Quantcast

മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമി കയ്യേറാന്‍ നീക്കം

MediaOne Logo

Subin

  • Published:

    20 April 2018 9:03 PM GMT

ദേവികുളം സബ് കലക്ടര്‍ വിആര്‍ പ്രേംകുമാറാണ് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നാര്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്

മൂന്നാറിലെ കുറ്റിയാര്‍വാലിയില്‍ തോട്ടം തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമി കയ്യേറ്റമാഫിയ കൈവശപ്പെടുത്താന്‍ ശ്രമം നടത്തുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവ്. ദേവികുളം സബ് കലക്ടര്‍ വിആര്‍ പ്രേംകുമാറാണ് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നാര്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അന്വേഷണ പുരോഗതി സബ് കലക്ടര്‍ റവന്യൂ മന്ത്രിയെ ധരിപ്പിച്ചു.

2010ല്‍ വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മൂന്നാറിന് തൊട്ടടുത്തുള്ള പ്രദേശമായ കുറ്റിയാര്‍വാലിയിലെ ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ക്ക് ഭൂമി നല്‍കാന്‍ ഉത്തരവായത്. പത്ത് സെന്റ് വീതം 720 പേര്‍ക്കാണ് അന്ന് പട്ടയം നല്‍കിയത്. ഇതില്‍ നൂറില്‍ താഴെ ആളുകള്‍ മാത്രമാണ് ഇവിടെ വീട് നിര്‍മ്മിച്ച് താമസം ആരംഭിച്ചത്. മറ്റുള്ളവരുടെ സ്ഥലം കയ്യേറ്റമാഫിയ തുഛമായ വിലയ്ക്ക് കൈക്കലാക്കാനുള്ള ശ്രമം നടത്തുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് ദേവികുളം സബ് കലക്ടറുടെ നടപടി.

കുറ്റിയാര്‍വാലിയിലെ ഈ ഭൂമി ഇപ്പോള്‍ പവര്‍ ഓഫ് അറ്റോണി എഴുതിവാങ്ങി 25 വര്‍ഷത്തിന് ശേഷം ഭൂമി സ്വന്തം പേരിലാക്കാന്‍ സാധിക്കുമെന്നതിനാലാണ് കയ്യേറ്റക്കാരുടെ ഈ നീക്കം. പലരും ഇത്തരത്തില്‍ ഭൂമി കൈമാറ്റം ചെയ്തതായി കുറ്റിയാര്‍വാലി പ്രദേശത്തെ ജനങ്ങള്‍ തന്നെ അറിയിച്ചതിനെ തുടര്‍ന്നാണ് സബ് കലക്ടറുടെ നടപടി. മൂന്നാര്‍ സ്‌പെഷല്‍ തഹസില്‍ദാറിനോടാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ്കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതുവരെയുള്ള അന്വേഷണ പുരോഗതി തിങ്കളാഴ്ച മൂന്നാറിലെത്തിയ റവന്യൂ മന്ത്രിയെ സബ് കലക്ടര്‍ ധരിപ്പിച്ചു.

TAGS :

Next Story