Quantcast

വിശ്വാസികളെ ക്ഷേത്രത്തില്‍ കടത്താതിരിക്കുകയല്ല, അവര്‍ക്ക് അതിനുള്ള സൌകര്യമൊരുക്കുകയാണ്  തന്ത്രി ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി

ശബരിമലയില്‍ ആക്രമണം നടത്തിയത് സംഘ്പരിവാറാണെന്നും ആ സംഘ്പരിവാറിനൊപ്പം നിന്ന് സ്വയം തകരുകയാണ് കോണ്‍ഗ്രസെന്നും പിണറായി വിജയന്‍

MediaOne Logo

Web Desk

  • Published:

    23 Oct 2018 7:05 AM GMT

വിശ്വാസികളെ ക്ഷേത്രത്തില്‍ കടത്താതിരിക്കുകയല്ല, അവര്‍ക്ക് അതിനുള്ള സൌകര്യമൊരുക്കുകയാണ്  തന്ത്രി ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി
X

സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ നടയടച്ചിടുമെന്ന തന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്ത്രിയുടേത് അവിവേകപൂര്‍ണമായ നടപടിയാണ്. ക്ഷേത്രത്തിലേക്ക് ഭക്തരെ കടത്താതിരിക്കുക എന്നതല്ല ആരാധനയ്ക്കുള്ള സൌകര്യമൊരുക്കുകയാണ് തന്ത്രി ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ നട തുറക്കും മുന്‍പ് തന്നെ സംഘപരിവാര്‍ പദ്ധതി തയ്യാറാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദര്‍ശനത്തിനായി യുവതികള്‍ ശബരിമലയില്‍ നില്‍ക്കുമ്പോള്‍ നാട്ടില്‍ വീട് ആക്രമിച്ചത് ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്.

കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത കയ്യേറ്റം മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടന്നു. ശബരിമലയില്‍ നിന്നും ക്രിമിനലുകളെ നീക്കം ചെയ്യുമെന്നും പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

സുപ്രീം കോടതി വിധി എന്തായാലും അത് നടപ്പിലാക്കും എന്ന് നേരത്തേ സര്‍ക്കാര്‍ വ്യക്തമാക്കിയ കാര്യമാണ്. ഏത് സര്‍ക്കാറായാലും സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാ ഉത്തരവാദിത്തമുണ്ട്. അതു തന്നെയാണ് സര്‍ക്കാര്‍ ഇവിടെ നിര്‍വഹിക്കുന്നത്

അതേസമയം സര്‍ക്കാര്‍ വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കുന്നുണ്ട്. ശബരിമല ഒരു ആരാധനാസ്ഥലമാണ്. അതിന് ആവശ്യമായ ശാന്തിയും സമാധാനവും ആണ് ആവശ്യം. ശബരിലമയെ സംഘര്‍ഷ ഭൂമിയാക്കാല്‍ സര്‍ക്കാറിന്റെ ഉദ്ദേശമല്ല. വിശ്വാസികള്‍ക്ക് സര്‍ക്കാര്‍ ആരാധന സ്വാതന്ത്ര്യ ഉറപ്പ് വരുത്തും. അതിന് വേണ്ടിയുള്ള സൌകര്യമൊരുക്കും.

നട തുറക്കുന്നതിന് മുമ്പ് തന്നെ ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമം നടന്നു. കലാപത്തിന് ഗൂഢ പദ്ധതി സംഘ്പരിവാര്‍ തയ്യാറാക്കി. എന്നാല്‍, സര്‍ക്കാറോ പൊലീസോ ഒരു വിശ്വാസിയേയും തടയാനോ എതിര്‍ക്കാനോ ശ്രമിച്ചിട്ടില്ല.

പ്രതിഷേധത്തിന്റെ പേരില്‍ പന്തല്‍ കെട്ടി സമരം നടത്തി. അതിനും സര്‍ക്കാര്‍ എതിര് നിന്നിരുന്നില്ല. ആ സമരത്തിന് പുതിയ രീതികള്‍ വന്നു. അവര്‍ തന്നെ ഭക്തരെ പരിശോധിക്കുന്ന നിലയുണ്ടായി. പരിശോധനക്ക് ശേഷമേ സന്നിധാനത്തേക്ക് വിടൂ എന്ന സ്ഥിതിയുണ്ടായി. യുവതികള്‍ക്ക് നേരെയും ആക്രമണമുണ്ടായി. സാധാരണ ഭക്തര്‍ക്കും തടസ്സമുണ്ടാക്കി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമം ഉണ്ടായി. കേരളത്തിന്റെ ചരിത്രത്തില്‍ ഇല്ലാത്ത പുതിയ രീതി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായി തങ്ങള്‍ പറയുന്ന രീതിയിലല്ല റിപ്പോര്‍ട്ടിംഗ് എന്നാല്‍ പരസ്യമായി പ്രതികരിക്കും എന്ന നിലയുണ്ടായി. അവിടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സംഘ്പരിവാര്‍ ചീറിയടുക്കുന്ന ദൃശ്യം എല്ലാവരും കണ്ടതാണ്. സംഘ്പരിവാറിന്റെ അക്രമമുഖം ദൃശ്യങ്ങളിലൂടെ ജനം കണ്ടതാണ്.

ഇത്തരമൊരു ഘട്ടത്തില്‍ അയ്യപ്പഭക്തര്‍ക്ക് ശബരിമലയില്‍ എത്താന്‍ സൌകര്യം ഒരുക്കുന്നത് പൊലീസിന്റെ ഉത്തരവാദിതത്തമായി മാറി. പൊലീസ് ഭക്തര്‍ക്ക് സുരക്ഷ ഒരുക്കി. തുടര്‍ന്ന് വലിയ ആക്രമണമാണ് ഉണ്ടായത്.

കല്ലേറുണ്ടായി, വലിയ തോതില്‍ മാനസിക പീഡനം വനിതകള്‍ക്ക് ഏറ്റുവാങ്ങേണ്ട സ്ഥിതിയുണ്ടായി. ശബരിമലയിലെത്തിയ വനിതകള്‍ക്ക് നേരെ തെറിയഭിഷേകവും ആക്രമണവും അവരുടെ വീടുകള്‍ക്ക് നേരെ ആക്രമണവും ഒരേമസമയം ഉണ്ടായി. ശബരിമലയില്‍ സ്ത്രീകള്‍ നില്‍ക്കുമ്പോള്‍ തന്നെ അവരുടെ വീട് ആക്രമിക്കപ്പെട്ടത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ്. ഏത് സ്ത്രീ സന്ദര്‍ശിച്ചാലും അവരുടെ വീട് ആക്രമിക്കാനുള്ള പദ്ധതി മുന്‍കൂട്ടി തയ്യാറാക്കിയിരുന്നു. സ്ത്രീകളുടെ നീക്കങ്ങള്‍ അപ്പപ്പോള്‍ അറിയുക, മറ്റ് സംഘങ്ങള്‍ക്ക് വിവരങ്ങള്‍ എത്തിച്ചുകൊടുക്കുക എന്നതായിരുന്നു രീതി. ഇത് വ്യക്തമാക്കുന്ന വോയിസ് ക്ലിപ്പുകള്‍ പുറത്തുവന്നത് അതാണ് തെളിയിക്കുന്നത്. ഇരുമുടിക്കെട്ട്, ഒരു കറുപ്പ് വസ്ത്രം എടുത്ത് മലയിലേക്ക് വരണമെന്ന് സംഘ്പരിവാറുകാര്‍ വോയ്സ് മെസേജ് അയക്കുന്ന സ്ഥിതിയുണ്ടായി. ഇതിനെല്ലാം ആര്‍എസ്എസ് നേതൃത്വം കൊടുത്തു. ശബരിമലയെ ആരാധനാലയം എന്നിടത്തുമാറ്റി സംഘര്‍ഷസ്ഥലം ആക്കി മാറ്റി. ഭക്തിയുടെ പേരില്‍ സംഘ്പരിവാര്‍ അക്രമം കാണിക്കുന്നു. സംഘ്പരിവാറിന്റെ അജണ്ടക്കനുസരിച്ചാണ് കാര്യങ്ങള്‍ നടന്നത്. ആ സംഘ്പരിവാര്‍ അയ്യപ്പഭക്തരല്ല, അക്രമികളുടെ കേന്ദ്രമായി ശബരിമലയെ മാറ്റാന്‍ അനുവദിക്കില്ല. അങ്ങനെ ആരും വ്യാമോഹിക്കേണ്ട

ക്രിമിനലുകള്‍ അവിടെ കേന്ദ്രീകരിക്കാന്‍ അനുവദിക്കില്ല. ക്രിമിനലുകളെ സന്നിധാനത്ത് നിന്ന് മാറ്റും. വിശ്വാസികളുടെ വിശ്വാസം ഉറപ്പുവരുത്തും. 10 മുതല്‍ 50 വരെ വയസ്സുള്ള സ്ത്രീകളെ മാത്രമല്ല ഇവര്‍ തടയുന്നത്. ഭക്തകള്‍ കണ്ണീരോടെ സന്നിധാനം വിടുന്ന കാഴ്ച നമ്മള്‍ കണ്ടു. ഇവര്‍ക്ക് നടപ്പന്തലില്‍ വെച്ച് കയ്യേറ്റമുണ്ടായി. അയല്‍ സംസ്ഥാനങ്ങളിലെ ഭക്തര്‍ക്കാണ് ഇത്തരം ദുരനുഭവം ഉണ്ടായത്. ഇത്തരം അതിക്രമങ്ങളെ അംഗീകരിച്ചുകൊണ്ട് മുന്നോട്ടുപോകാനാകില്ല

ശബരിമല അവലോകന യോഗത്തിന് വന്ന സ്ത്രീകളെ പരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരും ഇറങ്ങിയത് ഗൌരവമായ കാര്യമാണ്. ഭക്തര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാറിന്‍റെ ബാധ്യതയാണ്. മികവുറ്റ പൊലീസ് ഉദ്യോഗസ്ഥരെ പോലും ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം സംഘ്പരിവാറിന്റെ ഭാഗത്ത് നിന്നുണ്ടായി.

പൊലീസിനെപ്പോലും വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ സംഘ്പരിവാര്‍ ശ്രമിച്ചു. പൊലീസിലെ വിശ്വാസികള്‍ തങ്ങള്‍ക്കനുകൂലമായ നിലപാട് എടുക്കണമന്ന് ബി.ജെ.പി പ്രസിഡന്‍റ് ആഹ്വാനം ചെയ്തു. പൊലീസില്‍ കലാപം ഉണ്ടാക്കുക എന്നതും ഇവരുടെ ഉദ്ദേശമാണ്. അയ്യപ്പ വിശ്വാസിയായ ഒരു പൊലീസ് ഓഫീസര്‍ രാവിലെ ദര്‍ശനത്തിനെത്തിയത് ഹീനമായി വളച്ചൊടിച്ചു. വ്യക്തിപരമായ വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എല്ലാ ജാതിയിലും മതത്തിലുംപെട്ട വിശ്വാസികള്‍ അവരുടെ പ്രാര്‍ഥനയില്‍ ഏര്‍പെടുമ്പോള്‍ സുരക്ഷ ഒരുക്കുക, ക്രമീകരണം ഒരുക്കുക ഇതൊക്കെ പൊലീസിന്റെ ഉത്തരവാദിത്വമാണ്. കേസുകളുണ്ടായായാല്‍ പൊലീസിന് ആളുകളെ അറസ്റ്റ് ചെയ്യേണ്ടി വരും. ജാതിയും മതവും നോക്കി പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുക എന്നത് സാധ്യമല്ല. അത്തരത്തിലൊരു കീഴ്‍വഴക്കം നമ്മുടെ നാട്ടിലില്ല. ഇക്കാര്യത്തില്‍ പ്രതിപക്ഷനേതാവിനെ പോലുള്ളവര്‍ അവരുടെ നിലപാട് വ്യക്തമാക്കണം അത് അറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story