കുര്‍ദിഷ് നിയന്ത്രണത്തിലായിരുന്ന മാന്‍ബിജില്‍ സിറിയന്‍ സേന പ്രവേശിച്ചതായി റിപ്പോര്‍ട്ട്
തുര്‍ക്കിയുടെ ആക്രമണം ഭയന്ന് കുര്‍ദ് സേന തന്നെയാണ് സിറിയന്‍ സൈന്യത്തെ മേഖലയിലേക്ക് പ്രവേശിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്യുന്നു.

കുര്‍ദിഷ് നിയന്ത്രണത്തിലായിരുന്ന മാന്‍ബിജില്‍ സിറിയന്‍ സേന പ്രവേശിച്ചതായി റിപ്പോര്‍ട്ട്. തുര്‍ക്കിയുടെ ആക്രമണം ഭയന്ന് കുര്‍ദ് സേന തന്നെയാണ് സിറിയന്‍ സൈന്യത്തെ മേഖലയിലേക്ക് പ്രവേശിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിയന്‍ വാദത്തെ നിഷേധിച്ച് അമേരിക്ക രംഗത്തെത്തി.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സി സനയാണ് സിറിയയിലെ വടക്കന്‍ നഗരമായ മാന്‍ബിജില്‍ സൈന്യം പ്രവേശിച്ചെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തുര്‍ക്കിയുടെ ആക്രമണം ഭയന്ന് യു.എസ് പിന്തുണയുള്ള കുര്‍ദ് സേന സിറിയന്‍ സൈന്യത്തെ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ക്ഷണിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ മാന്‍ബിജ് നഗരത്തില്‍ ദേശീയ പതാക നാട്ടിയെന്നും സന സൈന്യത്തെ ഉദ്ദരിച്ച് പറയുന്നു. മേഖലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുമെന്നും സൈന്യം വ്യക്തമാക്കി.
എന്നാല്‍ സിറിയന്‍ വാദത്തെ അമേരിക്ക നിഷേധിച്ചു. മാന്‍ബിജില്‍ സിറിയന്‍ സൈന്യം പ്രവേശിച്ചിട്ടില്ലെന്ന് അമേരിക്കന്‍ സൈന്യം വ്യക്തമാക്കി. തെറ്റായ വര്‍ത്തയാണ് സൈന്യം പ്രചരിപ്പിക്കുന്നത്. തുര്‍ക്കി അതിര്‍ത്തിയായ മന്‍ബിജില്‍ 2016 മുതലാണ് യു.എസ് സഖ്യസേനയുടെ പിന്തുണയോടെ കുര്‍ദ് സേനയെ വിന്യസിച്ചത്. നിലവില്‍ യു.എസിന്റെയും ഫ്രാന്‍സിന്റേയും സേന മേഖലയില്‍ ഉണ്ട്. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം കഴിഞ്ഞ ആഴ്ചയാണ് വന്നത്. എന്നാല്‍ തങ്ങളുടെ ലക്ഷ്യത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ലഫ്റ്റനന്റ് കേണല്‍ ഏള്‍ ബ്രൌണ്‍ പറഞ്ഞു. തുടര്‍ന്നും കുര്‍ദേ സേനക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
സിറിയന്‍ സൈന്യം നഗരത്തിലെത്തിയതിന്റെ യാതൊരു ലക്ഷണവും ഇല്ലെന്ന് നഗരവാസികള്‍ പറയുന്നത്. കുര്‍ദ് സേനയും ഇക്കാര്യം സ്ഥിരീകരിച്ചു. സിറിയന്‍ സേന നഗരത്തിന് പുറത്തെത്തിയെന്നും നഗരത്തില്‍ പ്രവേശിച്ചിട്ടില്ലെന്നും കുര്‍ദ് സേന ഉന്നത ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. പീപ്പിള്‍സ് പ്രൊറ്റക്ഷന്‍ യൂണിറ്റ് അഥവാ വൈ.പി.ജി എന്നറിയപ്പെടുന്ന കുര്‍ദ് സേനയെ തീവ്രവാദികളായാണ് തുര്‍ക്കി കാണുന്നത്. എന്നാല്‍ ഐ.എസിനെ തുരത്തുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കുര്‍ദ് സേനക്ക് അമേരിക്കന്‍ പിന്തുണയുണ്ട്. കുര്‍ദ് സേന തങ്ങളുടെ പരിധിയില്‍ വരുന്നതിനെ ബശ്ശാറുല്‍ അസദ് സ്വാഗതം ചെയ്തു. എന്നാല്‍ പുതിയ തീരുമാനം പ്രതീക്ഷ നല്‍കുന്നതാണെന്ന് റഷ്യ പ്രതികരിച്ചു.
Adjust Story Font
16

