Quantcast

മാതൃകയായി മലപ്പുറത്തെ അക്ഷയ പദ്ധതി

2001ല്‍ മലപ്പുറം ജില്ലാ പഞ്ചായത്താണ് അക്ഷയ പദ്ധതിയുടെ ആശയം മുന്നോട്ടുവെക്കുന്നത്. പ്രാദേശിക സംരംഭകരെ ഉപയോഗിച്ച് സാധാരണക്കാര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതായിരുന്നു പദ്ധതി.

MediaOne Logo

Web Desk

  • Published:

    3 Feb 2019 2:29 PM IST

മാതൃകയായി മലപ്പുറത്തെ അക്ഷയ പദ്ധതി
X

പിന്നാക്കത്തിന്‍റെ ഭാണ്ഡം പേറുമ്പോഴും ഒരു പിടി പദ്ധതികള്‍ ആദ്യം നടപ്പാക്കി രാജ്യത്തിന് മാതൃകയായ ജില്ലയാണ് മലപ്പുറം. അത്തരത്തില്‍ ഒന്നാണ് കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതിയായ അക്ഷയ.

2001ല്‍ മലപ്പുറം ജില്ലാ പഞ്ചായത്താണ് അക്ഷയ പദ്ധതിയുടെ ആശയം മുന്നോട്ടുവെക്കുന്നത്. പ്രാദേശിക സംരംഭകരെ ഉപയോഗിച്ച് സാധാരണക്കാര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതായിരുന്നു പദ്ധതി. സര്‍ക്കാരിന്‍റെ കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതിയായി 2002ല്‍ അക്ഷയ മലപ്പുറത്ത് തുടങ്ങി.

കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം, നികുതികളും ബില്ലുകളും അടക്കാന്‍ വാര്‍ഡുതല സെന്‍ററുകള്‍, ഓണ്‍ലൈന്‍ സേവന കേന്ദ്രം, ഡി.റ്റി.പി സെന്‍ററുകള്‍, കമ്പ്യൂട്ടര്‍ കോഴ്സുകള്‍ തുടങ്ങിയവയെല്ലാം അക്ഷയയുടെ ഭാഗമായി നടപ്പാക്കി. ഒരു പിന്നാക്ക ജില്ലയായിട്ടും പദ്ധതി മലപ്പുറത്ത് വന്‍ വിജയമായി. ഇതോടെ മറ്റു 13 ജില്ലകളിലേക്കും അക്ഷയ വ്യാപിപ്പിച്ചു.

കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റും വ്യാപിക്കുന്നതിന് സമാന്തരമായി അതിന് വേണ്ട പരിശീലനവും അതുവഴിയുള്ള സര്‍ക്കാര്‍ സേവനവും അക്ഷയയിലൂടെ ഉറപ്പാക്കാന്‍ കഴിഞ്ഞു. മുന്‍ മാതൃകകളില്ലാത്ത ഒരു പദ്ധതി മലപ്പുറത്തെ ജനത തുറന്ന മനസ്സോടെ ഏറ്റെടുക്കാന്‍ സന്നദ്ധരായി എന്നതാണ് അക്ഷയയുടെ നടത്തിപ്പ് എളുപ്പമാക്കിയത്.

മൊബൈലില്‍ ഐ.ടി സേവനങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയെങ്കിലും അത് ഉപയോഗിക്കാന്‍ അറിയുന്നവര്‍ ഇപ്പോഴും വളരെ കുറവാണ്. അതിനാല്‍ തന്നെ പലതരം ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി അക്ഷയയെ ആശ്രയിക്കുന്നവര്‍ ധാരാളമുണ്ട്. പങ്കാളിത്ത വികസനത്തിന് മികച്ച മാതൃകയായി അക്ഷയയും മലപ്പുറവും ചരിത്രത്തില്‍ ഇടംപിടിച്ചു കഴിഞ്ഞു.

TAGS :

Next Story