Quantcast

'ഹിജാബ് ധരിച്ച സ്ത്രീകളെ കാരിക്കേച്ചറുകളായി കാണരുത്; അവര്‍ക്ക് അന്തസ്സുണ്ട്'-ഹരജിക്കാർ സുപ്രിംകോടതിയിൽ

''ഹിജാബ് ധരിക്കുന്ന സ്ത്രീകളെ മാന്യമായി കാണാൻ തയാറാകണം. അവർ ഇച്ഛാശക്തിയുള്ള സ്ത്രീകളാണ്. അവർക്കുമേൽ ആർക്കും തങ്ങളുടെ വിധിതീർപ്പുകൾ അടിച്ചേൽപ്പിക്കാനാകില്ല.''

MediaOne Logo

Web Desk

  • Updated:

    2022-09-13 00:43:38.0

Published:

12 Sep 2022 5:07 PM GMT

ഹിജാബ് ധരിച്ച സ്ത്രീകളെ കാരിക്കേച്ചറുകളായി കാണരുത്; അവര്‍ക്ക് അന്തസ്സുണ്ട്-ഹരജിക്കാർ സുപ്രിംകോടതിയിൽ
X

ന്യൂഡൽഹി: ഹിജാബ് ധരിക്കുന്ന സ്ത്രീകളല്ലെന്നും അവരെ മാന്യമായി കാണണണെന്നും സുപ്രിംകോടതിയിൽ ഹരജിക്കാർ. സ്‌കൂളുകളിൽ ഹിജാബ് വിലക്കിക്കൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജിയിലാണ് പരാതിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ യൂസുഫ് മച്ചാല ഇക്കാര്യം വ്യക്തമാക്കിയത്. തലപ്പാവ് ധരിക്കുന്നതിന് വിരോധമില്ലെങ്കിൽ എന്തിനാണ് തലമറക്കുന്നത് എതിർക്കുന്നതെന്നും അദ്ദേഹം കോടതിയിൽ ചോദിച്ചു.

'കോടതി ഖുർആൻ വ്യാഖ്യാനത്തിലേക്ക് പോകരുത്'

ഈ കുട്ടികൾ ചെയ്യുന്ന കുറ്റമെന്താണ്? ഒരു കഷണം തുണി തലയിൽവച്ചതാണോ? ഹിജാബ് ധരിക്കുന്ന സ്ത്രീകളെ മാന്യമായി കാണാൻ തയാറാകണം. അവർ ഇച്ഛാശക്തിയുള്ള സ്ത്രീകളാണ്. അവർക്കുമേൽ ആർക്കും തങ്ങളുടെ വിധിതീർപ്പുകൾ അടിച്ചേൽപ്പിക്കാനാകില്ല-അഭിഭാഷകൻ വ്യക്തമാക്കി.

മനഃസാക്ഷിയുടെ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നിങ്ങനെ രണ്ട് അവകാശങ്ങൾ ഭരണഘടന നൽകുന്നുണ്ട്. അവ രണ്ടും പരസ്പരം പൂരകങ്ങളുമാണ്. ഖുർആൻ വ്യാഖ്യാനം ചെയ്തുകൊണ്ട് ഹിജാബ് മതത്തിൽ നിർബന്ധമാണോ എന്ന തരത്തിലേക്കൊന്നും കോടതി പോകരുതായിരുന്നു. കോടതിക്ക് പ്രത്യേക പരിജ്ഞാനമില്ലാത്ത മേഖലയാണതെന്നും യൂസുഫ് മച്ചാല കൂട്ടിച്ചേർത്തു.

സാംസ്‌കാരിക സമന്വയത്തിലൂടെയാണ് നാനാത്വത്തിൽ ഏകത്വമുണ്ടാകുന്നത്-സൽമാൻ ഖുർഷിദ്

യൂനിഫോം ധരിക്കണമെന്ന കാര്യത്തിൽ തർക്കമില്ല, എന്നാൽ അതോടൊപ്പം സ്വന്തം സംസ്‌കാരത്തിൽ സുപ്രധാനമായ വേഷം കൂടി ധരിക്കാനാകുമോ എന്നതാണ് വിഷയമെന്ന് ഒരു വിഭാഗം ഹരജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ് കോടതിയിൽ ചോദിച്ചു. ഹിജാബ് മതത്തിൽ നിർബന്ധമാണോ എന്ന കോടതിയുടെ ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. ഹിജാബിനെ മതമായും മനഃസാക്ഷിയായും സംസ്‌കാരമായും വ്യക്തിപരമായ അന്തസ്സും സ്വകാര്യതയുമെല്ലാമായി കാണാമെന്ന് ഖുർഷിദ് വിശദീകരിച്ചു.

ഇക്കാര്യത്തിൽ ഇസ്ലാമിൽ നിർബന്ധിതം, നിർബന്ധമില്ലാത്തത് എന്ന തരത്തിലുള്ള ദ്വന്ദ്വമില്ല. ഖുർആനിൽ പറഞ്ഞതെല്ലാം നിർബന്ധമാണ്. ഖുർആൻ സൂക്തങ്ങൾ മനുഷ്യനിർമിതമല്ല. പ്രവാചകനിലൂടെ അവതീർണമായ ദൈവവചനങ്ങളാണ്. അവ നിർബന്ധവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യൂനിഫോം ഒഴിവാക്കണമെന്നല്ല, അതോടൊപ്പം അധികമായുള്ള വേഷം കൂടി ധരിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യ. സാംസ്‌കാരിക സമന്വയങ്ങളുടെ സംരക്ഷണത്തിൽനിന്നാണ് നാനാത്വത്തിൽ ഏകത്വമുണ്ടാകുന്നതെന്നും സൽമാൻ ഖുർഷിദ് കൂട്ടിച്ചേർത്തു.

ഈയാഴ്ച വാദം തീർക്കും

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയതിനെതിരായ ഹരജികളിൽ ഈയാഴ്ച വാദം പൂർത്തിയാക്കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് സുപ്രിംകോടതി. ബുധനാഴ്ചയോടെ ഹരജിക്കാരുടെ വാദം തീർക്കണമെന്നാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത നിർദേശിച്ചിരിക്കുന്നത്. കേസിൽ ബുധനാഴ്ച വാദം തുടരും.

ഹിജാബ് ധരിക്കുന്നത് മതാചാരത്തിന്റെ ഭാഗമാണെന്ന് കേരള ഹൈക്കോടതിയുടെയും മദ്രാസ് ഹൈക്കോടതിയുടെയും വിധികളുണ്ടെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ ദേവദത്ത് കാമത്ത് നേരത്തെ വാദിച്ചിരുന്നു. ഈ വിധികൾക്ക് എതിരാണ് കർണാടക ഹൈക്കോടതി സ്വീകരിച്ച സമീപനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യൂനിഫോം നിശ്ചയിക്കുന്ന കോളജ് വികസനസമിതിയിൽ എം.എൽ.എമാരെ ഉൾപ്പെടുത്തിയ സർക്കാർ ഉത്തരവിനെയും ഹരജിക്കാർ എതിർത്തിട്ടുണ്ട്. സിഖ് വിഭാഗം അണിയുന്ന തലപ്പാവുമായി ഹിജാബിനെ താരതമ്യം ചെയ്യാനാവില്ലെന്ന് കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.

Summary: Women wearing hijab must be looked at with dignity, not as caricatures: Petitioners to SC

TAGS :

Next Story