വിദ്യാര്‍ഥിസമരത്തെ തെറ്റായി ചിത്രീകരിച്ച് വാര്‍ത്ത നല്‍കി; എസ്‌ഐഒ പരാതിയില്‍ സീ ന്യൂസിന് രണ്ട് ലക്ഷം പിഴയിട്ട് എന്‍ബിഡിഎസ്എ
സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ ഒന്നടങ്കം ബാധിക്കുന്ന ഫീസ് വര്‍ധനവിനെതിരെ എസ്‌ഐഒ സംഘടിപ്പിച്ച സമരത്തിനിടയിലെ ഫലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടി, തെറ്റിദ്ധാരണ പരത്തുന്ന രീതിയിലാണ് ചാനല്‍ വാര്‍ത്ത കൈകാര്യം ചെയ്തതെന്ന് എന്‍ബിഡിഎസ്എ അന്വേഷണത്തില്‍ കണ്ടെത്തി

- Published:
13 Sept 2026 7:39 AM IST

ന്യൂഡല്‍ഹി: അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ഫീസ് വര്‍ധനവിനെതിരെ നടത്തിയ സമരത്തെ തെറ്റായി ചിത്രീകരിച്ചെന്ന പരാതിയില്‍ സീ ന്യൂസിന് രണ്ട് ലക്ഷം പിഴ ചുമത്തി എന്‍ബിഡിഎസ്എ(ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി). സമരത്തിലെ ഫലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതും പ്രകോപനപരവുമായ രീതിയില്‍ ചിത്രീകരിച്ച് വാര്‍ത്താ നല്‍കിയതിനാണ് നടപടി. സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍(എസ്‌ഐഒ) അഖിലേന്ത്യാ സെക്രട്ടറി തല്‍ഹ മന്നാന്‍ നല്‍കിയ പരാതിയിലാണ് നടപടി.
ഫീസ് വര്‍ധനവിനെതിരായ സമരത്തെ കുറിച്ച് യഥാര്‍ത്ഥമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം വിദ്യാര്‍ഥികള്‍ക്ക് നേരെ പ്രകോപനപരമായ രീതിയിലുള്ള പ്രചാരണം നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. പിഴ കൂടാതെ, പ്രസ്തുത വീഡിയോകള്‍ വെബ്‌സൈറ്റില്‍ നിന്നും യൂട്യൂബില്‍ നിന്നും നീക്കം ചെയ്യണമെന്നും എന്‍ബിഡിഎസ്എ ആവശ്യപ്പെട്ടിട്ടുണ്ട്. വാര്‍ത്തയുടെ വീഡിയോ വിശദമായി പരിശോധിച്ച എന്‍ബിഡിഎസ്എ, ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടി കൈക്കൊണ്ടത്.
സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ ഒന്നടങ്കം ബാധിക്കുന്ന ഫീസ് വര്‍ധനവിനെതിരെ എസ്‌ഐഒ സംഘടിപ്പിച്ച സമരത്തിനിടയിലെ ഫലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടി, തെറ്റിദ്ധാരണ പരത്തുന്ന രീതിയിലാണ് ചാനല്‍ വാര്‍ത്ത കൈകാര്യം ചെയ്തതെന്ന് എന്‍ബിഡിഎസ്എ അന്വേഷണത്തില്‍ കണ്ടെത്തി. സര്‍വകലാശാലയിലെ ഫീസ് വര്‍ധനവും അഡ്മിഷന്‍ പ്രക്രിയകളിലെ ക്രമക്കേടുകളും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വിദ്യാര്‍ഥികളുടെ സമരം.
വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളെയും യഥാര്‍ഥ പ്രശ്‌നങ്ങളെയും അവഗണിച്ചുകൊണ്ട്, പ്രകോപനപരമായ രീതിയിലാണ് വാര്‍ത്ത തയ്യാറാക്കിയതെന്നും എന്‍ബിഡിഎസ്എ നിരീക്ഷിച്ചു. അതേസമയം, എന്‍ഡിബിഡിഎസ്എ ഉത്തരവിനെ എസ്‌ഐഒ സ്വാഗതം ചെയ്തു. ഉത്തരവാദിത്തത്തോടെയുള്ള മാധ്യമപ്രവര്‍ത്തനം, റിപ്പോര്‍ട്ടിങ് എന്നിവക്കുള്ള അംഗീകാരമാണ് എന്‍ബിഡിഎസ്എയുടെ ഉത്തരവെന്നും ഫലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ കുറ്റമല്ലെന്നും എസ്‌ഐഒ പ്രതികരിച്ചു.
Adjust Story Font
16
