Quantcast

കേന്ദ്ര നിര്‍ദേശം: നിജ്ജാറിന്റെ കൊലപാതകം സംബന്ധിച്ച സിബിസി റിപ്പോര്‍ട്ട് രാജ്യത്ത് വിലക്കി യൂട്യൂബ്

നിജ്ജാറിന്റേത് ആസൂത്രിത കൊലപാതകമാണെന്നും അതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നും വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്.

MediaOne Logo

Web Desk

  • Updated:

    2024-03-14 07:06:32.0

Published:

14 March 2024 6:57 AM GMT

Hardeep Singh Nijjar
X

ഡല്‍ഹി: ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കനേഡിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ (സിബിസി) പുറത്തുവിട്ട റിപ്പോര്‍ട്ട് യൂട്യൂബ് ഇന്ത്യയില്‍ വിലക്കി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിതെന്ന് സിബിസി അറിയിച്ചു.

നിജ്ജറിന്റെ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഒരു ഡോക്യുമെന്ററിയാണ് സിബിസി പുറത്തുവിട്ടിരുന്നത്. കാനഡ സര്‍ക്കാരിന്റെ കീഴില്‍ വരുന്ന സിബിസി തയ്യാറാക്കിയ 45 മിനുട്ട് വരുന്ന വിഡിയോയില്‍ നിജ്ജാറിന്റെ കൊലപാതക ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിജ്ജാറിന്റേത് ആസൂത്രിത കൊലപാതകമാണെന്നും അതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നും വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്.

'ദി ഫിഫ്ത്ത് സ്റ്റേറ്റ്' എന്ന പരിപാടിയിലാണ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചാനല്‍ പുറത്തുവിട്ടത്. ഇതില്‍ ഖലിസ്ഥാന്‍ നേതാവും സിഖ് ഫോര്‍ ജസ്റ്റിസിന്റെ നിയമോപദേശകനും വക്താവുമായ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ സംസാരിക്കുന്നുണ്ട്.

വിഡിയോ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തില്‍ നിന്നും ഉത്തരവ് ലഭിച്ചതായി യൂട്യൂബ് സിബിസിയെ അറിയിച്ചു. ഇന്ത്യയില്‍ നിന്നും വിഡിയോ കാണാനുള്ള സാഹചര്യം ഒഴിവാക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ലോകത്തിന്റെ മറ്റെവിടെ നിന്നും വിഡിയോ കാണാനാവും.

സമൂഹമാധ്യമത്തിലും ഈ റിപ്പോര്‍ട്ട് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയം എക്‌സിനെ സമീപിച്ചതായും സിബിസി അറിയിച്ചു. എന്നാല്‍ ഈ നീക്കത്തോട് ശക്തമായ വിയോജിപ്പുണ്ടെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണിതെന്നും സിബിസിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം റിപ്പോര്‍ട്ട് ആധികാരികമായ ഗവേഷണങ്ങള്‍ക്കും പഠനത്തിനും ശേഷം തയ്യാറാക്കിയതാണെന്ന് സിബിസി വക്താവ് പ്രതികരിച്ചു.

നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. ഇക്കാര്യത്തില്‍ ഇന്ത്യക്കെതിരെ വിശ്വസനീയമായ തെളിവുകള്‍ ഉണ്ടെന്ന് കാനഡ അറിയിച്ചിരുന്നു. രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞ ദിവസമാണ് നിജ്ജാറിനെ കൊലപ്പെടുത്തുന്ന വിഡിയോ പുറത്തുവന്നത്. സിഖ് വോട്ടര്‍മാരെ ധ്രുവീകരിക്കുന്നതിന് ഇത് കാരണമാവുമെന്നാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ കണക്കുകൂട്ടല്‍. ഇതിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് നിരോധിച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

കഴിഞ്ഞ ജൂണിലാണ് ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയിലെ ഗുരുദ്വാരയിലെ പാര്‍ക്കിങ്ങില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.

TAGS :

Next Story