'ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ മുസ്‌ലിം എംഎല്‍എമാരെ നിയമസഭയില്‍ നിന്നും പുറത്താക്കും'; വർഗീയ പരാമർശവുമായി സുവേന്ദു അധികാരി
ഭരണഘടനാ പദവി വഹിക്കുന്നവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മുസ്‌ലിം എംഎല്‍എമാരെ നിയമസഭയില്‍ നിന്നും പുറത്താക്കുമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. എംഎൽഎമാരെ ശാരീരികമായി തന്നെ സഭയിൽ നിന്ന് പുറത്താക്കുമെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രസ്‌താവന.
2026ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബംഗാളിലെ ജനങ്ങള്‍ മമത സർക്കാരിനെ വേരോടെ പിഴുതെറിയുമെന്ന് സുവേന്ദു അധികാരി പറഞ്ഞു. നേരത്തെ മമത സർക്കാരിനെതിരെയും ടിഎംസിക്കെതിരെയും രൂക്ഷമായ ഭാഷയിൽ സുവേന്ദു അധികാരി പ്രതികരിച്ചിരുന്നു. മുസ്‌ലിം ലീഗിന്റെ രണ്ടാം പതിപ്പ് പോലെ പെരുമാറുന്ന ഒരു വര്‍ഗീയ ഭരണകൂടമാണ് മമത ബാനർജിയുടെ സര്‍ക്കാര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
സുവേന്ദു അധികാരി നടത്തിയത് വിദ്വേഷ പ്രസംഗമാണെന്നും ഭരണഘടനാ പദവി വഹിക്കുന്നവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. സുവേന്ദുവിന്റെ മാനസിക സ്ഥിരതയെയും അദ്ദേഹം ചോദ്യം ചെയ്തു. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ പ്രസ്താവനയാണിത്. ഒരു പ്രത്യേക മതത്തില്‍ നിന്നുള്ള എംഎല്‍എമാരെ ശാരീരികമായി പുറത്താക്കുമെന്ന് അദ്ദേഹത്തിന് പറയാനാവില്ല. മതത്തിന്റെ പേരില്‍ വിവേചനം കാണിക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിയില്ലെന്നും കുനാല്‍ ഘോഷ് കൂട്ടിച്ചേർത്തു.
Adjust Story Font
16

