Quantcast

രജപക്സെക്ക് തിരിച്ചടി; പ്രധാനമന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് കോടതി

തങ്ങളുയര്‍ത്തിയ വാദങ്ങള്‍ക്കുള്ള അംഗീകാരമാണ് കോടതി തീരുമാനമെന്നായിരുന്നു റനില്‍ വിക്രമസിഗയുടെ പ്രതികരണം

MediaOne Logo

Web Desk

  • Published:

    3 Dec 2018 8:32 PM IST

രജപക്സെക്ക് തിരിച്ചടി; പ്രധാനമന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് കോടതി
X

ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ മഹീന്ദ രജപക്സെക്ക് കോടതിയില്‍ നിന്ന് തിരിച്ചടി. പ്രധാനമന്ത്രിയായി തുടരാന്‍ രജപക്സക്ക് അര്‍ഹതയില്ലെന്ന് അപ്പീല്‍ കോടതി ഉത്തരവിട്ടു. തുടരാന്‍ അനുവദിച്ചാല്‍ രാജ്യത്ത് തിരുത്താനാവാത്ത നഷ്ടങ്ങള്‍ ഉണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു.

225 അംഗ ശ്രീലങ്കന്‍ പാര്‍ലമെന്‍റില്‍ 122 പേരാണ് മഹീന്ദ രജപക്സെ പ്രധാനമന്ത്രിയായി തുടരുന്നതിനിടെ കോടതിയെ സമീപിച്ചത്. ഇവര്‍ ഒപ്പുവെച്ച ഹരജി പരിഗണിക്കവെയാണ് പ്രധാനമന്ത്രിയായി തുടരാന്‍ രജപക്സെക്ക് അര്‍ഹതയില്ലെന്ന് കോടതി തീരുമാനമെടുത്തത്. പ്രധാനമന്ത്രിയെയും മന്ത്രിമാരെയും അനുവദിച്ചാല്‍ അത് രാജ്യത്ത് നികത്താനാകാത്ത നഷ്ടങ്ങള്‍ ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പ്രീതിപദ്മന്‍ സര്‍സേനയാണ് നിര്‍ണായക തീരുമാനമെടുത്തത്. അടുത്ത ആഴ്ച കേസില്‍ കോടതി അന്തിമ വിധി പറയും. കഴിഞ്ഞ നവംബര്‍ 14 നാണ് രജപക്സയെ അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് 122 അംഗങ്ങള്‍ കോടതിയെ സമീപിച്ചത് .

കോടതി തീരുമാനത്തോട് രജപക്സെ ഇതുവരെ പ്രതികരിച്ചിട്ടില്ല. തങ്ങളുയര്‍ത്തിയ വാദങ്ങള്‍ക്കുള്ള അംഗീകാരമാണ് കോടതി തീരുമാനമെന്നായിരുന്നു റനില്‍ വിക്രമസിഗയുടെ പ്രതികരണം. ഈ വര്‍ഷം ഒക്ടോബര്‍ 26 ന് റനില്‍ വിക്രമസിംഗയെ മാറ്റി രജപക്സയെ പ്രധാനമന്ത്രിയായി നിശ്ചയിക്കുകയും ജനുവരിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിച്ചത്.

TAGS :

Next Story