Quantcast

കെ.എസ്.ആർ.ടി.സിയിലെ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി; നിയമസെക്രട്ടറിയുടെ നിയമോപദേശം സര്‍ക്കാരിന് അനുകൂലം

നിയമസെക്രട്ടറിയുടെ നിയമോപദേശം സര്‍ക്കാരിന് അനുകൂലമാണ്. എട്ട് മണിക്കൂർ സ്റ്റിയറിങ് ഡ്യൂട്ടിയും നാല് മണിക്കൂർ വിശ്രമവും എന്ന രീതിയിൽ ഡ്യൂട്ടി ഏർപ്പെടുത്താമെന്നാണ് നിയമോപദേശം.

MediaOne Logo

Web Desk

  • Published:

    22 Aug 2022 12:55 PM GMT

കെ.എസ്.ആർ.ടി.സിയിലെ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി; നിയമസെക്രട്ടറിയുടെ നിയമോപദേശം സര്‍ക്കാരിന് അനുകൂലം
X

കെ.എസ്.ആർ.ടി.സിയിലെ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി സംബന്ധിച്ച് നിയമസെക്രട്ടറിയുടെ നിയമോപദേശ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. നിയമസെക്രട്ടറിയുടെ നിയമോപദേശം സര്‍ക്കാരിന് അനുകൂലമാണ്. എട്ട് മണിക്കൂർ സ്റ്റിയറിങ് ഡ്യൂട്ടിയും നാല് മണിക്കൂർ വിശ്രമവും എന്ന രീതിയിൽ ഡ്യൂട്ടി ഏർപ്പെടുത്താമെന്നാണ് നിയമോപദേശം. നിയമസസെക്രട്ടറിയുടെ റിപ്പോർട്ട് മീഡിയവണിന് ലഭിച്ചു. വിഷയത്തില്‍ യൂണിയനുകളുമായി മന്ത്രിതല ചര്‍ച്ച അൽപസമയത്തിനകം നടക്കും.

തൊഴിലാളി യൂണിയനുകളുടെ ശക്തമായ എതിർപ്പിനിടെ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നാണ് പുറത്തുവരുന്ന വിവരം. സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പ്രകാരം 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അനിവാര്യമെന്നാണ് സര്‍ക്കാരും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റും പറയുന്നത്. ഇതില്‍ 8 മണിക്കൂര്‍ സ്റ്റിയറിങ് ഡ്യൂട്ടിയും ബാക്കിയുള്ള സമയം വിശ്രമവും. ആഴ്ചയില്‍ ആറു ദിവസവും ജോലിക്ക് ഹാജരാകണമെന്ന വ്യവസ്ഥയും മുന്നോട്ട് വച്ചിട്ടുണ്ട്. 1962ലെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് റൂള്‍സ് പ്രകാരം സിംഗിള്‍ ഡ്യൂട്ടി 12 മണിക്കൂര്‍ എന്നതാണ് സര്‍ക്കാര്‍ മുന്നോട്ടു വെച്ചത്.

എന്നാല്‍ 1961ലെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ട് പ്രകാരമുള്ള എട്ട് മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി മാത്രമേ അംഗീകരിക്കൂ എന്ന് സി.ഐ.ടി.യു തന്നെ വ്യക്തമാക്കി. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിച്ചാലേ എല്ലാ മാസവും അഞ്ചിന് ശമ്പളമെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാനാകൂ എന്നതാണ് സര്‍ക്കാര്‍ നിലപാട്. അങ്ങനെയെങ്കില്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവും തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയും യൂണിയനുകളുമായി നടത്തുന്ന മൂന്നാം ചര്‍ച്ച നിര്‍ണായകമാണ്.

TAGS :

Next Story