷൻ 40,000 രൂപയായി മാറും.


TAGS :

Next Story