Quantcast

കർണാടകയിലെ മുസ്‌ലിം സംവരണം നിർത്തലാക്കിയ നടപടി; സ്റ്റേ ഇന്ന് അവസാനിക്കും

മതത്തിന്റെ അടിസ്ഥാനത്തിൽ മുസ്‌ലിംകൾക്ക് മാത്രം സംവരണം ഏർപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് കഴിഞ്ഞ തവണ ഹരജി പരിഗണിക്കവേ കർണാടക സർക്കാർ സുപ്രിംകോടതിയെ അറിയിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    9 May 2023 1:15 AM GMT

Hate Speech: Supreme Court Tells States to Sue Voluntarily
X

ഡൽഹി: കര്‍ണാടകയില്‍ നാലു ശതമാനം മുസ്ലിം സംവരണം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനുള്ള സ്റ്റേ ഇന്ന് അവസാനിക്കും. സംവരണം റദ്ദാക്കിയ തീരുമാനത്തിന് എതിരായ ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൂടുതല്‍ സമയം തേടുകയായിരുന്നു. മുസ്ലിം സംവരണ കേസ് ഇതിനകം തന്നെ നാലു തവണ മാറ്റിയതാണെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ ഓര്‍മിപ്പിച്ചിരുന്നു. തുടർന്നാണ് നിലവിലെ സ്ഥിതി തുടരാനുള്ള ഉത്തരവ് നീട്ടുകയാണെന്ന് കോടതി അറിയിച്ചത്.

മതത്തിന്റെ അടിസ്ഥാനത്തിൽ മുസ്‌ലിംകൾക്ക് മാത്രം സംവരണം ഏർപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് കഴിഞ്ഞ തവണ ഹരജി പരിഗണിക്കവേ കർണാടക സർക്കാർ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. മുസ്‌ലിം സംവരണം ഭരണഘടനയുടെ 14,15,16 ആർട്ടിക്കിളുകൾക്കും സാമൂഹിക നീതിയുടെയും മതേതരത്വത്തിന്റെയും അടിസ്ഥാന തത്വങ്ങൾക്കും എതിരാണെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

കർണാടകയിൽ മുസ്‌ലിം സമുദായത്തിന് നിലവിലുണ്ടായിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കിയ ബി.ജെ.പി സർക്കാർ രണ്ട് ശതമാനം വീതം വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങൾക്ക് വീതിച്ചുനൽകുകയായിരുന്നു.

ഇതിനുപിന്നാലെ മുസ്‌ലിം സംവരണം പൂർണമായി ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഉണ്ടാവരുതെന്നാണ് തങ്ങൾ വിശ്വസിക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ വീഴാതെ മുസ്‌ലിം സംവരണം ഇല്ലാതാക്കിയ ബി.ജെ.പി സർക്കാർ എസ്.സി, എസ്.ടി, വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങളുടെ സംവരണ ക്വാട്ട വർധിപ്പിച്ചെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു.

TAGS :

Next Story