Quantcast

'പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന യാതൊന്നും ചെയ്തിട്ടില്ല, അച്ചടക്കനടപടികള്‍ സ്വീകരിക്കരുത്'; സിപിഎമ്മിന് വിശദീകരണം നല്‍കി എ.പത്മകുമാര്‍

പത്മകുമാറിനെതിരെ നടപടി തീരുമാനിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തിങ്കളാഴ്ച ചേരും

MediaOne Logo

Web Desk

  • Published:

    13 March 2026 9:59 AM IST

പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന യാതൊന്നും ചെയ്തിട്ടില്ല, അച്ചടക്കനടപടികള്‍ സ്വീകരിക്കരുത്; സിപിഎമ്മിന് വിശദീകരണം നല്‍കി എ.പത്മകുമാര്‍
X

പത്തനംതിട്ട: സ്വര്‍ണക്കൊള്ള കേസില്‍ സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിന് എ.പത്മകുമാര്‍ വിശദീകരണം നല്‍കി. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയിട്ടില്ലെന്നുമാണ് പത്മകുമാറിന്റെ വിശദീകരണം. തപാലിലൂടെയായിരുന്നു പത്മകുമാറിനോട് ജില്ലാ നേതൃത്വം വിശദീകരണം തേടിയത്. വിശദീകരണം എഴുതിതയ്യാറാക്കിയതിന് ശേഷം ദൂതന്‍ വഴിയാണ് പത്മകുമാര്‍ മറുപടി കൊടുത്തയച്ചത്. പത്മകുമാറിനെതിരെ നടപടി തീരുമാനിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തിങ്കളാഴ്ച ചേരും.

ദേവസ്വം ബോര്‍ഡിന്റെ മുന്നിലെത്തിയ രേഖകളില്‍ 'പിത്തള' എന്നത് വെട്ടി ചെമ്പ് എന്ന് തിരുത്തിയത് മാത്രമാണ് തനിക്കെതിരെ എസ്‌ഐടിക്ക് കണ്ടെത്താനായതെന്ന് പത്മകുമാര്‍ വിശദീകരണത്തില്‍ പറഞ്ഞു. യഥാര്‍ഥത്തില്‍ സ്വര്‍ണം പൂശിയത് ചെമ്പുപാളികളിലാണെന്നും അദ്ദേഹം വിശദീകരിച്ചു. ബോര്‍ഡ് രേഖകളില്‍ സാങ്കേതികമായി നടത്തിയ തിരുത്തല്‍ മാത്രമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഈ തിരുത്തല്‍ താന്‍ വ്യക്തിപരമായി സ്വീകരിച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല. മറിച്ച്, ദേവസ്വം ബോര്‍ഡ് കൂട്ടായി സ്വീകരിച്ച തീരുമാനമായിരുന്നു. തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തില്‍ ചെമ്പ് പാളികള്‍ നവീകരിക്കുകയെന്നതായിരുന്നു ബോര്‍ഡിന്റെ പൊതുവായ തീരുമാനം. അതിനാല്‍ പൂര്‍ണ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെക്കാനാകില്ല.'

പ്രത്യേക അന്വേഷണസംഘം തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും അതില്‍ പ്രതിചേര്‍ക്കുകയും ചെയ്താല്‍ മാത്രമേ നിയമപരമായ പ്രസക്തിയുള്ളൂവെന്നും തന്റെ ഭാഗത്ത് നിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ലാത്തതിനാല്‍ അച്ചടക്കനടപടികള്‍ സ്വീകരിക്കരുതെന്നും വിശദീകരണ മറുപടിയില്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.


TAGS :

Next Story