Quantcast

നയൻതാര ചിത്രം 'അന്നപൂരണി'യിലെ രം​ഗം: വിഎച്ച്പിയോട് മാപ്പ് പറഞ്ഞ് സീ സ്റ്റുഡിയോസ്; ചിത്രം പിൻവലിക്കും

ചിത്രം എഡിറ്റ് ചെയ്യുന്നത് വരെ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ നിന്ന് നീക്കാൻ നെറ്റ്ഫ്ലിക്സിന് നിർദേശം നൽകിയതായി സീ സ്റ്റുഡിയോസ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

MediaOne Logo

Web Desk

  • Published:

    11 Jan 2024 8:33 AM GMT

Zee Studios apologizes to VHP over Scene from Nayantharas film Annapoorani
X

ന്യൂഡൽഹി: നയൻതാര ചിത്രമായ അന്നപൂരണിയിലെ രം​ഗം മതവികാരം വ്രണപ്പെടുത്തെന്ന ആരോപണവും ഭീഷണിയും ഉയരുകയും കേസെടുക്കുകയും ചെയ്തതിനു പിന്നാലെ മാപ്പുമായി സിനിമയുടെ നിർമാതാക്കളിൽ ഒന്നായ സീ സ്റ്റുഡിയോസ്. സംഘ്പരിവാർ സംഘടനയായ വിഎച്ച്പിയോടാണ് സീ സ്റ്റുഡിയോസ് അധികൃതർ മാപ്പ് പറഞ്ഞത്.

സിനിമയുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പരിഹരിക്കാനാവാശ്യമായ നടപടികൾ സ്വീകരിക്കാൻ തങ്ങളുടെ സഹ- നിർമാതാക്കളായ ട്രൈഡന്റ് ആർട്‌സുമായി കാര്യങ്ങൾ ഏകോപിക്കുന്നുണ്ട്. ചിത്രം എഡിറ്റ് ചെയ്യുന്നത് വരെ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ നിന്ന് നീക്കാൻ നെറ്റ്ഫ്ലിക്സിന് നിർദേശം നൽകിയതായും സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ്‌ അധികൃതർ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

'സിനിമയുടെ സഹ നിർമാതാക്കൾ എന്ന നിലയിൽ ഹിന്ദുക്കളുടെയും ബ്രാഹ്മണരുടേയും മതവികാരം വ്രണപ്പെടുത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. അതിനാൽ, ഈ സമുദായങ്ങളുടെ വികാരങ്ങൾ വ്രണപ്പെടുത്തിയതിന് തങ്ങൾ ക്ഷമ ചോദിക്കുന്നു'- പ്രസ്താവനയിൽ വിശദമാക്കുന്നു.

സിനിമ ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആരോപണം. സിനിമ നീക്കം ചെയ്തില്ലെങ്കിൽ ​ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് സീ സ്റ്റുഡിയോസിനും നെറ്റ്ഫ്ലിക്സിനുമെതിരെ സോഷ്യൽമീഡിയയിൽ സംഘ്പരിവാർ പ്രൊഫൈലുകളിൽ നിന്ന് വ്യാപക ഭീഷണികളാണ് ഉയർന്നിരുന്നത്.

തുടർന്ന്, ‘അന്നപൂരണി’ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഡിസംബർ ഒന്നിന് റിലീസ് ചെയ്ത നയൻതാരയു‌ടെ 75ാം ചിത്രം മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ചുള്ള പരാതിയിൽ മുംബൈയിലെ എൽടി മാർഗ് പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ചിത്രത്തിനെതിരെ ബിജെപി ഐ.ടി സെല്ലും രമേഷ് സോളങ്കിയെന്ന നേതാവുമാണ് പരാതി നൽകിയത്.

ശ്രീരാമനും ലക്ഷ്മണനും സീതയും വനവാസ സമയത്ത് വിശന്നപ്പോൾ മാംസാഹാരം കഴിച്ചിരുന്നു എന്ന് വാൽമീകിയുടെ രാമായണത്തിൽ പറയുന്നുണ്ട് എന്ന് നടൻ ജയ് പറയുന്ന ഭാ​ഗം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് പരാതി. ചിത്രത്തിൽ വാൽമീകിയുടെ രാമായണത്തെ തെറ്റായി ചിത്രീകരിക്കുകയും ശ്രീരാമനെ വിമർശിക്കുകയും ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും പരാതിയിൽ പറയുന്നു.

ലോകം അറിയപ്പെടുന്ന ഷെഫ് ആകാന്‍ സ്വപ്നം കാണുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു പെൺകുട്ടിയെ ചുറ്റിപ്പറ്റിയുള്ളതാണ് അന്നപൂരണിയുടെ കഥ. ബോക്‌സ് ഓഫീസിൽ അ‍ഞ്ച് കോടി നേടിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നീലേഷ് കൃഷ്ണ സംവിധാനം ചെയ്ത സിനിമയിൽ നയൻതാര, ജയ്, സത്യരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2023 ഡിസംബർ ഒന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.





TAGS :

Next Story