Quantcast

ഐഎസ് വിഷയത്തില്‍ മുജാഹിദുകള്‍ക്ക് ലീഗ് പിന്തുണ, എതിര്‍പ്പുമായി സമസ്ത

MediaOne Logo

Subin

  • Published:

    29 May 2018 11:34 PM IST

ഐഎസ് വിഷയത്തില്‍ മുജാഹിദുകള്‍ക്ക് ലീഗ് പിന്തുണ, എതിര്‍പ്പുമായി സമസ്ത
X

ഐഎസ് വിഷയത്തില്‍ മുജാഹിദുകള്‍ക്ക് ലീഗ് പിന്തുണ, എതിര്‍പ്പുമായി സമസ്ത

സലഫികള്‍ക്ക് പിന്തുണയുമായി ലീഗ് നേതാവ് കെഎം ഷാജി എഴുതിയ ലേഖനത്തെ വിമര്‍ശിച്ച് സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ രംഗത്തെത്തി.

ഐഎസുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ മുജാഹിദ് ഗ്രൂപ്പുകളെ പിന്തുണക്കുന്നത് സംബന്ധിച്ച് മുസ്ലിം ലീഗില്‍ ഭിന്നത. വിഷയത്തില്‍ മുജാഹിദുകള്‍ക്ക് പിന്തുണ തേടി മുസ്ലിം സംഘടനകളുടെ യോഗം വിളിച്ച മുസ്ലിം ലീഗ് സമസ്തയുടെ എതിര്‍പ്പുമൂലം പിന്‍വാങ്ങി. സലഫികള്‍ക്ക് പിന്തുണയുമായി ലീഗ് നേതാവ് കെഎം ഷാജി എഴുതിയ ലേഖനത്തെ വിമര്‍ശിച്ച് സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ രംഗത്തെത്തി.

ഐഎസുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇതുവരെ പിടിയിലായവരില്‍ ഒരാളൊഴികെയുള്ളവര്‍ ടി പി അബ്ദുല്ലക്കോയ മദനി നേതൃത്വം നല്‍കുന്ന മുജാഹിദ് ഗ്രൂപ്പുമായി ബന്ധമുള്ളവരാണ്. ഔദ്യോഗിക വിഭാഗം മുജാഹിദുകളുടെ നിയന്ത്രണത്തിലുള്ള പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെ മതസ്പര്‍ദ്ദ വളര്‍ത്താന്‍ ശ്രമിച്ചതിന് പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രശ്‌നത്തില്‍ രാഷ്ട്രീയ പിന്തുണ തേടി മുജാഹിദ് നേതൃത്വം മുസ്ലിം ലീഗിനെ സമീപിച്ചത്.

ഐ എസ് വിഷയത്തില്‍ മുജാഹിദുകള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ വിവിധ മുസ്ലിം സംഘടനകളുടെ യോഗം മുസ്ലീം ലീഗ് വിളിച്ചെങ്കിലും സമസ്തയുടെ എതിര്‍പ്പ് മൂലം നടന്നില്ല. ഐഎസിനും സലഫിസത്തിനുമെതിരെ സംഘടന ക്യാമ്പയില്‍ നടത്തുന്ന സാഹചര്യത്തില്‍ മുജാഹിദുകളെ പിന്തുണക്കാനാവില്ലെന്നാണ് സമസ്തയുടെ നിലപാട്. സലഫി ആശയം പിന്തുടരുന്ന ലീഗ് നേതാക്കളായ കെഎം ഷാജി, എം കെ മുനീര്‍ എന്നിവര്‍ മുജാഹിദുകളെ പിന്തുണക്കണമെന്ന ശക്തമായ നിലപാടിലാണ്. എന്നാല്‍ സമസ്തയെ പിണക്കി മുജാഹിദുകളെ പ്രതിരോധിക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് പാര്‍ട്ടിയില്‍ മറ്റൊരു വിഭാഗത്തിനുള്ളത്.

സംസ്ഥാന പൊലീസിന്റെയും എന്‍ഐഎയുടെയും ഐഎസ് വിരുദ്ധ നടപടികള്‍ മുസ്ലിം വേട്ടയായി മാറിയെന്നാരോപിച്ച് മുജാഹിദ് ഗ്രൂപ്പുകള്‍ രംഗത്തുവന്ന സാഹചര്യത്തില്‍ വിഷയം യുഡിഎഫ് ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിക്കാനാണ് മുസ്ലിം ലീഗില്‍ ആലോചന നടക്കുന്നത്. അതിനിടെ സലഫിസത്തെ പിന്തുണച്ച് കെ എം ഷാജി എഴുതിയ ലേഖനത്തെ വിമര്‍ശിച്ച് സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ രംഗത്തെത്തി. ഷാജി വഹാബിസത്തിന് വിധേയമായെന്നും സലഫിസത്തെ വെള്ളപൂശാനുള്ള ഷാജിയുടെ ശ്രമം യാഥാര്‍ഥ്യബോധമില്ലാത്തതാണെന്നും മുസ്തഫ മുണ്ടുപാറ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.

TAGS :

Next Story