ഇന്ത്യാക്കാരുടെ ഇക്കാര്യങ്ങൾ അമേരിക്കക്കാര്‍ക്ക് ഇഷ്ടമല്ലെന്ന് യുഎസ് വനിത; ആദ്യം ടോയ്‍ലറ്റ് പേപ്പര്‍ ഉപേക്ഷിക്കൂ എന്ന് നെറ്റിസണ്‍സ്
കുടുംബാംഗങ്ങൾ തമ്മില്‍ പരസ്പരം ചെരിപ്പ് ഉപയോഗിക്കുന്നതും ഭക്ഷണം പങ്കുവയ്ക്കുന്നതുമെല്ലാം അമേരിക്കക്കാരെ സംബന്ധിച്ചിടത്തോളം അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങളാണെന്നാണ് ക്രിസ്റ്റീൻ പറയുന്നത്.

ഡല്‍ഹി: ഡല്‍ഹിയിൽ താമസിക്കുന്ന ഒരു അമേരിക്കൻ വനിതയുടെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യൽമീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. അമേരിക്കക്കാര്‍ക്ക് ഇഷ്ടമില്ലാത്ത ഇന്ത്യാക്കാരുടെ ജീവിതചര്യയെക്കുറിച്ചുള്ള പോസ്റ്റാണ് വലിയ വാഗ്വാദത്തിന് വഴിവച്ചത്. ക്രിസ്റ്റീൻ ഫിഷര്‍ എന്ന യുവതിയാണ് ഭര്‍ത്താവ് ടിം ഫിഷറിനൊപ്പമുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യയിൽ കുടുംബാംഗങ്ങൾ തമ്മില്‍ പരസ്പരം ചെരിപ്പ് ഉപയോഗിക്കുന്നതും ഭക്ഷണം പങ്കുവയ്ക്കുന്നതുമെല്ലാം അമേരിക്കക്കാരെ സംബന്ധിച്ചിടത്തോളം അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങളാണെന്നാണ് ക്രിസ്റ്റീൻ പറയുന്നത്.
"അമേരിക്കയിൽ കേട്ടുകേൾവിയില്ലാത്ത പല കാര്യങ്ങളും ഇന്ത്യയിൽ സാധാരണമാണ്. ഇന്ത്യയിൽ സാധാരണമാണെന്ന് ഞങ്ങൾ ശ്രദ്ധിച്ച ചില കാര്യങ്ങൾ ഇതാ, എന്നാൽ ഏതൊരു അമേരിക്കക്കാരനെയും ഇത് അസ്വസ്ഥരാക്കും'' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അമേരിക്കക്കാർ ടോയ്‌ലറ്റ് പേപ്പർ ഉപയോഗിക്കാറുണ്ടെന്നും പലപ്പോഴും ജെറ്റ് സ്പ്രേ ഉപയോഗിക്കുന്ന ആശയം അസ്വസ്ഥതയുണ്ടാക്കുമെന്നും ക്രിസ്റ്റീൻ ചൂണ്ടിക്കാട്ടി.കുടുംബാംഗങ്ങൾ ചെരിപ്പുകള്‍ മാറി ഉപയോഗിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും വീഡിയോയിൽ പറയുന്നു. പല ഇന്ത്യൻ വീടുകളിലും അതിഥികൾക്ക് പോലും കുടുംബാംഗങ്ങളുടെ ചെരിപ്പുകൾ നൽകാറുണ്ടെന്നും ഇത് അമേരിക്കക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. അതുപോലെ കുപ്പിവെള്ളം പങ്കിടുക എന്നത് യുഎസിൽ വൃത്തിയില്ലായ്മയായി കണക്കാക്കപ്പെടുന്നു. അമേരിക്കയിൽ ഒരാളുടെ വെള്ളം മറ്റൊരാളുമായി ഷെയര്‍ ചെയ്യാറില്ലെന്നും ക്രിസ്റ്റീൻ പറയുന്നു.
ഭക്ഷണത്തിന്‍റെ കാര്യത്തിലും ഇരുരാജ്യങ്ങളും തമ്മിൽ വളരെയധികം അന്തരങ്ങളുണ്ട്. ഊണ് മേശയിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് ഇന്ത്യാക്കാരുടെ ശീലം. എന്നാൽ ഭക്ഷണ കാര്യത്തിലും സ്വകാര്യത ഇഷ്ടപ്പെടുന്നവരാണ് ഇന്ത്യാക്കാര്‍. ഇന്ത്യാക്കാരുടെ കൈ കൊണ്ട് ഭക്ഷണം കഴിക്കുന്ന രീതിയെയും വിദേശ വനിത വിമര്‍ശിക്കുന്നുണ്ട്. പരമ്പരാഗത ഭക്ഷണ ശീലത്തെ പരിഹസിച്ചതിനെ നെറ്റിസൺസ് പ്രതിരോധിച്ചു. ഇങ്ങനെ കഴിക്കുന്നത് ഭക്ഷണത്തിന്‍റെ രുചി വര്‍ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി.
ഇന്ത്യൻ കുടുംബം കാറിൽ സഞ്ചരിക്കുമ്പോൾ മാതാപിതാക്കളുടെ മടിയിലാണ് ഇരിക്കുന്നതെന്നും അവര്‍ക്ക് പ്രത്യേക സീറ്റുകൾ ഉണ്ടാകാറില്ലെന്നും ക്രിസ്റ്റീന പറയുന്നു. മാതാപിതാക്കള്‍ക്കൊപ്പം കുട്ടികൾ ഉറങ്ങുന്ന രീതിയെയും വിമര്‍ശിച്ചു. ഇന്ത്യയിൽ ഇത് സര്‍വസാധാരാണമാണെന്നും അമേരിക്കയിൽ കുഞ്ഞുങ്ങൾക്ക് പ്രത്യേക റൂം നൽകാറുണ്ടെന്നും പറഞ്ഞു. കൂടാതെ, വിവാഹശേഷം ഭര്‍തൃകുടുംബത്തിനൊപ്പം താമസിക്കുന്നത് അമേരിക്കയിൽ അപൂർവമായ സംഗതിയാണെന്നും ഇന്ത്യയിൽ കൂട്ടുകുടുംബങ്ങൾ സാധാരണമാണെന്നും അവർ അഭിപ്രായപ്പെട്ടു.
അഞ്ച് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോക്ക് ലഭിച്ചത്. ചിലര്‍ ഇന്ത്യന്‍ പാരമ്പര്യം മുറുകെപ്പിടിച്ച് ഇതിനെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും മറ്റ് ചിലര്‍ നമ്മുടെ ശീലങ്ങൾ അമേരിക്കയുടെതിനെക്കാൾ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. അമേരിക്കക്കാര്‍ ടോയ്‍ലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നതിനെയാണ് ഏറ്റവും കൂടുതൽ പേര്‍ എതിര്‍ത്തത്. ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം ഇത് വൃത്തിയില്ലായ്മയാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടി.
Adjust Story Font
16

