Quantcast

"മറ്റൊരാൾക്കും കോവിഡ് വരുന്നതു പോലെയല്ല അദ്ദേഹത്തിന് വരുന്നത്" ഉമ്മൻ ചാണ്ടിയുടെ ക്വാറന്റൈൻ വാസത്തെ കുറിച്ച് ഹൃദ്യമായ കുറിപ്പ്

"ഒറ്റയ്ക്കാവുന്നതിന്റെ ഏറ്റവും വലിയ ഭയപ്പാടോടു കൂടിയാണ് ആ മനുഷ്യൻ ആരുമില്ലാത്ത ആ വലിയ ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത്"

MediaOne Logo

Web Desk

  • Published:

    9 April 2021 1:07 PM GMT

മറ്റൊരാൾക്കും കോവിഡ് വരുന്നതു പോലെയല്ല അദ്ദേഹത്തിന് വരുന്നത് ഉമ്മൻ ചാണ്ടിയുടെ ക്വാറന്റൈൻ  വാസത്തെ കുറിച്ച് ഹൃദ്യമായ കുറിപ്പ്
X

"ഒറ്റയ്ക്കാവുന്നതിന്റെ ഏറ്റവും വലിയ ഭയപ്പാടോടു കൂടിയാണ് ആ മനുഷ്യൻ ആരുമില്ലാത്ത ആ വലിയ ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത്. " കോവിഡ് ബാധിച്ച് ക്വാറന്റൈൻ വാസത്തിലായ ഉമ്മൻ ചാണ്ടിയെ കുറിച്ച് ഭാവ യാമി ഫേസ്‌ബുക്കിൽ എഴുതിയതാണ് ഈ വരികൾ. ഇന്നലെയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

മറ്റൊരാൾക്കും കോവിഡ് വരുന്നതു പോലെയല്ല അദ്ദേഹത്തിന് വരുന്നത്. കാരണം എകാന്തത എന്തെന്ന് അയാൾ അറിഞ്ഞിട്ടില്ല. ഇന്നോവയിലും അര സീറ്റ് മാത്രം സ്വന്തമായൊരാൾ.കാരോട്ട് വള്ളക്കാലിൽ വീടിലെ അറ്റാച്ച്ഡ്‌ ബാത്ത്റൂമിൽ പോലും ആൾക്കൂട്ടം കണ്ട് പൊരുത്തപ്പെട്ട് സമാധാനമായി ഒന്ന് മൂത്രമൊഴിക്കാൻ പറമ്പു തേടുന്ന മനുഷ്യൻ.

ഏകാന്തതയുടെ ഇരുപത്തിയൊന്നു ദിനങ്ങൾ. ഒറ്റയ്ക്കാവുന്നതിന്റെ ഏറ്റവും വലിയ ഭയപ്പാടോടു കൂടിയാണ് ആ മനുഷ്യൻ ആരുമില്ലാത്ത ആ വലിയ ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത്. ആദ്യമായി സ്കൂളിലെത്തുന്ന കുട്ടിയുടെ അമ്പരപ്പ് പോലെയൊന്ന്. അപരിചിതമായ പെരുവഴിയിൽ ചുറ്റിലാരുമില്ല എന്ന ബോർഡ്.

മറ്റൊരിടത്തും വീശുന്ന പോലയല്ല മലമുകളിൽ കാറ്റു വീശുന്നത്. ആദ്യമായി ഏകാന്തത അദ്ദേഹത്തെ കാണുമ്പോൾ ഇതിനു മുൻപ് കണ്ടിട്ടില്ലല്ലോ ഈ ഭാഗങ്ങളിൽ നൈസ് ടു മീറ്റ് യു എന്ന് പറഞ്ഞേക്കാം. വിജനതയുടെ കാഴ്ചകളിലൂടെ പതിയെ കൈ പിടിച്ച് നടത്തി ആർക്കും ഇതിനു മുൻപ് പകരാത്ത അതിന്റെ വന്യ സൗന്ദര്യം നവ അതിഥിക്കു മുന്നിൽ കുടഞ്ഞിട്ടേക്കാം.

ഇതിന്റെയത്രയും സൗന്ദര്യമുണ്ടോ നിങ്ങളുടെ ആരവ പകലിരവുകൾക്ക് എന്ന ചോദ്യത്തോട്... എ എ ഏ ഒരു മനുഷ്യൻ ഒറ്റക്കാവുന്നത് സ്വന്തം തിരഞ്ഞെടുപ്പിലൂടെയാവണം അടിച്ചേൽപ്പിക്കപ്പെട്ടാവരുത്. ഒരാൾക്ക് ഏകാന്തതയോ കൂട്ടായ്മയിലോ മുഴുകണമെങ്കിൽ അതിനുള്ള സ്വാതന്ത്ര്യം തട്ടി പറിക്കരുത്.

ഈ സത്യവാങ്മൂലം എവിടെ സമർപ്പിക്കാനും ഞാൻ തയ്യാറാണ് എന്നദ്ദേഹം പറഞ്ഞിരിക്കാം.

അതിന് മറുപടിയായി... ഒന്ന് മാറിയിരിക്കാൻ ആഗ്രഹിക്കാത്ത മനുഷ്യരുണ്ടോ.

ഒന്ന് അവനവനോട് മിണ്ടിയും പറഞ്ഞുമിരിക്കാൻ കൊതിക്കാത്ത ജീവിയുണ്ടോ? കുയിൽ ഒറ്റയ്ക്കിരുന്ന് പാടുന്നത് അങ്ങ് കേട്ടിട്ടില്ലേ? മയിൽ സ്വയം മറന്ന് നൃത്തമാടുന്നത് അങ്ങ് കണ്ടിട്ടില്ലേ?ഏകാന്തതയുടെ താളത്തിന് എന്തൊരു അനുഭൂതിയാണ് എന്തൊരു ആനന്ദമാണത്.

ഹ ഹ എന്തിന് വേണ്ടിയാണ് കുയിൽ പാടുന്നത്. മയിൽ നൃത്തം ചെയ്യുന്നത്?എ ഏ അത് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ .ഒരു കൂട്ടുതേടി ,ഒരു ഇണയെ ആകർഷിക്കാനാണ് അത് ഇത്ര മധുരതരമായി പാടുന്നത്. ഒറ്റയ്ക്കാവാതിരിക്കാനുള്ള കഷ്ടപ്പാടാണത്. ഒരു മനുഷ്യൻ ഏകാന്തതയിലേക്ക് പോകുന്നത് കൂടുതൽ മെച്ചപ്പെട്ട ജീവിയാകാൻ ആണങ്കിൽ എനിക്ക് അതിനോട് എതിർപ്പില്ല പക്ഷേ എനിക്ക് അതിന്റെ ആവശ്യമില്ല. ആരവങ്ങളുടെ മേളക്കൊഴുപ്പ് അതൊരു ഊർജ്ജമാണ്. തൃശൂർ പൂരത്തിന്റെ തിരമാലയിൽ പെട്ട പോലെയുള്ള അനുഭവം.

പിന്നയും പിന്മാറാതെ ഏകാന്തത... ലോകത്തെ മികച്ച സൃഷ്ടികളും കണ്ടുപിടുത്തങ്ങളും ഉണ്ടായിട്ടുള്ളത് എന്നിൽ നിന്നാണ് അത് മറക്കണ്ട. ഏകാന്തത പകരുന്ന നിർവൃതി താങ്കൾക്ക് പരിചിതമല്ലാത്തനിലാണ്. എനിക്കറിയണ്ട അത്. മരിച്ചു കഴിഞ്ഞാൽ സ്വർഗ്ഗം കിട്ടും എന്നു പറഞ്ഞു കേൾക്കുന്നതു കൊണ്ട് ആരെങ്കിലും പോയി മരിക്കാറുണ്ടോ?

പിന്നെ നിങ്ങൾ പറഞ്ഞ സൃഷ്ടി കർമ്മത്തിലെ ഏകാന്തത. കൈയ്യടിയും പ്രോത്സാഹനവുമില്ലങ്കിൽ ഒരു കലാകാരൻ കരിക്കട്ടയാണ്. അയാൾ ഏകാന്തതയെ പുണരുകയല്ല. സൃഷ്ടിയിൽ ഉന്മാദം കണ്ടെത്തുകയാണ്. അതും ചില ആരവങ്ങൾക്കു വേണ്ടി. അതിലൂടെ കൂട്ടായ്മയുടെ വലിയ ചക്രവാളം സൃഷ്ടിക്കുകയാണ് കലാകാരൻ. അല്ലാതെ ഏകാന്തതയുടെ രാവണൻ കോട്ട കെട്ടുകയല്ല.

പിന്നെ ചോദ്യങ്ങളൊന്നുമില്ലാതെ ഏകാന്ത കുഞ്ഞു കുഞ്ഞു ബഹളങ്ങൾ ഇഷ്ടപ്പെട്ട് തുടങ്ങിയേക്കാം. ഒടുവിൽ ഇരുപത്തിയൊന്നാം നാൾപൊട്ടിക്കരഞ്ഞ്‌ പ്രിയനെ..എനിക്ക് നിങ്ങളോട് പിരിയാനാവാത്തവിധംപ്രണയം തോന്നുന്നുവെന്ന് വിതുമ്പിയേക്കാം.പക്ഷെ ആഗ്രഹിച്ചാലും വരാൻ കഴിയില്ല എനിക്കാലോകത്തേക്ക് എന്നു പറഞ്ഞ് തിരിഞ്ഞു നോക്കാതെ അലിഞ്ഞു പോയേക്കാം.

#ആ മനുഷ്യന്റെ ഏകാന്തത.

TAGS :

Next Story