'ബിഹാറിൽ മത്സരിക്കില്ല, അതാണ് പാര്‍ട്ടിയുടെ തീരുമാനം'; പ്രശാന്ത് കിഷോര്‍
പാർട്ടിയുടെ വലിയ താൽപര്യം മുൻനിർത്തി ഞങ്ങൾ എടുത്ത തീരുമാനമായിരുന്നു അത്

പ്രശാന്ത് കിഷോര്‍ Photo| HT
പറ്റ്ന: നവംബറിൽ നടക്കാനിരിക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ജൻ സൂരജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ. തന്‍റെ പാർട്ടിയുടെ വലിയ നന്മയ്ക്കായിട്ടാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
"പാർട്ടിയുടെ വലിയ താൽപര്യം മുൻനിർത്തി ഞങ്ങൾ എടുത്ത തീരുമാനമായിരുന്നു അത്. ഞാൻ മത്സരിച്ചിരുന്നെങ്കിൽ, അത് ആവശ്യമായ സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് എന്നെ വ്യതിചലിപ്പിക്കുമായിരുന്നു" കിഷോർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു .
ബിഹാറിലെ രഘോപൂർ സീറ്റിൽ ആർജെഡിയുടെ തേജസ്വി യാദവിനെതിരെ തന്‍റെ പാർട്ടിയുടെ മറ്റൊരു സ്ഥാനാർഥിയെ നിർത്തിയതും കൂട്ടായ തീരുമാനത്തിന്‍റെ ഫലമായാണെന്നും കിഷോർ വ്യക്തമാക്കി. രഘോപൂരിൽ പ്രശാന്ത് കിഷോറും തേജസ്വി യാദവും തമ്മിൽ മത്സരം നടക്കുമെന്ന് നേരത്തെ കരുതിയിരുന്നെങ്കിലും പകരം ജൻ സുരാജ് പാർട്ടി ഒരു പ്രാദേശിക വ്യവസായിയായ ചഞ്ചൽ സിങ്ങിനെയാണ് ആ സീറ്റിൽ നിന്ന് നിർത്തിയത്.
VIDEO | EXCLUSIVE: "No, I won't contest. Party has decided... I will continue to do the work I have been doing in the party. I will continue with the organisational work for the larger interest of the party," Jan Suraaj (@PrashantKishor) founder Prashant Kishor said responding to… pic.twitter.com/aYpbz9mpth
— Press Trust of India (@PTI_News) October 15, 2025
"ബിഹാർ തെരഞ്ഞെടുപ്പിൽ ജൻ സൂരജ് പാർട്ടി വിജയിച്ചാൽ, അത് രാജ്യവ്യാപകമായി സ്വാധീനം ചെലുത്തും. ദേശീയ രാഷ്ട്രീയത്തിന്‍റെ ദിശ വ്യത്യസ്തമായ ഒരു ദിശയിലേക്ക് നയിക്കും" കിഷോർ ഉറപ്പിച്ചു പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പാര്‍ട്ടിയുടെ സാധ്യതകളിൽ പ്രശാന്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. മത്സരം പാർട്ടിക്ക് വലിയ വിജയമോ പൂർണ പരാജയമോ ആകും. "10 സീറ്റുകളിൽ താഴെയോ 150 സീറ്റുകളിൽ കൂടുതലോ ലഭിക്കുമെന്നും അതിനിടയിൽ ഒന്നും ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രശാന്ത് കിഷോറിന്റെ പാർട്ടി ഇതുവരെ മൂന്ന് സ്ഥാനാർഥി പട്ടികകൾ പുറത്തിറക്കിയിട്ടുണ്ട്. 243 സീറ്റുകളുള്ള ബിഹാർ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബർ 6 നും 11 നും നടക്കും. നവംബർ 14നാണ് വോട്ടെണ്ണൽ.
Adjust Story Font
16

