Quantcast

കെ കൃഷ്ണന്‍കുട്ടി, ചിറ്റൂരിന്റെ ഓരോ ഹൃദയമിടിപ്പും തൊട്ടറിഞ്ഞ ജനകീയ നേതാവ്

വിളയോടിയിലെ എഴുത്താണിക്കളത്തി എന്ന കര്‍ഷകകുടുംബത്തില്‍ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കോണ്‍ഗ്രസിലൂടെ രാഷ്ട്രീയംരഗംത്ത്. അധികം വൈകാതെ ജനതാ പാര്‍ട്ടിയിലൂടെ സോഷ്യലിസ്റ്റ് ചേരിയിലെത്തി. 

MediaOne Logo

Web Desk

  • Published:

    23 Nov 2018 3:21 PM GMT

കെ കൃഷ്ണന്‍കുട്ടി, ചിറ്റൂരിന്റെ ഓരോ ഹൃദയമിടിപ്പും തൊട്ടറിഞ്ഞ ജനകീയ നേതാവ്
X

പാലക്കാട് ചിറ്റൂരിനടുത്ത വിളയോടിയില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ച് കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലെത്തിയ നേതാവാണ് കെ കൃഷ്ണന്‍കുട്ടി. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിന്ന് തുടങ്ങി സോഷ്യലിസ്റ്റ് ചേരിയിലേക്ക് മാറി അവിടെ ഉറച്ചു നിന്നതാണ് കൃഷ്ണന്‍കുട്ടിയുടെ രാഷ്ട്രീയ ജിവിതം. ചിറ്റൂരിന്റെ ഓരോ ഹൃദയമിടിപ്പും തൊട്ടറിഞ്ഞ ജനകീയ നേതാവ് കൂടിയാണ് കെ കൃഷ്ണന്‍കുട്ടി.

വിളയോടിയിലെ എഴുത്താണിക്കളത്തി എന്ന കര്‍ഷകകുടുംബത്തില്‍ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കോണ്‍ഗ്രസിലൂടെ രാഷ്ട്രീയംരഗംത്ത്. അധികം വൈകാതെ ജനതാ പാര്‍ട്ടിയിലൂടെ സോഷ്യലിസ്റ്റ് ചേരിയിലെത്തി. 1980ല്‍ കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുള്ള ചിറ്റൂര്‍ മണ്ഡലത്തില്‍ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി എല്‍.ഡി.എഫിനു വേണ്ടി മത്സരിച്ച് ജയിച്ചു. 82ല്‍ ഇന്നത്തെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അതേ മണ്ഡലത്തില്‍ തോല്‍പ്പിച്ചു. 1987ല്‍ കെ.എ ചന്ദ്രനോട് തോറ്റെങ്കിലും 91ല്‍ കെ.എ ചന്ദ്രനെത്തന്നെ പരാജയപ്പെടുത്തി വീണ്ടും എം.എല്‍.എയായി. 96ല്‍ കെ അച്യുതനോട് പരാജയപ്പെട്ട കൃഷ്ണന്‍കുട്ടിക്ക് ചിറ്റൂരില്‍ പിന്നീട് വിജയകിരീടമണിയാനായത് 2016ലാണ്. ജനതാദള്‍ പിളര്‍ന്നപ്പോള്‍ എം.പി വീരേന്ദ്രകുമാറിനൊപ്പം സോഷ്യലിസ്റ്റ് ജനതയുടെ രൂപീകരണത്തില്‍ നേതൃപരമായ പങ്കു വഹിച്ചു. വീരേന്ദ്രകുമാറിനൊപ്പം തന്നെ യു.ഡി.എഫിലെത്തി. പിന്നീട് വീരനെ കയ്യൊഴിഞ്ഞ് ജെ.ഡി.യുവില്‍ ചേര്‍ന്ന് വീരേന്ദ്രകുമാറിന് മുമ്പ് തന്നെ എല്‍.ഡി.എഫില്‍ തിരിച്ചെത്തി.

ഇ.കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് പെരുമാട്ടി പഞ്ചായത്തില്‍ കൊക്കോകോള പ്ലാന്റ് സ്ഥാപിച്ചപ്പോള്‍ അവര്‍ക്ക് വെള്ളം വില്‍ക്കാന്‍ കരാറുണ്ടാക്കിയെന്ന പേരുദോഷമുണ്ടായി. എന്നാല്‍ ജല സമരത്തിന്റെ മുന്‍ നിരയില്‍ നില്‍ക്കുകയും കൊക്കകോള പൂട്ടാനിടയാക്കിയ പെരുമാട്ടി പഞ്ചായത്തിന്റെ നിയമനടപടികള്‍ക്ക് നേതൃപരമായ പങ്ക് വഹിച്ചു പേരുദോഷം നീക്കി. പറമ്പിക്കുളം ആളിയാര്‍ പദ്ധതിയെ കുറിച്ച് ആഴത്തില്‍ അറിവുള്ള കൃഷ്ണന്‍കുട്ടി കേരളത്തിനര്‍ഹതപ്പെട്ട ജലം നേടിയെടുക്കുന്നതിന് സഭക്കകത്തും പുറത്തും പോരാടുന്നയാളാണ്. അങ്ങനെയൊരാള്‍ കേരളത്തിന്റെ ജലവിഭവവകുപ്പ് മന്ത്രിയാകുമ്പോള്‍, അന്തര്‍സംസ്ഥാന നദീജല പങ്കാളിത്തത്തിന്റെ കാര്യത്തില്‍ കേരളത്തിനനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന പ്രതീക്ഷയുണരുന്നുണ്ട്. കാലഹരണപ്പെട്ട കരാറുകള്‍ മാറ്റിയെഴുതണമെന്ന് നിരന്തരം വാദിക്കുന്നയാളുമാണ് കെ. കൃഷ്ണന്‍കുട്ടി.

TAGS :

Next Story