'ബെംഗളൂരുവിൽ ഒരു പേയിംഗ് ഗസ്റ്റ് സ്ഥാപനം, മാസാമാസം വാടക വാങ്ങുക അതാണെന്‍റെ സ്വപ്ന ജോലി'; വൈറലായി യുവതിയുടെ പോസ്റ്റ്
പേയിംഗ് ഗസ്റ്റ് സ്ഥാപനങ്ങൾ ബെംഗളൂരുവിലെ ഏറ്റവും വലിയ ലാഭം കൊയ്യുന്ന ബിസിനസായി മാറിക്കൊണ്ടിരിക്കുകയാണ്

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരു ലോകത്തിൽ തന്നെ അതിവേഗം വളരുന്ന നഗരങ്ങളിൽ ഒന്നാണ്. ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരമായ ഇവിടെ ഏകദേശം 65 ലക്ഷം പേര്‍ വസിക്കുന്നുണ്ടെന്നാണ് കണക്ക്. പേയിംഗ് ഗസ്റ്റുകളായും വാടക വീടുകളിലും ഫ്ലാറ്റുകളിലുമായി നിരവധി പേരാണ് ഇവിടെ താമസിക്കുന്നുണ്ട്. പേയിംഗ് ഗസ്റ്റ് സ്ഥാപനങ്ങൾ ബെംഗളൂരുവിലെ ഏറ്റവും വലിയ ലാഭം കൊയ്യുന്ന ബിസിനസായി മാറിക്കൊണ്ടിരിക്കുകയാണ്.
ഒരു റൂമിൽ തന്നെ ഡബിൾ ഡെക്കര്‍, ത്രിബിൾ ഡെക്കര്‍ ബെഡ് ഇട്ട് അഞ്ചും ആറും പേരെ കുത്തിനിറച്ച് പതിനായിരങ്ങളാണ് വാടകയിനത്തിൽ കൈപ്പറ്റുന്നത്. ഇതിനിടെ മൊണാലിക പട്നായിക് എന്ന യുവതി എക്സിൽ പങ്കുവച്ച പോസ്റ്റ് ചര്‍ച്ചയായിരിക്കുകയാണ്. " ബെംഗളൂരുവിൽ ഒരു പിജി ഉടമയാകുക എന്നതാണ് എൻ്റെ സ്വപ്ന ജോലി. ഒന്നും ചെയ്യാതിരിക്കുക, മാസാമാസം വാടക വാങ്ങുക, ഒരിക്കലും സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ചോദിക്കരുത്." എന്നായിരുന്നു മൊണാലികയുടെ പോസ്റ്റ്. മൂന്ന് ലക്ഷത്തിലധികം പേരാണ് ഈ പോസ്റ്റിനോട് പ്രതികരിച്ചത്. നിരവധി പേരാണ് പേയിംഗ് ഗസ്റ്റ് സ്ഥാപനവുമായി ബന്ധപ്പെട്ട തങ്ങളുടെ മോശം അനുഭവങ്ങൾ പങ്കുവച്ചത്.
my dream job is to become a pg owner in banglore, do nothing, get a whooping rent at the end of every month and not return the security deposit
— Monalika Patnaik (@MonalikaPatnaik) March 1, 2025
“സ്റ്റാർട്ടപ്പുകളെ മറക്കുക, ഇന്ത്യയിലെ യഥാർഥ യൂണികോണുകൾ ബാംഗ്ലൂർ പിജി ഉടമകളാണ്. പൂജ്യം നിക്ഷേപം, നല്ല വരുമാനം, റീഫണ്ടുകളൊന്നുമില്ല. ഐതിഹാസിക ബിസിനസ് മോഡൽ. ” ഒരാൾ പ്രതികരിച്ചു. ബെംഗളൂരുവിലെ പിജി ഉടമകൾ മുറികളുടെ എണ്ണമനുസരിച്ച് പ്രതിമാസം 2.5 ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ സമ്പാദിക്കുന്നു'' മറ്റൊരാള്‍ ചൂണ്ടിക്കാട്ടി. പിജി എന്നത് നല്ലൊരു ബിസിനസ് ഐഡിയ ആണെന്നും 2014-15 തൊട്ട് ഈ ആശയം തന്‍റെ മനസിലുണ്ടെന്നും എന്നാല്‍ കേവലം ബിസിനസ് എന്നതിലുപരി വൃത്തിയുള്ള മുറിയും നല്ല ഭക്ഷണവും നല്‍കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്നും ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
ബെംഗളൂരുവിലെ വാടകക്കൊള്ളയും ഈയിടെ സോഷ്യൽമീഡിയയിൽ ചര്‍ച്ചയായിരുന്നു. ഒരു ബെഡ് റൂം ഫ്ലാറ്റിന് 25000 രൂപ തൊട്ടാണ് ഇവിടുത്തെ മാസ വാടക. നിന്നുതിരിയാന്‍ പോലും സ്ഥലമില്ലാത്ത ഫ്ലാറ്റിനാണ് ഇത്രയും തുക വാടകയിനത്തില്‍ വാങ്ങുന്നത്.
Adjust Story Font
16

