Quantcast

ഗാന്ധി കുടുംബമില്ലെങ്കിൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ കൂടുതൽ നേതാക്കൾ രംഗത്ത്

ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാർഥിയായാണ് അശോക് ഗെഹ്‌ലോട്ട് മത്സരിക്കുന്നത്. അതേസമയം, താൻ ഒരിക്കലും രാജസ്ഥാൻ രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കില്ലെന്നും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    22 Sep 2022 1:48 PM GMT

ഗാന്ധി കുടുംബമില്ലെങ്കിൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ കൂടുതൽ നേതാക്കൾ രംഗത്ത്
X

ന്യൂഡൽഹി: ഗാന്ധി കുടുംബത്തിൽനിന്ന് ആരും കോൺഗ്രസ് പ്രസിഡന്റ് പദവി ഏറ്റെടുക്കാൻ തയ്യാറാവുന്നില്ലെങ്കിൽ മത്സരരംഗത്ത് കൂടുതൽ സ്ഥാനാർഥികളുണ്ടാവുമെന്ന് റിപ്പോർട്ട്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ശശി തരൂരും മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇവർക്ക് പുറമെ മനീഷ് തിവാരി, കമൽനാഥ്, ദിഗ്‌വിജയ് സിങ് തുടങ്ങിയവരും മത്സരിച്ചേക്കുമെന്നാണ് വിവരം.

ശശി തരൂരാണ് ആദ്യമായി പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുമെന്ന് സൂചന നൽകി രംഗത്ത് വന്നത്. കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ തരൂരിന് മത്സരിക്കാൻ അവർ അനുമതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ദിഗ്‌വിജയ് സിങ് മത്സരിച്ചേക്കുമെന്ന സൂചന നൽകിയത്. ശശി തരൂരിനെയാണോ അശോക് ഗെഹ്‌ലോട്ടിനെയാണോ താങ്കൾ തിരഞ്ഞെടുക്കുകയെന്ന ചോദ്യത്തിന് ''കാത്തിരിക്കൂ, ഞാൻ എന്നെത്തന്നെ പുറത്താക്കുന്നില്ല, നിങ്ങളെന്തിനാണ് എന്നെ ഒഴിവാക്കുന്നത്?'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാർഥിയായാണ് അശോക് ഗെഹ്‌ലോട്ട് മത്സരിക്കുന്നത്. അതേസമയം, താൻ ഒരിക്കലും രാജസ്ഥാൻ രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കില്ലെന്നും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഒരാളെക്കുറിച്ച് പ്രത്യേകമായി അഭിപ്രായം പറയാനില്ലെന്നും ഹൈക്കമാൻഡും രാജസ്ഥാനിലെ എംഎൽഎമാരും എന്താണോ ആഗ്രഹിക്കുന്നത് അതനുസരിച്ച് കാര്യങ്ങൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയിൽ തന്റെ എതിരാളിയായ സച്ചിൻ പൈലറ്റ് ഒരിക്കലും രാജസ്ഥാൻ മുഖ്യമന്ത്രിയാകരുതെന്നാണ് ഗെഹ്‌ലോട്ട് ഹൈക്കമാൻഡിന് മുന്നിൽവെച്ച ആവശ്യം. താൻ രാജിവെക്കുകയാണെങ്കിൽ തന്റെ വിശ്വസ്തനായ സ്പീക്കർ സി.പി ജോഷിയെ മുഖ്യമന്ത്രിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഇത് രാഹുൽ ഗാന്ധി അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം. പാർട്ടിയിലെ തിരുത്തൽ പക്ഷത്തിന്റെ പ്രതിനിധിയായാണ് ശശി തരൂർ മത്സരിക്കുന്നത്.

TAGS :

Next Story