Quantcast

തൃശൂര്‍ പൂരാവേശത്തില്‍

MediaOne Logo

Khasida

  • Published:

    27 May 2018 10:55 AM IST

തൃശൂര്‍ പൂരാവേശത്തില്‍
X

തൃശൂര്‍ പൂരാവേശത്തില്‍

ശബ്ദത്തിന്റെയും ദൃശ്യത്തിന്റെയും വിസ്മയകാഴ്ചയൊരുക്കി തൃശൂരില്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്

ശബ്ദത്തിന്റെയും ദൃശ്യത്തിന്റെയും വിസ്മയകാഴ്ചയൊരുക്കി തൃശൂരില്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്. ആയിരക്ക‌ണക്കിന് പൂര പ്രേമികളെ സാക്ഷി നിര്‍ത്തി രാത്രി ഏഴേ മുക്കാലോടെ പാറമേക്കാവ് വിഭാഗം ആദ്യം വെടിക്കെട്ടിന് തിരി കൊളുത്തി. തുടര്‍ന്ന് തിരുവമ്പാടിയും വെടിക്കെട്ടാവേശം തീര്‍ത്തു പൂര നഗരിയില്‍.

റോഡിലും കെട്ടിടങ്ങള്‍ക്ക് മുകളിലുമെല്ലാം മണിക്കൂറുകള്‍ മുന്‍പേ പൂര പ്രേമികള്‍ ഇടം പിടിച്ചു. ഇത്തവണയും പുതുമയുടെ വിസ്മയ കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളതെന്ന സൂചനയുമായി സാമ്പിള്‍ വെടിക്കെട്ടിന് പാറമേക്കാവ് ആദ്യം തിരികൊളുത്തി. പതിനഞ്ച് മിനിട്ടിന് ശേഷം തിരുവമ്പാടിയും മാനത്തും പൂര പ്രേമികളുടെ മനസ്സിലും വിസ്മയ കാഴ്ചയൊരുക്കി.

കനത്ത സുരക്ഷ ക്രമീകരണങ്ങള്‍ക്ക് നടുവിലായിരുന്നു സാമ്പിള്‍ വെടിക്കെട്ട്. നഗരത്തില്‍ വാഹന ഗതാഗതവും ക്രമീകരിച്ചിരുന്നു.

ഇന്ന് പൂര വിളംബരം
തട്ടകങ്ങള്‍ ഉണര്‍ന്നു കഴിഞ്ഞു. ഇന്ന് പൂര വിളംബരം. ഗജവീരന്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ ശിരസ്സിലേറി നെയ്തലക്കാവിലമ്മ വടക്കുംനാഥന്റെ തെക്കെ ഗോപുര നട തുറക്കാന്‍ ഇന്നെത്തും.

നാളെ വെയില്‍ പരക്കും മുന്‍പ് കണിമംഗലം ശാസ്താവ് പൂര നഗരിയിലെത്തുന്നതോടെയാണ് മുപ്പതിയാറ് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന പൂര വിസ്മയത്തിന് തുടക്കമാവുക. പൂര പ്രേമികളെ കൊണ്ട് തൃശൂര്‍ നഗരം വീര്‍പ്പ് മുട്ടി തുടങ്ങി. ഇന്നലെ നടന്ന സാംപിള്‍ വെടിക്കെട്ട് കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

തിരുവമ്പാടി വിഭാഗത്തിന്റെ ചമയ പ്രദര്‍ശനവും ഇന്ന് നടക്കും. ഇന്നലെ തുടങ്ങിയ പാറമേക്കാവിന്റെ ചമയ പ്രദര്‍ശനം ഇന്നും തുടരും. ഉച്ചക്ക് ശേഷം പൂര നഗരിയില്‍ വെച്ച് പൂരത്തില്‍ പങ്കെടുക്കാനെത്തിച്ച ആനകളുടെ വൈദ്യ പരിശോധന നടക്കും. നഗരത്തില്‍ ഇന്നും നാളെയും ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സുരക്ഷക്കായി 3500 പൊലീസുകാരെ വിന്യസിച്ചിട്ടുള്ളത്.

TAGS :

Next Story