ആലുവയിലെ കടയിൽ വെളിച്ചെണ്ണ മോഷണം; 30 കുപ്പി വെളിച്ചെണ്ണ കവർന്നു
മോഷണത്തിനിടെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന സോഫ്റ്റ് ഡ്രിങ്ക് കുടിച്ചു മോഷ്ടാവ് ക്ഷീണവുമകറ്റി

കൊച്ചി: എറണാകുളം ആലുവയിലെ കടയിൽ വെളിച്ചെണ്ണ മോഷണം. തോട്ടുമുഖം പാലത്തിന് സമീപത്തെ കടയിലാണ് മോഷണം നടന്നത്. 30 കുപ്പി വെളിച്ചെണ്ണയാണ് മോഷ്ടാവ് ചാക്കിലാക്കി കടന്നുകളഞ്ഞത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.
ആദ്യം കടയുടെ പിൻഭാഗത്തെ തറതുരന്ന് കടയിൽ കയറാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അതോടെ കടയുടെ പൂട്ട് തകർത്ത് അകത്ത് കയറി കടയിലുണ്ടായിരുന്ന 30 കുപ്പി വെളിച്ചെണ്ണ കടയിൽ നിന്ന് തന്നെയുള്ള ചാക്കിലാക്കിയാണ് മോഷ്ടാവ് കൊണ്ടുപോയത്. മോഷണത്തിനിടെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന സോഫ്റ്റ് ഡ്രിങ്ക് കുടിച്ചു ക്ഷീണവുമകറ്റി.
ശനിയാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. നാലുകുപ്പി വെളിച്ചെണ്ണ കടയിൽ ബാക്കിവെച്ചിട്ടുണ്ട്. വെളിച്ചെണ്ണ കൂടാതെ 10 പാക്കറ്റ് പാലും ഒരുപെട്ടി ആപ്പിളും മോഷണം പോയിട്ടുണ്ട്. പിടിക്കപ്പെടാതിരിക്കാൻ കടയിലെ സിസിടിവിയുടെ കേബിളും മുറിച്ചുമാറ്റിയാണ് മോഷ്ടാവ് കടന്നുകളഞ്ഞത്.
വെളിച്ചെണ്ണക്ക് വൻതോതിൽ വില വർധിച്ചിരുന്നു. നേരത്തെ അംഗൻവാടിയിൽ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണയും മോഷണം പോയിരുന്നു.
watch video:
Adjust Story Font
16

