ഷറഫലി മുതല്‍ അനസ് വരെ; മലപ്പുറം രാജ്യത്തിന് സംഭാവന ചെയ്ത താരങ്ങളേറെ
ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന യു.ഷറഫലി മുതല്‍ ദേശീയ ടീമില്‍ നിന്നും വിരമിച്ച അനസ് എടത്തൊടിക വരെയുള്ളവര്‍ മലപ്പുറത്തിന്‍റെ മണ്ണില്‍ നിന്നും രാജ്യത്തിന്‍റെ യശസ്സുയര്‍ത്തിയവരാണ്

മലപ്പുറത്തിന്‍റെ ജീവനാണ് ഫുട്ബോള്‍. ഐ ലീഗും ഐ.എസ്.എല്ലും മുതല്‍ ദേശീയ ടീമില്‍ വരെ മലപ്പുറത്തിന്‍റെ കുട്ടികള്‍ കളിക്കുന്നുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന യു.ഷറഫലി മുതല്‍ ദേശീയ ടീമില്‍ നിന്നും വിരമിച്ച അനസ് എടത്തൊടിക വരെയുള്ളവര്‍ മലപ്പുറത്തിന്‍റെ മണ്ണില്‍ നിന്നും രാജ്യത്തിന്‍റെ യശസ്സുയര്‍ത്തിയവരാണ്.
മലപ്പുറത്ത് അഖിലേന്ത്യാ പൊലീസ് ഫുട്ബോളില്‍ കേരളം സിക്കിമിനെ നേരിടുകയാണ്. കേരള ടീമിന്‍റെ മാനേജര്‍ കേസരയില്‍ യു.ഷറഫലി. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ ക്യാപ്റ്റനായിരുന്ന അതേ ഷറഫലി. അരീക്കോട്ടെ സെവന്‍സ് ടൂര്‍ണമെന്‍റുകളില്‍ കളിച്ചാണ് ഷറഫലി വളര്‍ന്നത്. ജാബിറും ആസിഫ് സഹീറും അനസ് എടത്തൊടികയും ആഷിക് കുരുണിയനുമെല്ലാം മലപ്പുറം രാജ്യത്തിന് സംഭാവന ചെയ്ത താരങ്ങളാണ്. എഴുപതുകളില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ച മൊയ്തീന്‍ കുട്ടിയും അക്കൂട്ടത്തിലുണ്ട്.
മലപ്പുറത്തെ രക്ഷിതാക്കളുടെ സ്വപ്നം തന്‍റെ മകന്‍ രാജ്യത്തിന് വേണ്ടി ഫുട്ബോള്‍ കളിക്കുന്ന ഒരു ദിനമാണ്. ബ്രിട്ടീഷുകാരെ കാല്‍പന്ത് കളിച്ച് തോല്‍പ്പിക്കാന്‍ മുതിര്‍ന്ന ചരിത്രം പോലും അവര്‍ക്ക് ആവേശമായി കൂട്ടിനുണ്ട്. ഫുട്ബോളിനോട് വെറും ഭ്രമമല്ല, പ്രഫഷണല്‍ ഫുട്ബോളില്‍ മികച്ച താരങ്ങളെ സംഭാവന ചെയ്യാന്‍ കഴിയുന്ന ഗൌരവമുള്ള കളിക്കമ്പമാണ് മലപ്പുറത്തിനുള്ളതെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞതാണ്.
Adjust Story Font
16

