സനല്‍ കൊലപാതകം; സമരം അവസാനിപ്പിക്കാന്‍ സി.പി.എം സമ്മര്‍ദ്ദമെന്ന് കുടുംബം
ആവശ്യങ്ങൾ അംഗീകരിച്ച് കിട്ടുന്നതു വരെ സമരം തുടരാനാണ് സനലിന്റെ കുടുംബത്തിന്റെ തീരുമാനം. ക്രിസ്മസ് ദിനത്തിൽ വിജിയും സനലിന്റെ മാതാപിതാക്കളും പട്ടിണി സമരം കിടക്കും

നെയ്യാറ്റിൻകരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം അവസാനിപ്പിക്കാൻ സി.പി.എം സമ്മർദ്ദമെന്ന് ആരോപണം. സഹായം കിട്ടണമെങ്കിൽ വാർത്താ സമ്മേളനം വിളിച്ച് സമരം അവസാനിപ്പിച്ചതായി പറയാന്‍ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടതായി സനലിന്റെ കുടുംബം ആരോപിക്കുന്നു. എം.എൽ.എ കെ.ആൻസലന്റെ സാന്നിധ്യത്തിൽ ജില്ലാ കമ്മറ്റി ഓഫീസിൽ വച്ച് വിജിയുടെ അച്ഛൻ വർഗ്ഗീസിനോടായിരുന്നു ആവശ്യം ഉന്നയിച്ചത്.

ഈ മാസം 22ാം തീയതി ഉച്ചക്ക് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ചായിരുന്നു ചർച്ച. സഹായം ലഭ്യമാകണമെങ്കിൽ പത്ര സമ്മേളനം വിളിച്ച് സമരം നിർത്തണമെന്ന് വിജിയുടെ അച്ഛൻ വർഗീസിനോട് ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടു എന്നാണ് ആരോപണം. പാർട്ടിക്ക് കീഴിലുള്ള പാൽ സൊസൈറ്റിയിൽ ജോലി നൽകാമെന്ന വാഗ്ദാനവും നൽകി.
ആവശ്യമില്ലാത്ത സമരമാണ് നടത്തുന്നതെന്ന് പറഞ്ഞതായി ജില്ലാ സെക്രട്ടറി സമ്മതിച്ചു. എന്നാൽ മറ്റ് ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നാണ് ആനാവൂർ പറഞ്ഞത്.
അതിനിടെ, ആവശ്യങ്ങൾ അംഗീകരിച്ച് കിട്ടുന്നതു വരെ സമരം തുടരാനാണ് സനലിന്റെ കുടുംബത്തിന്റെ തീരുമാനം. ക്രിസ്മസ് ദിനത്തിൽ വിജിയും സനലിന്റെ മാതാപിതാക്കളും പട്ടിണി സമരം കിടക്കും. ജനുവരി ഒന്നു മുതൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കും.
Adjust Story Font
16

