'നിങ്ങളതില്‍ മസാല ചേര്‍ത്തു'; അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്ന കങ്കണയുടെ ഹരജി സുപ്രിംകോടതി തള്ളി
ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി

ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ ബോളിവുഡ് നടിയും എംപിയുമായ കങ്കണ റണാവത്തിന് തിരിച്ചടി. 2021ലെ കര്‍ഷക സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അപമാനിച്ചെന്ന് കാട്ടി മഹിന്ദര്‍ കൗര്‍ എന്ന വയോധിക നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി.
ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി നേരത്തെ പഞ്ചാബ്–ഹരിയാന ഹൈക്കോടതിയും തള്ളിയിരുന്നു. കങ്കണയുടെ പരാമര്‍ശം നല്ല ഉദ്ദേശ്യത്തോട് കൂടിയോ പൊതുനന്മയ്ക്ക് ഉതകുന്നതോ അല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി.
യഥാര്‍ത്ഥ ട്വീറ്റിനെതിരെയല്ല, അത് റീട്വീറ്റ് ചെയ്ത വ്യക്തിക്ക് എതിരെയാണ് പരാതിക്കാരി നിയമ നടപടി സ്വീകരിച്ചത് എന്ന് കങ്കണയുടെ അഭിഭാഷകന്‍ കോടതിയിൽ പറഞ്ഞു. ഈ വാദത്തെ ശക്തമായി എതിര്‍ത്ത കോടതി റീ ട്വീറ്റ് ചെയ്യുക മാത്രമല്ല അതില്‍ മസാല ചേര്‍ത്തു എന്നും കുറ്റപ്പെടുത്തി. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ നിബന്ധിക്കരുതെന്നും അത് വിചാരണയെ ബാധിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
2021ലെ കർഷക സമരത്തിൽ പങ്കെടുത്ത മഹീന്ദർ കൗർ എന്ന 73 വയസുകാരിക്കെതിരെയാണ് കങ്കണ അന്ന് അധിക്ഷേപകരമായ ട്വീറ്റിട്ടത്. 'പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) എന്നിവയ്ക്ക് എതിരായ ഷഹീന്‍ ബാഗ് പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ബിൽക്കിസ് ബാനു എന്ന മുത്തശ്ശി തന്നെയാണ് കര്‍ഷക സമരത്തില്‍ പങ്കെടുത്ത മഹിന്ദര്‍ കൗര്‍' എന്നതായിരുന്നു കങ്കണയുടെ ആക്ഷേപം. ഇവരെ പോലെയുള്ള പ്രതിഷധക്കാരെ വാടകയ്ക്ക് എടുക്കുകയാണെന്നും കങ്കണ ആക്ഷേപിച്ചിരുന്നു.
തുടർന്ന് മഹീന്ദർ കൗർ കങ്കണക്കെതിരെ മാനനഷ്ടക്കേസ് നൽകുകയായിരുന്നു. കേസിൽ പഞ്ചാബിലെ ബത്തിൻഡ കോടതിയാണ് കങ്കണക്ക് ഹാജരാകാൻ സമൻസ് അയച്ചത്.
Adjust Story Font
16

