Quantcast

ബാഗേജ് മോഷ്ടാക്കള്‍ എയര്‍പോര്‍ട്ടില്‍ തന്നെ; നിലമ്പൂര്‍ സ്വദേശിക്ക് യാത്രക്കിടെ നഷ്ടമായത് വിലയേറിയ വാച്ച്

എയര്‍പോര്‍ട്ട് അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും കുറ്റം യാത്ര ആരംഭിച്ച വിമാനത്താവളത്തിന് ചാര്‍ത്തി അധികാരികള്‍ കൈയൊഴിഞ്ഞു.

MediaOne Logo
ബാഗേജ് മോഷ്ടാക്കള്‍ എയര്‍പോര്‍ട്ടില്‍ തന്നെ; നിലമ്പൂര്‍ സ്വദേശിക്ക് യാത്രക്കിടെ നഷ്ടമായത് വിലയേറിയ വാച്ച്
X

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരുടെ ബാഗേജുകള്‍ മോഷ്ടിക്കപ്പെടുന്ന സംഭവം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസം ദമ്മാമില്‍ നിന്നും കരിപ്പൂരിലേക്ക് യാത്ര പോയ നിലമ്പൂര്‍ സ്വദേശി ബെന്‍സി കുര്യകോസിനാണ് തന്റെ ബാഗേജില്‍ ഉണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ ഒടുവില്‍ നഷ്ടമായത്. എയര്‍പോര്‍ട്ട് അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും കുറ്റം യാത്ര ആരംഭിച്ച വിമാനത്താവളത്തിന് ചാര്‍ത്തി അധികാരികള്‍ കൈയൊഴിഞ്ഞു.

കഴിഞ്ഞ ദിവസം ദമ്മാമില്‍ നിന്നും ജെറ്റ് എയര്‍ വിമാനത്തില്‍ കരിപ്പൂരിലെത്തിയ ബെന്‍സി കുര്യാകോസിന് തന്റെ ബാഗേജ് കുത്തി തുറന്ന നിലയിലാണ് ലഭിച്ചത്. പരിശോധനക്കൊടുവില്‍ ബാഗേജില്‍ ഉണ്ടായിരുന്ന വിലപിടിപ്പുള്ള വാച്ച് നഷ്ടപ്പെട്ടതായി ബെന്‍സി പറയുന്നു.

തുടര്‍ന്ന് സഹയാത്രികരായിരുന്ന ദമ്മാം കാലിക്കറ്റ് എയര്‍പോര്‍ട്ട് യൂസേഴ്‌സ് ഫോറം ഭാരവാഹികളുടെ സഹായത്തോടെ ജെറ്റ് എയര്‍വേസ് അധികാരികള്‍ക്കും, കസ്റ്റംസ് ഓഫിസര്‍, എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ എന്നിവര്‍ക്കും രേഖാമൂലം പരാതി നല്‍കുകയായിരുന്നു.

എന്നാല്‍ യാത്ര ആരംഭിച്ച ഇടത്ത് നടന്ന മോഷണമായിരിക്കുമെന്ന രീതിയിലാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണമെന്നും ഇവര്‍ പറയുന്നു. കുറഞ്ഞ അവധി ദിവസങ്ങള്‍ മാത്രം നാട്ടില്‍ ചെലവഴിക്കുന്നതിന് വേണ്ടി പോകുന്ന പ്രവാസികളില്‍ പലര്‍ക്കും ദുരനുഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. പലരും സമയനഷ്ടവും അധികാരികളുടെ സഹകരണമില്ലായ്മയും മുന്നില്‍ കണ്ട് പരാതിപ്പെടാനും തയ്യാറാവുന്നില്ല എന്നതാണ് വസ്തുത.

TAGS :

Next Story