Quantcast

'സ്ത്രീകൾ പുരുഷസ്വഭാവം സ്വീകരിച്ചാൽ രാക്ഷസികളാകും'; വനിതാ സംവരണത്തെ എതിർത്ത് 2010ൽ യോഗി പറഞ്ഞത്

''തദ്ദേശതലത്തിലെ വനിതാ സംവരണം കുട്ടികളെ നോക്കുന്നതടക്കമുള്ള സ്ത്രീകളുടെ ഗാർഹിക ചുമതലകളെ ബാധിക്കുന്നുണ്ടോ എന്നു വിലയിരുത്തണം. വിജയമാണെങ്കിൽ മാത്രമേ പാർലമെന്റിലേക്കും അതു വ്യാപിപ്പിക്കാൻ പാടുള്ളൂ.''

MediaOne Logo

Web Desk

  • Published:

    19 Sep 2023 8:36 AM GMT

What Gorakhpur MP Yogi Adityanath said in 2010 to counter Women’s Reservation Bill, Yogi Adityanath against women’s reservation bill in 2010, BJP against women’s reservation bill
X

യോഗി ആദിത്യനാഥ്

ന്യൂഡൽഹി: വനിതാ സംവരണ ബിൽ നിയമമാകാനിരിക്കെ ചർച്ചയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പഴയ പരാമർശങ്ങൾ. 2010ൽ ബിൽ മൻമോഹൻ സിങ് സർക്കാർ കൊണ്ടുവരുമ്പോൾ കടുത്ത വിമർശനമാണ് യോഗി ഉയര്‍ത്തിയത്. ബിൽ നിയമമായാൽ അത് ഇന്ത്യൻ രാഷ്ട്രീയവ്യവസ്ഥയെ തന്നെ മുക്കിക്കൊല്ലുമെന്നായിരുന്നു യോഗിയുടെ വാദം. സ്ത്രീകൾ പുരുഷസ്വഭാവം സ്വീകരിച്ചാൽ അവർ രാക്ഷസികളാകുമെന്നു വരെ കടന്നുപറയുകയും ചെയ്തു അദ്ദേഹം.

യു.പി.എ സർക്കാർ കൊണ്ടുവന്ന വനിതാ സംവരണ ബില്ലിനെ അനുകൂലിക്കാനാണ് ബി.ജെ.പി നേതൃത്വം തത്വത്തിൽ തീരുമാനിച്ചതെങ്കിലും യോഗിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ കടുത്ത എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. ബില്ലിനെ അതേപ്പടി അംഗീകരിക്കുമെന്ന് അന്ന് ബി.ജെ.പി വക്താവായിരുന്ന നിർമല സീതാരാമൻ വ്യക്തമാക്കിയപ്പോൾ വിഷയത്തിൽ പാർട്ടി എം.പിമാർക്കിടയിൽ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നാണ് യോഗി അന്ന് 'ഹിന്ദുസ്ഥാൻ ടൈംസി'നോട് പ്രതികരിച്ചത്. യു.പിയിലെ ഗോരക്പൂരിൽനിന്നുള്ള എം.പിയായിരുന്നു യോഗി. ചർച്ച നടന്നില്ലെങ്കിൽ എം.പി സ്ഥാനം രാജിവയ്ക്കുമെന്നു ഭീഷണിയും മുഴക്കിയിരുന്നു.

''ബില്ലിനെ അനുകൂലിക്കാൻ വിപ്പ് ലഭിച്ചിട്ടുണ്ടെങ്കിലും ഞങ്ങളെല്ലാം ജനങ്ങളുടെ പ്രതിനിധികളാണ്. ആരുടെയെങ്കിലും തൊഴിലാളികളല്ല. വനിതാ സംവരണത്തിൽ എം.പിമാരുമായി ചർച്ച നടത്താൻ അദ്വാനിയുടെ വസതിയിൽ നടന്ന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. അതു നടന്നില്ലെങ്കിൽ ഞാൻ എം.പി സ്ഥാനം രാജിവയ്ക്കും. ഡൽഹിയിലെ എ.സി മുറിയിൽ ഇരിക്കുന്ന ആളുകളല്ല പൊതുനിയമങ്ങൾ തീരുമാനിക്കേണ്ടത്.''-യോഗി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

''ഈ ബിൽ ഇന്ത്യൻ രാഷ്ട്രീയവ്യവസ്ഥയെ മുക്കിക്കൊല്ലും. നിലവിൽ തദ്ദേശതലത്തിൽ വനിതാ സംവരണമുണ്ട്. ഇത് കുട്ടികളുടെ പരിചരണം പോലെയുള്ള സ്ത്രീകളുടെ ഗാർഹിക ചുമതലകളെ ബാധിക്കുന്നുണ്ടോ എന്നു വിലയിരുത്തണം. അത്ര നല്ല സാഹചര്യമല്ല ഇപ്പോഴുള്ളത്. എന്നാലും, പരീക്ഷണാടിസ്ഥാനത്തിൽ അതു തുടരണം. വിജയകരമാണെങ്കിൽ മാത്രമേ പാർലമെന്റിലേക്കും അതു വ്യാപിപ്പിക്കാൻ പാടുള്ളൂ.''-അദ്ദേഹം തുടരുന്നു.

പുരുഷന്മാർ സ്ത്രീസ്വഭാവങ്ങൾ സ്വാംശീകരിച്ചാൽ അവർ ദേവന്മാരാകുകയാണു ചെയ്യുക. എന്നാൽ, സ്ത്രീകൾ പുരുഷസ്വഭാവം വരിച്ചാൽ അവർ രാക്ഷസികളായി മാറുമെന്നും യോഗി അധിക്ഷേപിച്ചു. സ്ത്രീ വിമോചനം എന്ന പടിഞ്ഞാറൻ ആശയങ്ങൾ ഇന്ത്യൻ സാഹചര്യത്തിൽ കൃത്യമായി വിലയിരുത്തപ്പെടണമെന്നും യോഗി ആവശ്യപ്പെട്ടിരുന്നു.

Summary: ''If men develop feminine traits, they become gods, but if women develop masculine traits they become demons'': What then Gorakhpur MP Yogi Adityanath said in 2010 to counter Women’s Reservation Bill

TAGS :

Next Story