Quantcast

ശ്രീലങ്കയില്‍ പുറത്താക്കപ്പെട്ട പ്രധാനമന്ത്രിയെ പിന്തുണച്ച് സ്പീക്കര്‍

രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിയാണ് പുറത്താക്കപ്പെട്ട പ്രധാനമന്ത്രിക്ക് പിന്തുണയുമായി സ്പീക്കര്‍ രംഗത്തെത്തിയത്. നിയമപരമായി രാജ്യത്തെ പ്രധാനമന്ത്രി വിക്രമസിംഗെ തന്നെയാണ് സ്പീക്കര്‍ പറയുന്നു

MediaOne Logo

Web Desk

  • Published:

    28 Oct 2018 10:34 AM GMT

ശ്രീലങ്കയില്‍ പുറത്താക്കപ്പെട്ട പ്രധാനമന്ത്രിയെ പിന്തുണച്ച് സ്പീക്കര്‍
X

ശ്രീലങ്കയില്‍ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയെ പിന്തുണച്ച് സ്പീക്കര്‍ രംഗത്ത്. രാജ്യത്തെ നിയമാനുസൃതമായ പ്രധാനമന്ത്രി വിക്രമസിംഗെ ആണെന്ന് സ്പീക്കര്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സ്പീക്കര്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനക്ക് കത്ത് നല്‍കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് പാര്‍ട്ടി റെനില്‍ വിക്രമസിംഗെയുടെ സഖ്യകക്ഷി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. ഇതിനു പിന്നാലെ പ്രസിഡന്റ് വിക്രമസിംഗയെ പ്രധാനമന്ത്രിപദത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പകരം മുന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെ പ്രധാനമന്ത്രിയായി ചുമതലയേറ്റു.

തുടര്‍ന്ന് മൈത്രിപാല സിരിസേന പാര്‍ലമെന്റ് മരവിപ്പിച്ച് ഉത്തരവിറക്കി. പൊടുന്നനെയുണ്ടായ ഈ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിയാണ് പുറത്താക്കപ്പെട്ട പ്രധാനമന്ത്രിക്ക് പിന്തുണയുമായി സ്പീക്കര്‍ കാരു ജയസൂര്യ രംഗത്തെത്തിയത്. നിയമപരമായി രാജ്യത്തെ പ്രധാനമന്ത്രി വിക്രമസിംഗെ തന്നെയാണ് സ്പീക്കര്‍ പറയുന്നു. മറ്റൊരു പാര്‍ട്ടി പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കുന്നതുവരെ പ്രധാനമന്ത്രിയെന്ന നിലയിലുള്ള തന്റെ സുരക്ഷയും അവകാശവും സംരക്ഷിക്കണമെന്ന വിക്രമസിംഗയുടെ ആവശ്യം ന്യായമാണെന്ന് പ്രസിഡന്റിന് നല്‍കിയ കത്തില്‍ സ്പീക്കര്‍ പറയുന്നത്.

വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി അംഗമാണ് സ്പീക്കര്‍ കാരു ജയസൂര്യ. 225 അംഗ പാര്‍ലിമെന്റില്‍ 106 സീറ്റുകളാണ് യുഎന്‍പിക്കുള്ളത്. ഔദ്യോഗിക വസതി ഒഴിയാന്‍ ഞായാറാഴ്ച രാവിലെ വരെയാണ് വിക്രമസിംഗെക്ക് സമയം നല്‍കിയിരുന്നത്. എന്നാല്‍ തന്റെ പുറത്താക്കല്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ വിക്രമസിംഗെ ഈ ആവശ്യം നിരാകരിച്ചു.

TAGS :

Next Story