Quantcast

2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു

മികച്ച നടനുള്ള അവാർഡ് കിട്ടുന്നത് പ്രോത്സാഹനമാണെന്നും നടന്മാരായ ആസിഫും ടൊവിനോയും മില്ലി മീറ്റർ അകലംപോലുമില്ലാതെ തൊട്ടുപിറകിലുണ്ടെന്നും പുരസ്കാരം സ്വീകരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    25 Jan 2026 9:36 PM IST

2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു
X

തിരുവനന്തപുരം: 2024 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു. ജെ.സി ഡാനിയല്‍ പുരസ്‌കാരത്തിന് അര്‍ഹയായ നടി ശാരദക്കും മുഖ്യമന്ത്രി ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും സമ്മാനിച്ചു. ഭ്രമയുഗം സിനിമയിലെ മികച്ച പ്രകടനത്തിന് മമ്മൂട്ടിക്കാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്‌കാരവും ഏറ്റുവാങ്ങി.

ശാരദയുടേത് മലയാള സിനിമയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത നേട്ടമാണെന്നും ഏറെക്കാലമായുള്ള ശിപാര്‍ശക്കൊടുവില്‍ മമ്മൂട്ടിക്ക് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പറഞ്ഞു.

മികച്ച നടനുള്ള അവാര്‍ഡ് കിട്ടുന്നത് പ്രോത്സാഹനമാണെന്നും നടന്മാരായ ആസിഫും ടൊവിനോയും മില്ലി മീറ്റര്‍ അകലംപോലുമില്ലാതെ തൊട്ടുപിറകിലുണ്ടെന്നും പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു. 'കഴിഞ്ഞ ദിവസമാണ് ഫെമിനിച്ചി ഫാത്തിമ കണ്ടത്. പുരുഷാധിപത്യമാണ് സിനിമയില്‍ പറയുന്നത്. മലയാളത്തില്‍ മാത്രമേ ഇത്തരത്തിലുള്ള സിനിമകള്‍ ഉണ്ടാവുകയുള്ളൂ.' മലയാളികള്‍ക്ക് മാത്രമേ ഇത്തരം സിനിമകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂവെന്നും എല്ലാ സിനിമയും പ്രോത്സാഹിപ്പിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ഷംല ഹംസ പറഞ്ഞു.

ചടങ്ങില്‍ നടന്മാരായ ടൊവിനോ തോമസ്, ആസിഫ് അലി, വേടന്‍, ജ്യോതിര്‍മയി, സൗബിന്‍ ഷാഹിര്‍, ലിജോ മോള്‍ ജോസ്, സിദ്ധാര്‍ഥ് ഭരതന്‍, ചിദംബരം, ഫാസില്‍ മുഹമ്മദ്, സുഷിന്‍ ശ്യാം, സയനോര ഫിലിപ്പ് തുടങ്ങി 51 ചലച്ചിത്രപ്രതിഭകള്‍ക്കും മുഖ്യമന്ത്രി പുരസ്‌കാരം കൈമാറി.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാനായ പ്രകാശ് രാജ്, റസൂല്‍ പൂക്കുറ്റി എന്നിവരും സംബന്ധിച്ചു.

TAGS :

Next Story