Quantcast

വെടിയുണ്ടയും ഗ്രനേഡും ഭയപ്പെടുത്തിയില്ല; ലൈലത്തുൽ ഖദ്‌റിൽ മസ്ജിദുൽ അഖ്‌സയിൽ ഒരുമിച്ചത് ഒരു ലക്ഷത്തോളം വിശ്വാസികൾ

ശനിയാഴ്ചയും ഫലസ്തീൻ പ്രതിഷേധക്കാർക്കു നേരെ ഇസ്രയേൽ പൊലീസിന്റെ നടപടിയുണ്ടായി. 64 പേർക്ക് പരിക്കേറ്റു

MediaOne Logo

Web Desk

  • Updated:

    2021-05-09 06:38:06.0

Published:

9 May 2021 5:11 AM GMT

വെടിയുണ്ടയും ഗ്രനേഡും ഭയപ്പെടുത്തിയില്ല; ലൈലത്തുൽ ഖദ്‌റിൽ മസ്ജിദുൽ അഖ്‌സയിൽ ഒരുമിച്ചത് ഒരു ലക്ഷത്തോളം വിശ്വാസികൾ
X

ജറൂസലേം: ഇസ്രയേൽ കഴിഞ്ഞ ദിവസം നടത്തിയ അഴിഞ്ഞാട്ടത്തിൽ ഭയപ്പെടാതെ റമദാനിലെ ലൈലത്തുൽ ഖദ്ർ രാത്രിയിൽ മസ്ജിദുൽ അഖ്‌സയിൽ ഒത്തുകൂടിയത് പതിനായിരങ്ങൾ. സ്ത്രീകളും കുട്ടികളും അടങ്ങുന്ന തൊണ്ണൂറായിരം വിശ്വാസികളാണ് ആരാധനയ്‌ക്കെത്തിയതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ ജനതയുടെ ആത്മവീര്യം അടയാളപ്പെടുത്തുന്നതായിരുന്നു ആരാധനാ കർമങ്ങൾ. ഖുദ്‌സിൽ നമസ്‌കാരം അടക്കമുള്ള ആരാധനകൾ നടത്തുന്ന വിശ്വാസികളുടെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അതിനിടെ, ശനിയാഴ്ചയും ഫലസ്തീൻ പ്രതിഷേധക്കാർക്കു നേരെ ഇസ്രയേൽ പൊലീസിന്റെ നടപടിയുണ്ടായി. 64 പേർക്ക് പരിക്കേറ്റതായി ഫലസ്തീൻ റെഡ്ക്‌സന്റിനെ ഉദ്ധരിച്ച് അൽ ജസീറ പറയുന്നു. പരിക്കേറ്റവരിൽ വനിതകളും കുട്ടികളുമുണ്ട്. ഒരു പൊലീസുകാരനും പരിക്കേറ്റു.

വെള്ളിയാഴ്ചയുണ്ടായ പൊലീസ് നടപടിയിൽ 205 ഫലസ്തീനികൾക്കാണ് പരിക്കേറ്റിരുന്നത്. ജൂത കുടിയേറ്റത്തിനായി കിഴക്കൻ ജറൂസലേമിലെ ഫലസ്തീനികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധമുണ്ടായത്. മസ്ജിദുൽ അഖ്‌സയോട് ചേർന്ന ശൈഖ് ജർറാഹ് പ്രദേശത്തു നിന്ന് ഫലസ്തീനികളെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കാനാണ് ഇസ്രയേൽ ശ്രമം. ഇതിനെതിരെ ആഴ്ചകളോളമായി തദ്ദേശീയരും ഫലസ്തീൻ ഐക്യദാർഢ്യ പ്രവർത്തകരും പ്രതിഷേധമുയർത്തുന്നുണ്ട്.

ശക്തമായ നിലപാടുമായി അറബ് ലീഗ്

അതിനിടെ, ഫലസ്തീനികൾക്കെതിരെ ഇസ്രയേൽ നടത്തിയ അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കാനൊരുങ്ങുകയാണ് അറബ് ലീഗ്. ഖത്തറിൻറെ അധ്യക്ഷതയിൽ അറബ് ലീഗിന്റെ സ്ഥിരം സമിതി തിങ്കളാഴ്ച അടിയന്തര യോഗം ചേരും. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ഫലസ്തീൻ ആവശ്യം കൂടി പരിഗണിച്ചാണ് യോഗമെന്ന് ഖത്തർ പെനിൻസുല റിപ്പോർട്ട് ചെയ്തു. ശൈഖ് ജർറാഹ് മേഖലയിൽ കൂടുതൽ പലസ്തീൻ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഇസ്രയേൽ നീക്കത്തിനെതിരെ കൈക്കൊള്ളേണ്ട നിലപാടുകളെ കുറിച്ചും യോഗം ചർച്ച ചെയ്യും.


ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനി ശനിയാഴ്ച പലസ്തീൻ പ്രസിഡൻറ് മഹ്‌മൂദ് അബ്ബാസിനെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഫലസ്തീൻ വിമോചന പ്രസ്ഥാനമായ ഹമാസിൻറെ രാഷ്ട്രീയ കാര്യ തലവൻ ഇസ്മയിൽ ഹനിയ്യ ഖത്തർ അമീറിനെ നേരിട്ട് വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചതായും ഖത്തർ പെനിൻസുല റിപ്പോർട്ട് ചെയ്യുന്നു.

TAGS :

Next Story