Quantcast

'ഞങ്ങള്‍ എന്ത് തെറ്റാ ചെയ്തെ? എന്തിനാ കുഞ്ഞുങ്ങളെ കൊല്ലുന്നത്?' ഗസ്സയിലെ 10 വയസ്സുകാരി ചോദിക്കുന്നു

"എന്തുചെയ്യും ഞാന്‍? ഞാന്‍ വെറും 10 വയസ്സുകാരി മാത്രമാണല്ലോ. ഡോക്ടറായിരുന്നെങ്കില്‍ അവരെ സഹായിക്കാമായിരുന്നു"

MediaOne Logo

Web Desk

  • Published:

    16 May 2021 1:24 PM IST

ഞങ്ങള്‍ എന്ത് തെറ്റാ ചെയ്തെ? എന്തിനാ കുഞ്ഞുങ്ങളെ കൊല്ലുന്നത്? ഗസ്സയിലെ 10 വയസ്സുകാരി ചോദിക്കുന്നു
X

ഗസ്സയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുകയാണ്. കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 150 കവിഞ്ഞു. കൊല്ലപ്പെട്ടവരില്‍ 42 പേര്‍ കുട്ടികളാണ്, 22 പേര്‍ സ്ത്രീകളും. തകര്‍ക്കപ്പെട്ട കെട്ടിടങ്ങളുടെ കൂട്ടത്തില്‍ അഭയാര്‍ഥി ക്യാമ്പും മാധ്യമ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളുമുണ്ട്. പ്രിയപ്പെട്ടവരെ മുഴുവന്‍ നഷ്ടമായി തനിച്ചായിപ്പോയ കുട്ടികളുണ്ട്, കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നത് കണ്ടുനില്‍ക്കേണ്ടിവന്ന മാതാപിതാക്കളുണ്ട്..

തന്‍റെ അയല്‍വാസികളായ 8 കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളും കൊല്ലപ്പെടുന്നത് കണ്‍മുന്നില്‍ കണ്ട നദീനെ അബ്ദെൽ എന്ന 10 വയസ്സുകാരി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞതിങ്ങനെ-

"എന്ത്‌ ചെയ്യണമെന്ന് എനിക്കറിയില്ല. ഞാൻ വെറും 10 വയസ്സുകാരി മാത്രമാണ്. ഞാനെന്താണു ചെയ്യേണ്ടത്‌? ഈ തകർന്ന കെട്ടിടം ശരിയാക്കാന്‍ എനിക്ക്‌ കഴിയുമോ? ഞാൻ വല്ല ഡോക്ടറുമായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. എങ്കില്‍ എനിക്കെന്‍റെ മനുഷ്യരെ സഹായിക്കാന്‍ കഴിയുമായിരുന്നല്ലോ. എന്നാൽ ഞാൻ വെറുമൊരു കുട്ടിയാണ്. എന്‍റെ മനുഷ്യര്‍ക്കായി എനിക്കെന്തെങ്കിലും ചെയ്യണം. പക്ഷേ ഒന്നിനും കഴിയുന്നില്ല. ദിവസവും ഇതൊക്കെ കണ്ട് ഞാന്‍ കരയുകയാണ്. ഇങ്ങനെയൊക്കെയുണ്ടാകാന്‍ ഞങ്ങൾ ചെയ്ത തെറ്റ്‌ എന്താണ്? എന്‍റെ കുടുംബം പറയുന്നത് ഇസ്രായേല്‍ ഞങ്ങളെ വെറുക്കുന്നു എന്നാണ്, ഞങ്ങള്‍ മുസ്‍ലിംകളായതുകൊണ്ട് അവര്‍ക്ക് ഞങ്ങളെ ഇഷ്ടമില്ലെന്നാണ്. എനിക്ക് ചുറ്റുമുള്ളവരെ കണ്ടോ? അവര്‍ വെറും കുഞ്ഞുങ്ങളാണ്. എന്തുകൊണ്ടാണ് മിസൈലുകള്‍ അവര്‍ക്കു നേരെ അയക്കുന്നത്? എന്തിനാണ് അവരെ കൊല്ലുന്നത്? ഇത് ശരിയല്ല. ഇത് ശരിയല്ല"

TAGS :

Next Story