അഫ്സല്‍ ഗുരുവിനു വേണ്ടി ജയില്‍ ജീവനക്കാരുടെ കണ്ണുകള്‍ വരെ ഈറനണിഞ്ഞു; തിഹാര്‍ ജയില്‍ അനുഭവം പങ്കുവച്ച് കൊബാദ് ഘാണ്ടി
കൊബാദ് ഘാണ്ടി തന്‍റെ തടവുജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന പുസ്തകം കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്.

പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ കുറ്റാരോപിതനായ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റാന്‍ കൊണ്ടുപോകുമ്പോള്‍ ജയില്‍ ജീവനക്കാര്‍ വരെ കരഞ്ഞിരുന്നതായി മാവോയിസ്റ്റ് നേതാവ് കൊബാദ് ഘാണ്ടി. ദ വയറില്‍ കരണ്‍ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിലാണ് താന്‍ തിഹാര്‍ ജയിലിലായിരുന്നപ്പോള്‍ നടന്ന സംഭവത്തെക്കുറിച്ച് കൊബാദ് ഘാണ്ടി വെളിപ്പെടുത്തിയത്.
2013 ഫെബ്രുവരിയിലായിരുന്നു അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. അന്നേദിവസം ഹൈ റിസ്ക് വാര്‍ഡില്‍ നിന്ന് തൂക്കുമരത്തിലേക്കുള്ള രണ്ടു മിനുട്ട് ദൂരം പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ണുകള്‍ ഈറനണിഞ്ഞ് വിഷാദരായി അണിനിരന്നുവെന്ന് കൊബാദ് ഘാണ്ടി പറയുന്നു. "തൂക്കിലേറ്റുന്ന സമയം ധൈര്യവാനായി കാണപ്പെട്ട അഫ്സല്‍ ഗുരു തന്നോട് നല്ല രീതിയില്‍ പെരുമാറിയ ജയില്‍ ജീവനക്കാരെ നന്നായി നോക്കണമെന്ന് ആവശ്യപ്പെട്ടാണ് തൂക്കുമരത്തെ സമീപിച്ചത്. ഈ കാര്യം ജയില്‍ ജീവനക്കാരാണ് തന്നോട് പറഞ്ഞത്," കൊബാദ് ഘാണ്ടി വ്യക്തമാക്കി.
നിരവധി കൊലപാതക കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടാണ് മാവോയിസ്റ്റ് പൊളിറ്റ്ബ്യൂറോ അംഗമായ കൊബാദ് ഘാണ്ടി അറസ്റ്റിലായത്. ഏഴുവര്‍ഷം ഡല്‍ഹി തിഹാര്‍ ജയിലില്‍ കഴിഞ്ഞ അദ്ദേഹം 2017ലാണ് ജയില്‍ മോചിതനായത്. ഡല്‍ഹി, ഹൈദരാബാദ്, പാട്യാല, വിശാഖപട്ടണം, ഹസാരി ബാഗ്, സൂററ്റ് എന്നിവിടങ്ങളിലായി പത്ത് വര്‍ഷത്തെ തടവുജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന പുസ്തകം കഴിഞ്ഞ ദിവസമാണ് കൊബാദ് ഘാണ്ടി പ്രസിദ്ധീകരിച്ചത്. "ഫ്രാക്ച്വേര്‍ഡ് ഫ്രീഡം: എ പ്രിസണ്‍ മെമ്മോയ്ര്‍" എന്നാണ് പുസ്തകത്തിന്‍റെ പേര്.
Adjust Story Font
16

