Quantcast

ജോലി സമയം കൂട്ടുന്നത് കോർപ്പറേറ്റുകൾക്ക് തൊഴിൽ ചൂഷണം നടത്താനുള്ള അവസരമൊരുക്കാൻ: എ.എ റഹീം എംപി

ഐടി മേഖലയിലടക്കം കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്ന യുവതക്ക് കൂടുതൽ ജോലി ഭാരം അടിച്ചേൽപ്പിക്കുന്നത് ​ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എ.എ റഹീം പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    31 Jan 2025 9:44 PM IST

AA Rahim against proposal to increase working hours
X

കോഴിക്കോട്: ജോലി സമയം കൂട്ടാനുള്ള സാമ്പത്തിക അവലോകന റിപ്പോർട്ടിലെ നിർദേശം കോർപ്പറേറ്റുകൾക്ക് തൊഴിൽ ചൂഷണം നടത്താൻ അവസരമൊരുക്കാനാണെന്ന് എ.എ റഹീം എംപി. പുതിയ ലേബർ കോഡുകളുടെ അടിസ്ഥാനത്തിൽ ഒരു കോർട്ടറിൽ 144 മണിക്കൂർ വരെ ഓവർടൈം ജോലി ചെയ്യാം എന്നു നിഷ്‌കർഷിക്കുന്നുണ്ട്. ഇതിനകം ഏഴ് സംസ്ഥാനങ്ങളിൽ ഇത് നടപ്പിലാക്കി കഴിഞ്ഞതായി റിപ്പോർട്ട് പറയുന്നു. മഹാരാഷ്ട്ര, ഹരിയാന, ഹിമാചൽപ്രദേശ്, ഒഡീഷ, കർണാടക, യുപി, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഇതിനകം നടപ്പാക്കിയത്. മറ്റു സംസ്ഥാനങ്ങളിൽ കൂടി ഇത് നടപ്പിലാക്കാനാണ് ഇകണോമിക് സർവേ റിപ്പോർട്ട് ശിപാർശ ചെയ്യുന്നത്. 'വർക്ക് ലൈഫ് ബാലൻസ്' വലിയ പ്രശ്‌നമായി ഇപ്പോഴും ഐ.ടി ഉൾപ്പെടെയുള്ള എല്ലാ പുതിയ തൊഴിൽ മേഖലയിലും തുടരുകയാണ്. കടുത്ത മാനസിക സമ്മർദങ്ങൾ അഭിമുഖീകരിക്കുന്ന ഈ യുവത്വത്തിന് നേരെയാണ് കൂടുതൽ ജോലിഭാരവും ചൂഷണവും അടിച്ചേൽപ്പിക്കാൻ വീണ്ടും ശ്രമിക്കുന്നത്. ഓവർ ടൈം ജോലി എടുത്താൽ ശമ്പളമൊന്നും അധികം കൂടാൻ പോകുന്നില്ല, മാനസിക സമ്മർദം മാത്രമാകും കൂടുകയെന്നും എ.എ റഹീം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇന്ന് പുറത്തു വന്ന രാജ്യത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട് പരാമർശമാണ് :

വർക്കിങ് സമയം കൂട്ടണം.പുതിയ ലേബർ കോഡുകളുടെ അടിസ്ഥാനത്തിൽ ഒരു കോർട്ടറിൽ 144മണിക്കൂർ വരെ ഓവർടൈം ജോലി ചെയ്യാം എന്നു നിഷ്കർഷിക്കുന്നുണ്ട്. ഇതിനകം 7സംസ്ഥാനങ്ങളിൽ ഇത് നടപ്പിലാക്കി കഴിഞ്ഞതായി റിപ്പോർട്ട് പറയുന്നു.മഹാരാഷ്ട്ര.ഹരിയാന.ഹിമാചൽപ്രദേശ്,ഒഡീഷ,കർണാടക, യു പി ,പഞ്ചാബ്.

മറ്റു സംസ്ഥാനങ്ങളിൽ കൂടി ഇത് നടപ്പിലാക്കാനാണ് ഇക്കൊണോമിക് സർവേ റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്.ഇത് തൊഴിലാളികളുടെ വരുമാന ശേഷി വർധിപ്പിക്കുമത്രെ! (ഇക്കണോമിക്ക് സർവേ റിപ്പോർട്ട് 2024-25പേജ് 393) എന്നാൽ ഇതേ റിപ്പോർട്ടിൽ മറ്റൊരു സത്യം കൂടി പറയുന്നുണ്ട്. ഇന്ത്യയിലെ കോർപ്പറേറ്റ് ലാഭം ഈ സാമ്പത്തിക വർഷം 22.3%ആയി വർധിച്ചു. ഈ വർദ്ധനവ് കഴിഞ്ഞ പതിനഞ്ചു വർഷത്തിലെ ഏറ്റവും കൂടിയ നിരക്കാണ്. എന്നാൽ ശമ്പള നിരക്ക് വർദ്ധനവ് മന്താഗതിയിലാണ് എന്നും റിപ്പോർട്ട് അടിവരയിടുന്നു. (ഇക്കണോമിക് സർവേ റിപ്പോർട്ട് 2024-25,പേജ് 381) കോർപ്പറേറ്റുകൾക്ക് കടുത്ത തൊഴിൽ ചൂഷണം നടത്താൻ ഇനിയും അവസരം ഒരുക്കാനാണ് കേന്ദ്ര സർക്കാർ നീക്കം എന്ന് വ്യക്തമാണ്.

ഐ ടി മേഖലയിൽ പ്രത്യേകമായി ശമ്പള നിരക്കിൽ സ്തംഭനാവസ്ഥ തുടരുന്നതായി ഇക്കണോമിക് സർവേ റിപ്പോർട്ട് പറയുന്നു എന്ന് കൂടി ഓർക്കണം.(പേജ് 381) സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം വളർച്ച നിരക്കിൽ ഇടിവാണ് തുടർച്ചയായി രേഖപ്പെടുത്തുന്നത്. രാജ്യത്തിന്റെ ഈ ദുരവസ്ഥക്ക് പ്രധാന കാരണങ്ങളിൽ ഒന്ന് കടുത്ത തൊഴിലില്ലായ്മയാണ്.തൊഴിലില്ലായ്മയ്ക്ക് പുറമെ ,സ്ഥിരം ജോലിയില്ലാത്ത ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ രാജ്യം, ഉള്ള ജോലിക്ക് മതിയായ വേതനം ലഭിക്കാതെ ബുദ്ധിമുട്ടുന്ന യുവതയുടെ രാജ്യം.നാളത്തെ ബജറ്റിൽ കൂടുതൽ ചൂഷണങ്ങളുടെ തീരുമാനങ്ങൾ ഉണ്ടാകും എന്നതിന്റെ സൂചനയാണ് ഈ സാമ്പത്തിക അവലോകന റിപ്പോർട്ട്.

‘വർക്ക് ലൈഫ് ബാലൻസ്’ വലിയ പ്രശ്നമായി ഇപ്പോഴും ഐ ടി ഉൾപ്പെടെയുള്ള എല്ലാ പുതിയ തൊഴിൽ മേഖലയിലും തുടരുകയാണ്. കടുത്ത മാനസിക സമ്മർദങ്ങൾ അഭിമുഖീകരിക്കുന്ന ഈ യുവത്വത്തിന് നേരെയാണ് കൂടുതൽ ജോലി ഭാരവും ചൂഷണവും അടിച്ചേൽപ്പിക്കാൻ വീണ്ടും ശ്രമിക്കുന്നത്.ഓവർ ടൈം ജോലി എടുത്താൽ ശമ്പളമൊന്നും അധികം കൂടാൻ പോകുന്നില്ല,മാനസിക സമ്മർദം മാത്രമാകും കൂടുക.

TAGS :

Next Story