പ്രസംഗത്തിനിടെ അംബേദ്കറെ പരാമർശിക്കാതെ ബിജെപി മന്ത്രി,ചോദ്യം ചെയ്ത് വനംവകുപ്പ് ഉദ്യോഗസ്ഥ; റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ ബഹളം
പ്രതിഷേധക്കാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്

- Published:
26 Jan 2026 4:45 PM IST

മുംബൈ: മഹാരാഷ്ട്ര മുംബൈയിൽ റിപ്പബ്ലിക്ക് ദിന സന്ദേശം പകര്‍ന്നുകൊണ്ട് സംസാരിക്കുന്നതിനിടെ ബിജെപി മന്ത്രി ഭരണഘടനാ ശില്‍പി അംബേദ്കറെ അപമാനിച്ചന്ന് യുവതിയുടെ പരാതി. മഹാരാഷ്ട്ര വനംവകുപ്പ് ഉദ്യോഗസ്ഥ മധുരി ജാഥവാണ് ജലവിഭവ വകുപ്പ് മന്ത്രി ഗിരീഷ് മഹാജന്‍ സംസാരിക്കുന്നതിനിടെ എതിര്‍പ്പ് വ്യക്തമാക്കി രംഗത്തെത്തിയത്. ഇവരുടെ ഇടപെടലിന് പിന്നാലെ അല്‍പ്പസമയം ചടങ്ങ് ബഹളമയമാകുകയായിരുന്നു.
സര്‍ക്കാരിന്‍റെ ഔദ്യോഗിക പരിപാടിയിൽ പതാക ഉയര്‍ത്തിയതിന് ശേഷമുള്ള മന്ത്രിയുടെ സംസാരത്തിനിടെയായിരുന്നു സംഭവം. പ്രസംഗത്തിനിടെ ഭരണഘടനാ ശില്‍പ്പിയായ അംബേദ്കറുടെ പേര് ഒരുതവണ പോലും പരാമര്‍ശിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സദസില്‍ നിന്ന് ഒരു സ്ത്രീ രംഗത്തെത്തുകയായിരുന്നു.
അധികം വൈകാതെ തന്റെ ഇരിപ്പിടത്തില്‍ നിന്ന് ഇവര്‍ എഴുന്നേല്‍ക്കുകയും വേദിക്ക് നേരെ തന്റെ പ്രതിഷേധമുയര്‍ത്തിപ്പിടിച്ച് പാഞ്ഞടുക്കുകയും ചെയ്തു. അപ്രതീക്ഷിതമായ പ്രതിഷേധം സംഘാടകരെ അല്‍പ്പനേരത്തെക്ക് നിസ്സംഗരാക്കിയെങ്കിലും പൊലീസും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇവരെ പിടികൂടി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ പ്രതിഷേധക്കാരിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. 'ഈ പ്രതിഷേധം തന്റെ അവകാശമാണ്. ഇതിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ വരികയാണെങ്കിലും താന്‍ ധൈര്യസമേതം നേരിടും. നിശബ്ധയായി തുടരാന്‍ താന്‍ തയ്യാറല്ല'. അവര്‍ വീഡിയോയില്‍ പറഞ്ഞു. സമത്വം, നീതി എന്നീ ഭരണഘടനാമൂല്യങ്ങളുടെ ശിൽപിയുടെ പേര് എന്തുകൊണ്ടാണ് റിപ്പബ്ലിക്ക് ദിനപരിപാടിയില്‍ പരാമര്‍ശിക്കാതെ പോയതെന്നും അവര്‍ ചോദിച്ചു.
അതേസമയം, അംബേദ്കറിന്റെ പേര് ബോധപൂര്‍വം വിട്ടുപോയതല്ലെന്നും അശ്രദ്ധയില്‍ സംഭവിച്ചുപോയതാണെന്നും മന്ത്രി ഗിരീഷ് മഹാജന്‍ പറഞ്ഞു.
Adjust Story Font
16
