Quantcast

സതീശൻ വനവാസത്തിന് പോകേണ്ടതില്ല, ജനവാസം തുടരും; ജനീഷ് കുമാറിന് വനത്തിലേക്ക് ഓടിയൊളിക്കാം: അബിൻ വർക്കി

പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറ്റം ഉണ്ടാകുമെന്നും അബിൻ വർക്കി മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    15 April 2026 11:07 AM IST

സതീശൻ വനവാസത്തിന് പോകേണ്ടതില്ല, ജനവാസം തുടരും; ജനീഷ് കുമാറിന് വനത്തിലേക്ക് ഓടിയൊളിക്കാം: അബിൻ വർക്കി
X

പത്തനംതിട്ട: കോന്നിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വനവാസത്തിനുള്ള സൗകര്യം ഒരുക്കാമെന്ന കെ.യു. ജനീഷ് കുമാറിന്റെ പരിഹാസത്തിന് മറുപടിയുമായി ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കി. വി.ഡി. സതീശൻ വനവാസത്തിന് പോകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ജനങ്ങൾക്കിടയിൽ തന്നെ തുടരുമെന്നും അബിൻ വർക്കി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ജനീഷ് കുമാറിനായിരിക്കും വനത്തിലേക്ക് ഓടിയൊളിക്കേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലത്തിനായി കാത്തിരിക്കുന്ന ഘട്ടത്തിലും മണ്ഡലത്തിൽ സജീവമായ അബിൻ വർക്കി, ആറന്മുളയിൽ ഇത്തവണ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളതെന്ന് അവകാശപ്പെട്ടു. മുൻകാലങ്ങളിൽ യുഡിഎഫിനകത്തുണ്ടായിരുന്ന പടലപ്പിണക്കങ്ങൾ ഇത്തവണ ഉണ്ടായിട്ടില്ലെന്നും എല്ലാ പ്രവർത്തകരും നേതാക്കളും 'ടീം യുഡിഎഫ്' ആയി ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഭൂരിപക്ഷത്തോടെ മണ്ഡലത്തിൽ വിജയിച്ചു വരുമെന്നും പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറ്റം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം കോന്നിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.യു. ജനീഷ് കുമാർ വി.ഡി. സതീശനെതിരെ നടത്തിയ പരാമർശമാണ് പുതിയ രാഷ്ട്രീയ പോരിന് വഴിവെച്ചത്. സതീശന് വനവാസത്തിന് വനം വിട്ടുകൊടുക്കാം എന്നായിരുന്നു ജനീഷ് കുമാറിന്റെ പ്രതികരണം. ഇതിന് മറുപടിയായി, ത്രിപുരയിൽ സംഭവിച്ചതുപോലെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ സിപിഎം നേതാക്കൾക്ക് വനത്തിലേക്ക് ഓടിയൊളിക്കേണ്ടി വരുമെന്നും, കോന്നിയിലെ വനം അതിന് ജനീഷ് കുമാറിന് ഉപകരിക്കുമെന്നും അബിൻ വർക്കി മീഡിയവണനോട് പറഞ്ഞു. ഇത്തവണത്തെ യുഡിഎഫ് വിജയം കേരളത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്ന ബോധ്യം വോട്ടർമാർക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story