മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയുടെ ചെലവ് വഹിക്കില്ലെന്ന് സിപിഎം

മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയുടെ ചെലവ് വഹിക്കില്ലെന്ന് സിപിഎം
മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിവാദ ഹെലികോപ്ടര്‍ യാത്രയുടെ ചെലവ് സിപിഎം വഹിക്കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം.
മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയുടെ പണം പാര്‍ട്ടി വഹിക്കേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. മുഖ്യമന്ത്രിയുടേത് ഔദ്യോഗികയാത്രയാണെന്നും പൊതുഭരണ ഫണ്ടില്‍ നിന്ന് തന്നെ പണം നല്‍കിയാല്‍ മതിയെന്നും സെക്രട്ടറിയേറ്റില്‍ തീരുമാനമായി. ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ ഉണ്ടായതുകൊണ്ട് മാത്രമാണ് ആദ്യ ഉത്തരവ് പിന്‍വലിച്ചതെന്ന് മന്ത്രി എ കെ ബാലനും പ്രതികരിച്ചു.
മുഖ്യമന്ത്രി നടത്തിയ ഹെലികോപ്ടര്‍ യാത്രക്ക് ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് എട്ട് ലക്ഷം രൂപ അനുവദിച്ചത് വിവാദമായ സാഹചര്യത്തിലാണ് പാര്‍ട്ടി പണം നല്‍കുമെന്ന അഭിപ്രായം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവര്‍ പങ്ക് വെച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പണം പാര്‍ട്ടി നല്‍കേണ്ട കാര്യമില്ലെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്.
മുഖ്യമന്ത്രി നടത്തിയത് ഔദ്യോഗിക യാത്രയാണെന്നും അതുകൊണ്ട് സര്‍ക്കാര്‍ കാര്യത്തിന് പാര്‍ട്ടി പണം നല്‍കേണ്ട സാഹചര്യമില്ലെന്നും യോഗം വിലയിരുത്തി. കഴിഞ്ഞ കാലങ്ങളിലും ഇത്തരത്തില്‍ പണം വിനിയോഗിച്ചിട്ടുള്ളത് കൊണ്ട് നേരത്തെ ഇറക്കിയ ഉത്തരവ് പിന്‍വിലക്കേണ്ട സാഹചര്യമില്ലായിരുന്നുവെന്നാണ് യോഗത്തില്‍ ഉണ്ടായ അഭിപ്രായം. മുഖ്യമന്ത്രിയുടെ യാത്രയില്‍ ചട്ടവിരുദ്ധമായി ഒന്നും ഇല്ലാത്തതിനാല്‍ പാര്‍ട്ടി പണം നല്‍കേണ്ട കാര്യമില്ലെന്ന് സിപിഎം സെക്രട്ടറിയേറ്റ് അംഗമായ എ കെ ബാലനും പറഞ്ഞു. ഓഖി ഫണ്ടില്‍ നിന്നല്ല ഹെലികോപ്ടര്‍ വാടക നല്‍കുന്നതെന്നും എ കെ ബാലന്‍ വിശദീകരിച്ചു.
ഹെലികോപ്ടര്‍ യാത്രയ്ക്ക് ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന നിലപാട് കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. തെറ്റില്ലെങ്കില്‍ എന്തിനാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നല്‍കാനുള്ള ഉത്തരവ് റദ്ദാക്കിയത് എന്ന് മുഖ്യമന്തി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Adjust Story Font
16

