കന്നഡ സംസാരിക്കാൻ വിസമ്മതിച്ച എസ്ബിഐ ബാങ്ക് മാനേജരെ സ്ഥലംമാറ്റി കര്‍ണാടക
കഴിഞ്ഞ ദിവസം ആനേക്കൽ താലൂക്കിലെ സൂര്യ നഗർ ബാങ്കിന്‍റെ ശാഖയിൽ നടന്ന സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു

ബെംഗളൂരു: ഉപയോക്താവിനോട് കന്നഡയില്‍ സംസാരിക്കാന്‍ കൂട്ടാക്കാതിരുന്ന മാനേജരെ എസ്ബിഐ സ്ഥലം മാറ്റിയതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മാനേജരുടെ നടപടിയെ അപലപിച്ച് എക്സിൽ പങ്കുവച്ച കുറിപ്പിലാണ് കന്നഡയിലോ ഇംഗ്ലീഷിലോ സംസാരിക്കാന്‍ തയ്യാറാകാതിരിക്കുകയും പൗരന്മാരോട് അവഗണന കാണിക്കുകയും ചെയ്ത ബാങ്ക് മാനേജരുടെ പെരുമാറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
''ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. എല്ലാ ബാങ്ക് ജീവനക്കാരും ഉപയോക്താക്കളോട് മാന്യമായി പെരുമാറുകയും പ്രാദേശിക ഭാഷയില്‍ സംസാരിക്കാന്‍ ശ്രമിക്കുകയും വേണം. ബാങ്ക് ജീവനക്കാര്‍ക്ക് ഇതുസംബന്ധിച്ച പരിശീലനം നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രധനകാര്യ മന്ത്രാലയത്തോട് അഭ്യര്‍ഥിക്കുകയാണ്. പ്രാദേശിക ഭാഷയെ ബഹുമാനിക്കുക എന്നാല്‍ ജനങ്ങളെ ബഹുമാനിക്കുക എന്നതാണെന്നും'' സിദ്ധരാമയ്യ കുറിപ്പില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ആനേക്കൽ താലൂക്കിലെ സൂര്യ നഗർ ബാങ്കിന്‍റെ ശാഖയിൽ നടന്ന സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. എസ്ബിഐ ഉദ്യോഗസ്ഥ ബാങ്കിലെത്തിയ ഉപഭോക്താവുമായുള്ള ആശയവിനിമയത്തിനിടെ കന്നഡ സംസാരിക്കാൻ വിസമ്മതിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്. ബാങ്ക് മാനേജര്‍ കന്നഡ സംസാരിക്കണമെന്ന് നിർബന്ധിക്കുന്ന എന്തെങ്കിലും നിയമമുണ്ടോ എന്ന് ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. തർക്കം പെട്ടെന്ന് രൂക്ഷമാവുകയും, കന്നഡ സംസാരിക്കാൻ ഉപഭോക്താവ് ആവർത്തിച്ച് ഉദ്യോഗസ്ഥയോട് പറയുന്നത് കേൾക്കാം. അപ്പോൾ "ഞാൻ ഒരിക്കലും കന്നഡ സംസാരിക്കില്ല" എന്ന് പ്രഖ്യാപിച്ചുകൊണ്ട് അവർ നടന്നുപോവുകയും ചെയ്യുന്നതാണ് വീഡിയോയിൽ.
സംഭവത്തിൽ എസ്ബിഐ ഖേദം പ്രകടിപ്പിച്ചിരുന്നു. “സൗത്ത് ബെംഗളൂരുവിലെ എഒയുടെ സൂര്യ നഗർ ബ്രാഞ്ചിൽ അടുത്തിടെ നടന്ന സംഭവത്തിൽ ഞങ്ങൾ വളരെയധികം ആശങ്കാകുലരാണ്. വിഷയം നിലവിൽ സമഗ്രമായ വിലയിരുത്തലിലാണ്,” ബാങ്ക് പറഞ്ഞു. ഉപഭോക്തൃ വികാരത്തെ ബാധിക്കുന്ന പെരുമാറ്റത്തോട് എസ്‌ബിഐ ഒരു വിട്ടുവീഴ്ചയില്ലാത്ത നയം പിന്തുടരുന്നുവെന്നും മാന്യമായ പെരുമാറ്റം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു.
Adjust Story Font
16

