നടപ്പാക്കിയത് ജന്മം നൽകിയതിനുള്ള ശിക്ഷയെന്ന് മാതാവിനെ വെട്ടിക്കൊന്ന ആഷിഖ്
ഇന്നലെയാണ് അടിവാരം സ്വദേശി സുബൈദയെ മകൻ ആഷിഖ് വെട്ടിക്കൊലപ്പെടുത്തിയത്

കോഴിക്കോട്: താമരശ്ശേരിയിൽ മകൻ വെട്ടിക്കൊന്ന സുബൈദയുടെ സംസ്കാരം ഇന്ന് നടക്കും. ജന്മം നൽകിയതിനുള്ള ശിക്ഷ താൻ നടപ്പാക്കി എന്നായിരുന്നു മകൻ ആഷിക് നാട്ടുകാരോട് പറഞ്ഞത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് അടിവാരം സ്വദേശി സുബൈദയെ മകൻ ആഷിഖ് വെട്ടിക്കൊലപ്പെടുത്തിയത്.
മസ്തിഷ്‌കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു. ഇവിടെയെത്തിയാണ് ആഷിഖ് സുബൈദയെ കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം.
അയൽവാസിയുടെ വീട്ടിൽനിന്ന് കൊടുവാൾ വാങ്ങിയാണ് ആഷിഖ് ഉമ്മയെ വെട്ടിയത്. തേങ്ങപൊളിക്കാനാണ് എന്നു പറഞ്ഞാണ് ആഷിഖ് കൊടുവാൾ വാങ്ങിയത്. താമരശ്ശേരിയിലെ ആശുപത്രിയിലെത്തിക്കുമ്പോൾ സുബൈദയുടെ കഴുത്ത് ഏറെക്കുറെ അറ്റനിലയിലായിരുന്നു. ആഷിക് ലഹരിക്ക് അടിമയാണെന്ന് നാട്ടുകാർ പറഞ്ഞു. ആക്രമണത്തിന് ശേഷം വീടിനുള്ളിൽ ഒളിച്ചിരുന്ന ആശിഖിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
എംഡിഎംഎ ഉപയോഗിച്ചതിന് ആഷിക് നേരത്തെ പിടിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അയൽവാസികളുമായി പ്രശ്‌നമുണ്ടാക്കിയതിനെ തുടർന്ന് ഒരിക്കൽ പിടിച്ചുകെട്ടിയിട്ടിരുന്നുവെന്നും ഇവർ പറഞ്ഞു.
Adjust Story Font
16

