Quantcast

''എന്തുകൊണ്ട് മഹാഭാരതമെന്ന പേര്‍?'' ശശികലയ്ക്ക് മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരി

MediaOne Logo

Khasida

  • Published:

    3 Jun 2018 12:36 PM GMT

എന്തുകൊണ്ട് മഹാഭാരതമെന്ന പേര്‍? ശശികലയ്ക്ക് മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരി
X

''എന്തുകൊണ്ട് മഹാഭാരതമെന്ന പേര്‍?'' ശശികലയ്ക്ക് മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരി

അരവിന്ദന്റെ കാഞ്ചനസീതയില്‍ എവിടെ സീത, പ്രേംനസീറിന്റെ ലങ്കാദഹനത്തില്‍ എവിടെ ഹനുമാനും ലങ്കയും?

എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിന് മഹാഭാരതം എന്ന പേരില്‍ സിനിമാരൂപം ഒരുക്കുന്നതിനെതിരെ വിമര്‍ശമുയര്‍ത്തുന്ന ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്ക്കെതിരെ മറുപടിയുമായി സ്വാമി സന്ദീപാനന്ദ ഗിരി. തന്റെ ഫെയ്സ്‍ബുക്ക് പേജിലൂടെയാണ് പരോക്ഷമായി ശശികലയ്ക്കുള്ള മറുപടിയും വിശദീകരണവുമായി സ്വാമി എത്തിയിരിക്കുന്നത്.

രണ്ടാമൂഴം, മഹാഭാരതം എന്ന തലക്കെട്ടില്‍ പുറത്തിറക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ശശികലയുടെ ഭീഷണി. ഭീമന്റെ കഥ മാത്രം പറയുന്ന രണ്ടാമൂഴത്തിന് മഹാഭാരതമെന്ന പേര് നല്‍കാന്‍ പറ്റില്ലെന്നാണ് അവരുടെ വാദം. ഇതിനുള്ള മറുപടിയെന്ന നിലയില്‍, അരവിന്ദന്റെ കാഞ്ചനസീതയില്‍ എവിടെ സീത, പ്രേംനസീറിന്റെ ലങ്കാദഹനത്തില്‍ എവിടെ ഹനുമാനം ലങ്കയും എന്ന ചോദ്യമാണ് സന്ദീപാനന്ദ ഗിരി തിരിച്ചുയര്‍ത്തുന്നത്.

വ്യാസന്റെയും വാത്മീകിയുടെയും ഗോസ്വാമി തുളസീദാസിന്റെയും കമ്പരാമായണത്തിലെ രാമനും സീതയുമെല്ലാം വ്യത്യസ്തരാണ്.. ഭാഗവതത്തിലെ, മഹാഭാരതത്തിലെ, നാരായണീയത്തിലെ, ഗോപികാഗീതത്തിലെ, ഭഗവത്ഗീതയിലെ -കൃഷ്ണന് വ്യത്യാസമുണ്ട്. പക്ഷേ, അതിനര്‍ഥം കൃഷ്ണനും രാമനും ഒരുപാടുണ്ട് എന്നല്ലെന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

മാനുഷികവികാരങ്ങളെല്ലാമുള്ള സുന്ദരനായ ഭീമനാണ് എം.ടിയുടെ ഭീമനെന്നും എം.ടി യിലൂടെ പ്രവർത്തിക്കുന്നത് വ്യാസനാണ് സംശയിക്കണ്ടെന്നും അദ്ദേഹം പറയുന്നു. എം.ടിയുടെ രണ്ടാമൂഴം മഹാഭാരതമെന്ന പേരിൽ സിനിമയായി വന്നാൽ ഇതുവരെ മഹാഭാരതം വായിക്കാത്ത സകലർക്കും മഹാഭാരതം ആഴത്തിൽ പഠിക്കാനുള്ള പ്രേരണയുണ്ടാകുമെന്നതിലും സംശയം വേണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.


സ്വാമി സന്ദീപാനന്ദഗിരിയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം:

എന്തുകൊണ്ട് മഹാഭാരതമെന്നപേർ?
പ്രിയ സുഹൃത്തുക്കളേ രണ്ടാമൂഴം എന്നത് മലയാള ശബ്ദമാണ്.1000കോടി മുതൽ മുടക്കി ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറാൻ പോകുന്ന സർവോപരി ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിക്കാൻ പോകുന്ന സിനിമയ്ക് മഹാഭാരതമെന്ന പേരിടുന്നതുകൊണ്ട് എന്താണ് കുഴപ്പം?
അരവിന്ദന്റെ കാഞ്ചനസീത കണ്ടാരെങ്കിലും സീതയെ കണ്ടില്ലല്ലോ എന്നപരാതി പറഞ്ഞോ?
പ്രേംനസീറിന്റെ ലങ്കാദഹനം സിനിമയിൽ എവിടെയാ ഹനുമാനും ലങ്കയും?
വ്യാസന്റെ രാമനോ സീതയോ അല്ല വാത്മീകിയുടെ രാമനും സിതയും,
ഇതുരണ്ടുമല്ല ഗോസ്വാമി തുളസീദാസിന്റെ രാമനും സീതയും അവിടെ പ്രാമുഖ്യം ഹനുമാനാണ്.
ഇതിൽനിന്നെല്ലാം വിത്യസ്തമാണ് കബരാമായണത്തിൽ രാമൻ.
വാസിഷ്ഠത്തിലേക്കുവരുന്പോൾ ഇതെല്ലാം മാറിമറയുന്നു.
ഭാഗവതത്തിലെ കൃഷ്ണനല്ല മഹാഭാരതത്തിലെ കൃഷ്ണൻ.
ഇതുരണ്ടുമല്ല നാരായണീയത്തിലെ കൃഷ്ണൻ.
ഗോപികാഗീതത്തിലെ കൃഷ്ണനല്ല ഭഗവത്ഗീതയിലെ കൃഷ്ണൻ.
അപ്പോൾ കൃഷ്ണനും രാമനും ഒരുപാടുണ്ടോ?
ഇല്ല. യോവേദാർത്ഥകൃഷ്ണരാമയോ:
രാമനും കൃഷ്ണനുമെല്ലാം വേദ താല്പര്യത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് സാരം.

മോഹൻലാൽ എന്ന മഹാനടൻ തന്റെ ഓരോരോമകൂപങ്ങളേയും മഹാഭാരതത്തിലെ ഭീമനിലേക്ക് സന്നിവേശിപ്പിക്കുന്ന മഹാപ്രയാണത്തിലാണിപ്പോൾ,
നമ്മുടെ എല്ലാവരുടേയും പിന്തുണയും പ്രാർത്ഥനയുമാണ് വാസുവേട്ടനും,ലാലേട്ടനും ഇപ്പോൾവേണ്ടത്.
മാനുഷികവികാരങ്ങളെല്ലാമുള്ള സുന്ദരനായ ഭീമനാണ് എം.ടിയുടെ ഭീമൻ.
നമുക്ക് കാത്തിരിക്കാം,
എം.ടി.മലയാളത്തിനു സമ്മാനിച്ചതത്രയും ഉദാത്തങ്ങളാണ്.
എം.ടി.യെ വായിക്കാത്തവർക്കായി വാരണസി'എന്ന പുസ്തകം നിർദേശിക്കാം.
'വാരണസി'എന്ന കൊച്ചു പുസ്തകം വായിച്ചാൽ നിങ്ങൾ ഉടൻ വാരണസിയിൽ പോകാൻ തയ്യാറെടുക്കും.
എം.ടി യിലൂടെ പ്രവർത്തിക്കുന്നത് വ്യാസനാണ് സംശയിക്കണ്ട.
എം.ടിയുടെ രണ്ടാമൂഴം മഹാഭാരതമെന്ന പേരിൽ സിനിമയായി വന്നാൽ ഇതുവരെ മഹാഭാരതം വായിക്കാത്ത സകലർക്കും മഹാഭാരതം ആഴത്തിൽ പഠിക്കാനുള്ള പ്രേരണയുണ്ടാകുമെന്നതിലും സംശയം വേണ്ട.

TAGS :

Next Story