കെ.എസ്.ആര്‍.ടി.സി: നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താമെന്ന് കോടതി
താത്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടതിലൂടെ ഉണ്ടായ ഒഴിവിലേക്ക് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി പ്രതിസന്ധി പരിഹരിക്കുന്നത് വരെ നിയമനം നടത്താം.

കെ.എസ്.ആര്‍.ടി.സിയിൽ പി.എസ്.സി വഴി അല്ലാതെയുള്ള നിയമനങ്ങൾ ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി. ഇപ്പോൾ ഉണ്ടായ പ്രതിസന്ധി പരിഹരിക്കാൻ നിയമം അനുവദിക്കുമെങ്കിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. പിരിച്ചുവിട്ട എംപാനൽ കണ്ടക്ടർമാർ ഹരജിയിൽ കക്ഷി ചേരാൻ നൽകിയ അപേക്ഷ കോടതി അനുവദിച്ചു.

180 ദിവസത്തിൽ കൂടുതൽ താത്കാലിക കണ്ടക്ടർമാരുടെ നിയമനം നീട്ടിക്കൊണ്ടുപോയത് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പി.എസ്.സി വഴി അല്ലാതെയുള്ള എല്ലാ നിയമനവും ഭരണഘടനാ വിരുദ്ധമാണ്. താത്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടതിലൂടെ ഉണ്ടായ ഒഴിവിലേക്ക് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി പ്രതിസന്ധി പരിഹരിക്കുന്നത് വരെ നിയമനം നടത്താം. എന്നാൽ ഇപ്പോൾ പിരിച്ചുവിട്ട താത്കാലിക കണ്ടക്ടർമാരെ നിയമിക്കുന്നത് നിയമം അനുവദിക്കുകയാണെങ്കിൽ മാത്രമേ കഴിയുകയുള്ളൂ എന്നും ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കി. ഇവരിൽ സുപ്രിംകോടതി മാർഗനിർദേശ പ്രകാരം 10 വർഷത്തിൽ കൂടുതൽ സർവീസ് ഉള്ളവർക്ക് ജോലിയിൽ തുടരാമെന്നും ഉത്തരവിലുണ്ട്.
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ നിന്നുള്ള നിയമനം നീട്ടിക്കൊണ്ടുപോയി പി.എസ്.സി വഴിയുള്ള നിയമനം നിയന്ത്രിക്കാൻ നിയമം അനുവദിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹരജി ജനുവരി 7ന് വീണ്ടും പരിഗണിക്കും.
Adjust Story Font
16

