ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി; ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നത് നല്ലതാണെന്ന് വി.എം സുധീരന്‍
യു.ഡി.എഫിലെ സീറ്റ് വിഭജനത്തില്‍ രാഹുല്‍ ഗാന്ധി ഈ മാസം 29 ന് നേതാക്കളുമായി ചര്‍ച്ച നടത്തും

ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി. പാര്‍ട്ടി ഇക്കാര്യത്തില്‍ ചര്‍ച്ച തുടങ്ങിയിട്ടില്ല. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നത് നല്ലതാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്‍റ് വി എം സുധീരന്‍ പറഞ്ഞു. എന്നാല്‍ സ്ഥാനാര്‍ഥി ചര്‍ച്ച നടന്നിട്ടില്ല. താന്‍ മത്സരിക്കുന്നില്ലെന്ന കാര്യം നേരത്തെ വ്യക്തമാക്കിയതാണ്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഘടകകക്ഷികള്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നത് സ്വാഭാവികമാണെന്നും സുധീരന്‍ കാസര്‍കോട് പറഞ്ഞു.
കേരളത്തിലെ സ്ഥാനാര്‍ഥികള്‍ ആരെല്ലാം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികും പ്രതികരിച്ചു. എം.എൽ.എമാർ മത്സരിക്കണമോയെന്ന കാര്യത്തിലും മാനദണ്ഡങ്ങൾ തയ്യാറാക്കിയിട്ടില്ല. കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്നും മുകുള്‍ വാസ്നിക് കോട്ടയത്ത് പറഞ്ഞു.
സീറ്റ് ധാരണയായെന്ന പ്രസ്താവനക്കെതിരെ ലീഗ് രംഗത്തുവന്ന സാഹചര്യത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് വിശദീകരണം നല്‍കി. യുഡിഎഫില്‍ സീറ്റ് വിഭജനത്തെക്കുറിച്ച് ധാരണയായതായി താന്‍ പറഞ്ഞെന്ന റിപ്പോര്‍ട്ടുകളെ തള്ളുകയായിരുന്നു അദ്ദേഹം. മണ്ഡലങ്ങളെക്കുറിച്ച് ധാരണയായെന്നാണ് താന്‍ പറഞ്ഞത്. സ്ഥാനാര്‍ഥികളെക്കുറിച്ചല്ലെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു. 29 ന് ബൂത്ത് ഭാരവാഹികളുടെ സംഗമത്തിലെത്തുന്ന രാഹുല്‍ ഗാന്ധി യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
യു.ഡി.എഫിലെ സീറ്റ് വിഭജനത്തില്‍ രാഹുല്‍ ഗാന്ധി ഈ മാസം 29 ന് നേതാക്കളുമായി ചര്‍ച്ച നടത്തും. ബൂത്ത് ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാനാണ് 29ന് രാഹുല്‍ എറണാകുളത്ത് എത്തുന്നത്. ഘടകക്ഷികള്‍ അധിക സീറ്റുകള്‍ ചോദിക്കുകയും അത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചക്ക് പ്രാധാന്യമുണ്ട്. സീറ്റ് വിഭജനം ഔദ്യോഗിക അജണ്ടയിലില്ലെങ്കിലും ദേശീയസാഹചര്യം വിശദീകരിച്ച് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതിനുള്ള പരിമിതി രാഹുല്‍ ഘടകകക്ഷികളെ അറിയിച്ചേക്കുമെന്നാണ് സൂചന. രാഹുലിന്‍റ സന്ദര്‍ശനത്തോടെ സീറ്റ് ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ് നേതൃത്വം.
Adjust Story Font
16

