തടി കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് കഴിച്ച് 19കാരി മരിച്ചു; കേസെടുത്ത് പൊലീസ്
ശരീരഭാരം കുറയ്ക്കാൻ ബോറാക്സ് എന്ന രാസവസ്തു ഉപയോഗിച്ചുള്ള മരുന്ന് കഴിച്ചാൽ മതിയെന്നായിരുന്നു യൂട്യൂബ് വീഡിയോയിൽ പറഞ്ഞിരുന്നത്.

മധുര: തടി കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ച യുവതിക്ക് ദാരുണാന്ത്യം. തമിഴ്നാട് മധുര മീനാമ്പൽപുരത്തെ കലൈയരസി (19) ആണ് മരിച്ചത്. യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചതിന് പിന്നാലെയായിരുന്നു സംഭവം.
ശരീരഭാരം കുറയ്ക്കാൻ ബോറാക്സ് എന്ന രാസവസ്തു ഉപയോഗിച്ചുള്ള മരുന്ന് കഴിച്ചാൽ മതിയെന്ന് ഒരു യൂട്യൂബ് വീഡിയോയിൽ കണ്ടിരുന്നതായി കലൈയരസി പറഞ്ഞതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. വീഡിയോയിൽ പറഞ്ഞതുപ്രകാരം, ജനുവരി 16ന് ഈസ്റ്റ് മാസി സ്ട്രീറ്റിലെ ഒരു മരുന്നുകടയിൽ നിന്ന് അവർ ഉത്പന്നം വാങ്ങി.
പിറ്റേന്ന് രാവിലെ ഒമ്പതോടെ കലൈയരസി ഈ മരുന്ന് കഴിക്കുകയും പിന്നാലെ ഛർദിയും വയറിളക്കവും ഉണ്ടാവുകയും ചെയ്തു. ഉടൻ മാതാപിതാക്കൾ മുനിച്ചലൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിസ്ചാർജായെങ്കിലും വൈകുന്നേരത്തോടെ ബുദ്ധിമുട്ട് കൂടുകയും അടുത്തുള്ള ക്ലിനിക്കിൽ ചികിത്സ തേടുകയും ചെയ്തു.
എന്നാൽ രാത്രി 11 മണിയോടെ നില വീണ്ടും വഷളാവുകയും യുവതിയെ രാജാജി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ കലൈയരസിയുടെ പിതാവിന്റെ പരാതിയിൽ സെല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Adjust Story Font
16

