തുര്‍ക്കി-അമേരിക്ക ബന്ധം ശക്തമാകുന്നു; യു.എസ് പ്രസിഡന്റ് തുര്‍ക്കി സന്ദര്‍ശിക്കും

ഒരിടവേളക്കു ശേഷം തുര്‍ക്കി-അമേരിക്ക ബന്ധം ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ആദ്യത്തോടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തുര്‍ക്കി സന്ദര്‍ശിക്കുമെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും തുര്‍ക്കിയുടെ ക്ഷണം സ്വീകരിച്ചതായി അമേരിക്കയും പ്രതികരിച്ചു.
സിറിയയില്‍ നിന്നുള്ള അമേരിക്കന്‍ സേനാ പിന്‍മാറ്റം തുര്‍ക്കിയുമായി സഹകരിച്ചാണെന്ന ഡോണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് യു.എസ് പ്രസിഡന്റ് തുര്‍ക്കി സന്ദര്‍ശിക്കുമെന്ന പ്രഖ്യാപനം. അടുത്ത വര്‍ഷം ആദ്യത്തോടെ സന്ദര്‍ശനമുണ്ടാകുമെന്നാണ് സൂചന. തുര്‍ക്കി ഭീകരവാദികളായി കാണുന്ന കുര്‍ദ് സായുധ സംഘങ്ങള്‍ക്കുള്ള അമേരിക്കന്‍ പരിശീലനം, തുര്‍ക്കി വിമതന്‍ ഫതഹുല്ല ഗുലന് അമേരിക്ക നല്‍കുന്ന സംരക്ഷണം, ഭീകര ബന്ധമാരോപിച്ച് തുര്‍ക്കി തടവിലാക്കിയിരുന്ന അമേരിക്കന്‍ പാസ്റ്ററുടെ ജയില്‍ വാസം, തുര്‍ക്കിയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഖിയുടെ കൊലയാളികളോട് അമേരിക്ക പുലര്‍ത്തുന്ന മൃദു സമീപനം തുടങ്ങി നിരവധി വിഷയങ്ങളില്‍ ഇടഞ്ഞു നില്‍ക്കുന്നതിനിടെ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ പെട്ടെന്ന് മഞ്ഞുരുക്കമുണ്ടായതിനു പിന്നിലെ കാരണമെന്തെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. സിറിയയില്‍ അമേരിക്ക പരിശീലിപ്പിക്കുന്ന കുര്‍ദ് സായുധ സംഘങ്ങള്‍ക്കെതിരെ തുര്‍ക്കി സൈനിക നടപടിക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അമേരിക്ക അപ്രതീക്ഷിതമായി സൈന്യത്തെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് തുര്‍ക്കിയുമായി ആലോചിച്ചാണ് സൈന്യത്തെ പിന്‍വലിക്കുന്നതെന്ന വിവരങ്ങള്‍ പുറത്തുവന്നത്.
ഏറ്റവുമൊടുവില്‍ തുര്‍ക്കി സന്ദര്‍ശിക്കുമെന്ന ഡോണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം കൂടി ആയതോടെ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ മഞ്ഞുരുക്കത്തിന്റെ കാരണമന്വേഷിക്കുകയാണ് നയതന്ത്ര വിദഗ്ധരും.
Adjust Story Font
16

