Quantcast

കുഞ്ഞാലിക്കുട്ടിയുടെയും തങ്ങന്‍മാരുടേയും വലംകൈ, പാർട്ടിയുടെ ഫണ്ട് മാനേജർ; വാർത്തകളിൽ നിറയുന്ന ലീഗ് സ്ഥാനാര്‍ത്ഥി പിഎംഎ സമീറിനെ അറിയാം

ലീഗിന്‍റെ കൊണ്ടോട്ടി മണ്ഡലം സെക്രട്ടറിയായി ഒരു സുപ്രഭാതത്തില്‍ നിയമിതനായ സമീര്‍ ത്വരിതഗതിയില്‍ സംസ്ഥാന കൗണ്‍സില്‍ അംഗമായും ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും മാറി

MediaOne Logo

Web Desk

  • Updated:

    2026-03-18 11:47:49.0

Published:

18 March 2026 4:55 PM IST

PMA SAMEER
X

പി.എം.എ സമീർ

മലപ്പുറം : മുസ്‍ലിം ലീഗ് രാഷ്ട്രീയം സൂക്ഷ്മമായി ശ്രദ്ധിക്കുന്നവര്‍ക്കല്ലാതെ തിരൂരങ്ങാടിയിലെ സ്ഥാനാര്‍ത്ഥി പി.എം.എ സമീറിനെ അറിയാന്‍ വഴിയില്ല. കമ്പനി സെക്രട്ടറിയും കൊണ്ടോട്ടി വാഴയൂര്‍ സ്വദേശിയുമായ സമീര്‍, മുസ്‍ലിം ലീഗ് രാഷ്ട്രീയത്തിന്‍റെ ഉന്നതങ്ങളില്‍ അസാധാരണ സ്വാധീനമുള്ള വ്യക്തിയാണ്. ഫാറൂഖ് കോളേജിലെ എംഎസ്എഫ് നേതൃത്വത്തിൽ ഉണ്ടായിരുന്നു എന്നതാണ് സമീറിൻ്റെ ഏറ്റവും വലിയ സംഘടനാ പ്രവർത്തന പാരമ്പര്യം. പ്രാദേശിക ലീഗ് പ്രവര്‍ത്തനങ്ങളിലും സമീർ സജീവമായി ഉണ്ടായിരുന്നു. കൊണ്ടോട്ടി മണ്ഡലം മുസ്‍ലിംലീഗ് സെക്രട്ടറി,യൂത്ത് ലീഗ് ജില്ലാ ഉപാധ്യക്ഷന്‍, വാഴയൂര്‍ ബാങ്ക് പ്രസിഡന്റ്റ്, ദീർഘകാലം വാഴയൂര്‍ പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ്, കര്‍ഷക സംഘം നേതാവ്, എസ്ടിയു എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു സമീറിൻ്റെ പിതാവ് പി.എം.എ ഇസ്മായില്‍.

കമ്പനി സെക്രട്ടറി എന്ന രീതിയില്‍ പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയുടെ കണക്കുകള്‍ നോക്കാന്‍ ഹൈദരലി തങ്ങളാണ് സമീറിനെ നിയോഗിക്കുന്നത്. അതിന് മുന്‍പ് തന്നെ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാമ്പത്തിക കാര്യങ്ങള്‍ സമീര്‍ ആണ് നോക്കിയിരുന്നത്. ചന്ദ്രികയിലെ കണക്ക് നോക്കാന്‍ തുടങ്ങി മാസങ്ങള്‍ പിന്നിട്ടതോടെ ചന്ദ്രികയുടെ തന്നെ നിയന്ത്രണം സമീറിന്‍റെ കൈവശമായി.

ലീഗിന്‍റെ കൊണ്ടോട്ടി മണ്ഡലം സെക്രട്ടറിയായി ഒരു സുപ്രഭാതത്തില്‍ നിയമിതനായ സമീര്‍ ത്വരിതഗതിയില്‍ സംസ്ഥാന കൗണ്‍സില്‍ അംഗമായും ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും മാറി. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപക പരാതി വന്നതോടെ പിന്നീട് മാറ്റി നിര്‍ത്തി.

പാര്‍ട്ടിയുടെ എല്ലാ ഫണ്ടുകളും മാനേജ് ചെയ്യുന്നത് സമീറാണ്. മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഹമീദ് മാസ്റ്ററേക്കാള്‍ ശക്തന്‍ പി.എം.എ സമീറാണെന്നാണ് നേതാക്കള്‍ പറയുന്നത്. എന്ത് തീരുമാനവും ഏത് ഫണ്ട് വിനിയോഗവും സമീറിന്‍റെ കൂടി അനുമതിയോടെ മാത്രമേ നടക്കൂ എന്നതാണ് സ്ഥിതി. പാണക്കാട് തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടിക്കും പകരമെന്ന രീതിയിലാണ് സമീറിനെ യോഗങ്ങളില്‍ നേതാക്കള്‍ പരിഗണിക്കുന്നത്. ദേശീയ കമ്മിറ്റി യോഗങ്ങളില്‍ അടക്കം പ്രോട്ടോകോളൊന്നും പാലിക്കാതെ പങ്കെടുക്കാന് സമീറിന് സാധിക്കും.

നോട്ട് നിരോധന സമയത്ത് ചന്ദ്രികയുടെ അക്കൌണ്ടില്‍ പത്ത് കോടിയുടെ സാമ്പത്തിക ഇടപാട് നടന്ന പ്രശ്നത്തോടെയാണ് സമീര്‍ പാര്‍ട്ടിയില്‍ ശ്രദ്ധേയനാകുന്നത്. പാര്‍ട്ടിയിലെ പ്രമുഖന്‍റേതെന്ന് കരുതുന്ന ഈ പണം സമീറിന്‍റെ നിര്‍ദേശ പ്രകാരമാണ് ഒറ്റ ദിവസം ചന്ദ്രികയുടെ അക്കൌണ്ടില്‍ രണ്ട് തവണകളിലായി നിക്ഷേപിക്കപ്പെടുന്നത്. ഇത് കള്ളപ്പണമാണെന്ന ആരോപണം വന്നതോടെ ചന്ദ്രികയുടെ ചെയര്‍മാനായ ഹൈദരലി തങ്ങളെ ഇഡി ചോദ്യം ചെയ്തു. ഇഡി ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഹൈദരലി തങ്ങളുടെ മകന്‍ മുഈനലി തങ്ങൾ സമീറുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടത് പാര്‍ട്ടിക്കുള്ളളില്‍ വലിയ വിവാദമായി. ഒരു ഘട്ടത്തിൽ മുഈനലി തങ്ങൾ കോഴിക്കോട് ലീഗ് ഹൗസിൽ തന്നെ വാർത്താ സമ്മേളനം വിളിച്ച് ഇക്കാര്യങ്ങൾ വിളിച്ചു പറഞ്ഞത് വലിയ വാർത്തയായിരുന്നു.

പാര്‍ട്ടിയുടെ എല്ലാ ഫണ്ട് പിരിവും മാനേജ് ചെയ്യുന്നത് സമീറാണ്. ഫണ്ട് പിരിവിനുള്ള ആപ്പ് അടക്കം തയ്യാറാക്കുന്നതും പണം വിനിയോഗിക്കുന്നതിന്‍റെ ക്രമം നിശ്ചയിക്കുന്നതുമെല്ലാം സമീറാണ്. കമ്പനി സെക്രട്ടറി എന്ന നിലക്കുള്ള സമീറിൻ്റെ പ്രഫഷനൽ മികവും ഉന്നത നേതൃത്വത്തിൻ്റെ പിന്തുണയും സമീറിന് ഇക്കാര്യത്തിൽ ബലം നൽകുന്നതാണ്. എന്നാൽ ഫണ്ട് മാനേജ്മെൻ്റിലെ സമീറിൻ്റെ അപ്രമാദിത്വത്തിൽ പാർട്ടി നേതാക്കളിൽ ചിലർക്ക് അതൃപ്തി ഉണ്ട്. സാദിഖലി തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടേയും ശക്തമായ പിന്തുണയാണ് സമീറിന്‍റെ കൈമുതല്‍.

തിരൂരങ്ങാടിയിലെ സ്ഥാനാര്‍ത്ഥി ആയതോടെ പാര്‍ട്ടിയിലെ ഒരു വിഭാഗം സമീറിനെതിരെ ഒളിഞ്ഞും തെളിഞ്ഞും രംഗത്തുണ്ട്. വിമതനായി എത്തുന്ന അബ്ദുറഹ്മാന്‍ രണ്ടത്താണ് ലക്ഷ്യം വെക്കുന്നതും സമീറിനെതിരെ പാര്‍ട്ടിക്ക് അകത്ത് ചിലർക്കുള്ള വികാരമാണ്. സമീറിൻ്റെ വിജയ സാധ്യതയുള്ള സീറ്റിൽ കുടിയിരുത്താൻ മറ്റ് ഒട്ടനവധി സീറ്റുകളിൽ നീക്കു പോക്കുകൾ നടത്തേണ്ടി വന്നിട്ടുണ്ട്. സമീറിനെതിരായ പാർട്ടിക്കകത്തെ വികാരവും ഇടതുപക്ഷത്തിൻ്റെ പിന്തുണയും ഒന്നിച്ച് ചേർത്ത് മുന്നേറ്റമുണ്ടാക്കാൻ പറ്റുമോ എന്നാണ് അബ്ദുറഹ്മാൻ രണ്ടത്താണി നോക്കുന്നത്.

TAGS :

Next Story