കനയ്യ കുമാർ എൻഡിഎയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ തള്ളി സിപിഐ
കുറച്ചുകാലമായി സംസ്ഥാന നേതൃത്വവുമായി അകൽച്ചയിലാണ് കനയ്യ

ന്യൂഡൽഹി: കനയ്യ കുമാർ ജെഡിയുവിൽ ചേരുമെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് സിപിഐ. പാർട്ടി എംഎൽഎ സൂര്യകാന്ത് പാസ്വാനൊപ്പമാണ് കനയ്യ മന്ത്രി അശോക് ചൗധരിയെ കണ്ടത് എന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ചയെന്നും സിപിഐ പ്രസ്താവനയിൽ അറിയിച്ചു.
ഞായറാഴ്ചയാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് സിപിഐയുടെ തീപ്പൊരി നേതാവായ കനയ്യ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇതോടെയാണ് കനയ്യ ജെഡിയുവിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.
കുറച്ചുകാലമായി സംസ്ഥാന നേതൃത്വവുമായി അകൽച്ചയിലാണ് കനയ്യ. ഹൈദരാബാദിൽ ചേർന്ന പാർട്ടി നേതൃയോഗം കഴിഞ്ഞയാഴ്ച യുവനേതാവിനെതിരെ ശാസനാ പ്രമേയം അവതരിപ്പിച്ചിരുന്നു. കനയ്യയുടെ അനുയായികൾ സി.പി.ഐ പട്ന ഓഫീസ് സെക്രട്ടറി ഇന്ദുഭൂഷണെ കൈയേറ്റം ചെയ്തതിന്റെ പേരിലായിരുന്നു നടപടി. യോഗത്തിൽ പങ്കെടുത്ത 110 പ്രതിനിധികളിൽ മൂന്നു പേരുടെ പിന്തുണ മാത്രമാണ് കനയ്യയ്ക്ക് കിട്ടിയിരുന്നത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബേഗുസരായ് മണ്ഡലത്തിൽ നിന്ന് മത്സരിച്ചു തോറ്റ കനയ്യയ്ക്ക് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നൽകിയിരുന്നില്ല.
Adjust Story Font
16

