Quantcast

പുനഃസംഘടനയുമായി മുന്നോട്ട് പോകാന്‍ രാഹുലിന്‍റെ പച്ചക്കൊടി

MediaOne Logo

Jaisy

  • Published:

    7 May 2018 11:50 AM GMT

ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്ന് രാഹുല്‍. ഹൈക്കമാന്‍റുമായി ഉണ്ടാക്കിയ ധാരണപ്രകാരം പുനഃസംഘടന നടക്കുമെന്ന് സുധീരന്‍...

ഹൈക്കമാന്‍റുമായി ഉണ്ടാക്കിയ ധാരണപ്രകാരം കോണ്‍ഗ്രസ് പുനസ്സംഘടനയുമായി മുന്നോട്ട് പോകുമെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍. ഇക്കാര്യത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക്ശേഷം സുധീരന്‍ പറഞ്ഞു. ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്ന സന്ദേശമാണ് കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധി വിഎം സുധീരന് നല്‍കിയത്.

ഈ മാസം 23ന് പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടയും ഹൈക്കമാന്‍റുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങവേയാണ് വിഎം സുധീരന്‍ തനിച്ചെത്തി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടേയുള്ള ഹൈക്കമാന്‍റ് നേതാക്കളെ കണ്ടത്. സംഘടന തെരഞ്ഞെടുപ്പിന് മുന്നോടിയായി പുനസ്സംഘടന നടത്താനുള്ള ധാരണക്ക് വിരുദ്ധമായി ഗ്രൂപ്പ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയത് സുധീരന്‍ രാഹുലിനെ അറിയിച്ചു.

നിലവിലെ സംഘടന സംവിധാനത്തില്‍ തെരഞ്ഞെടുപ്പിലേക്ക് പോയാല്‍ അത് തുറന്ന ഗ്രൂപ്പ് യുദ്ധത്തിലേക്ക് പോകുമെന്ന ആശങ്കയും സുധീരന്‍ ചര്‍ച്ചയില്‍ പ്രകടിപ്പിച്ചു. ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ നിശ്ചയിച്ചത് പോലെ പുനസ്സംഘടനയുമായി മുന്നോട്ട് പോകാനുള്ള നിര്‍ദേശമാണ് രാഹുല്‍ സുധീരന് നല്‍കിയതെന്നറിയുന്നു. ഹൈക്കമാന്‍റുണ്ടാക്കിയ ധാരണപ്രകാരം പുനസ്സംഘടന നടക്കുമെന്ന് സുധീരന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

സംഘടന വിഷയങ്ങള്‍ക്ക് പുറമേ കെഎം മാണി യുഡിഎഫ് വിട്ടതടക്കമുള്ള രാഷ്ട്രീയ സാഹചര്യങ്ങളും രാഹുലിനെ സുധീരന്‍ അറയിച്ചു. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്ക്, എഐസിസി പ്രവര്‍ത്തക സമിതിയംഗം എകെ ആന്‍റണി തുടങ്ങിയവരുമായും സുധീരന്‍ കൂടിക്കാഴ്ച നടത്തി.

TAGS :

Next Story