Quantcast

ഏക സിവിൽകോഡിനു വേണ്ടി വാദിക്കുന്നത് ആര്‍.എസ്.എസ്സിന്‍റെ വ്യാജ ഏകത്വത്തിനു നിന്നുകൊടുക്കൽ-അഡ്വ. കെ. അനിൽകുമാർ

''നമ്പൂതിരി സ്ത്രീകൾ പണിക്കു പോകണം, ഒരു പണിയും കിട്ടിയില്ലെങ്കിൽ കിഴിഞ്ഞ പണിയായ തോട്ടിപ്പണിക്കെങ്കിലും പോകണമെന്നാണ് ഇ.എം.എസ് ആവശ്യപ്പെട്ടത്.''

MediaOne Logo

Web Desk

  • Updated:

    2023-10-02 14:54:29.0

Published:

2 Oct 2023 2:45 PM GMT

CPM leader Adv. K. Anilkumar says arguing for a uniform civil code is a betrayal of RSS
X

അഡ്വ. കെ. അനില്‍കുമാര്‍

കോഴിക്കോട്: ഇന്ത്യയിൽ വ്യാജ ഏകത്വമുണ്ടാക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്നും ഏക സിവിൽകോഡിനു വേണ്ടി വാദിക്കുന്നത് അതിനു നിന്നുകൊടുക്കലാണെന്നും സി.പി.എം നേതാവ് അഡ്വ. കെ. അനിൽകുമാർ. മണിപ്പൂരിലെ സ്ത്രീകൾ നഗ്നരാക്കപ്പെട്ടു പെരുവഴിയിലൂടെ നടക്കുമ്പോൾ അവർക്ക് ഉടുവസ്ത്രം കൊടുക്കലാണ് അടിയന്തരമെന്നും പൊതു സിവിൽകോഡല്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ യുക്തിവാദ സംഘടന എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച ലിറ്റ്മസ്'23- നാസ്തിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ആർ.എസ്.എസ് വ്യാജ ഏകത്വമുണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യാ രാജ്യത്ത് ഒരു സിവിൽകോഡുണ്ട്. 2024ലെ യുദ്ധത്തിലേക്കു പോകുമ്പോൾ മോദിയെ ഗുജറാത്തിലേക്ക് അയക്കുക എന്ന ചെറിയൊരു കാര്യമല്ല ഉള്ളത്. നമ്മുടെ മനുഷ്യമനസ്സിന്റെ, രാഷ്ട്രശരീരത്തിന്റെ നാഡീഞരമ്പിലേക്ക് വർഗീയത ഒലിച്ചിറങ്ങിയിരിക്കുന്നു. ഒരു സൈനികൻ പുറത്ത് പി.എഫ്.ഐ എന്നു ചാപ്പകുത്തി അതിന്റെ പേരിൽ നാട്ടിൽ വൈരമുണ്ടാക്കാൻ കൃത്രിമങ്ങൾ സൃഷ്ടിക്കപ്പെടുന്ന, വ്യാജങ്ങളുടെ നിർമിതിയുണ്ടാക്കുന്ന സമൂഹത്തിൽ വ്യാജ ഏകത്വമുണ്ടാക്കാനാണു ഭരണകൂടം ശ്രമിക്കുന്നത്. ആ വ്യാജ ഏകത്വത്തിനു നിന്നുകൊടുക്കലാണ് ഏക സിവിൽകോഡിനു വേണ്ടിയുള്ള വാദങ്ങൾ.''-അദ്ദേഹം പറഞ്ഞു.

''ഏക സിവിൽകോഡ് വേണ്ടെന്ന് സി.പി.എം അഭിപ്രായപ്പെട്ടിട്ടുണ്ടോ? ജനാധിപത്യ സമൂഹത്തിന്റെ വികാസത്തെക്കുറിച്ചാണ് സി.പി.എം പറയുന്നത്. സിവിൽകോഡ് മാത്രമല്ല, ഇന്നത്തെ രാഷ്ട്രവ്യവസ്ഥയിലെ എല്ലാ കാര്യങ്ങളും മാറ്റിമറിക്കണമെന്നു പറയുന്ന ഒരു പരിപാടി ഞങ്ങൾക്കുണ്ട്. സമ്പത്തിന്റെ തുല്യത ഉൾപ്പെടെ. സമൂഹത്തിൽ ഇപ്പോൾ നടക്കുന്ന ഗവേഷണം കോർപറേറ്റ് മുതലാളിക്കു വേണ്ടിയാണ്.''

ഏക സിവിൽകോഡുമായി മണിപ്പൂരിലും അസമിലും ത്രിപുരയിലും പോകുമോ? മണിപ്പൂരിലെ സ്ത്രീകൾ നഗ്നരാക്കപ്പെട്ടു പെരുവഴിയിലൂടെ നടക്കുമ്പോൾ അവർക്ക് ഉടുവസ്ത്രം കൊടുക്കലാണ് അടിയന്തരം; പൊതു സിവിൽകോഡല്ല. അവരുടെ ഉടുവസ്ത്രം നഷ്ടപ്പെടുത്തുന്ന ഫാസിസം മുന്നിൽനിൽക്കുമ്പോഴാണ് നിങ്ങൾ പൊതു സിവിൽകോഡിനെയും സ്ത്രീ സ്വാതന്ത്ര്യത്തെയും കുറിച്ച് പറയുന്നത്. ഉടുവസ്ത്രം ഉരിഞ്ഞുപോകുന്ന ഇന്ത്യയിലെ സ്ത്രീക്ക് ഉടുതുണി മടക്കിക്കൊടുക്കുകയാണ് സി.പി.എമ്മിന്റെ അജണ്ടയെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളോട് അമ്പലത്തിലും പള്ളിയിലും പോകേണ്ട എന്നല്ല സി.പി.എം പറഞ്ഞത്; തൊഴിൽകേന്ദ്രത്തിലേക്കു പോകാനാണ്. 1944ൽ ഇ.എം.എസ് ഓങ്ങല്ലൂരിൽ നമ്പൂതിരിമാരുടെ സമ്മേളനത്തിൽ ഒരു പ്രസംഗം നടത്തിയിരുന്നു. നമ്പൂതിരി സ്ത്രീകൾ പണിക്കു പോകണം, ഒരു പണിയും കിട്ടിയില്ലെങ്കിൽ കിഴിഞ്ഞ പണിയായ തോട്ടിപ്പണിക്കെങ്കിലും പോകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അന്തർജനങ്ങൾ അന്തർജനങ്ങളായി ഇരിക്കുകയല്ല, ഒരു പണിയും കിട്ടിയില്ലെങ്കിൽ തോട്ടിപ്പണിക്കു പോകണമെന്നു പറഞ്ഞ ഒരു ഇ.എം.എസ് ഉണ്ട്. സ്ത്രീയെ സ്ത്രീയായി, അവരുടെ അധികാരം താഴെയാക്കാതെ, അന്തസ്സായി ജോലിയെടുത്ത്, സമൂഹത്തിലെ ഏതു പുരുഷനുമൊപ്പം ഉയർന്നുനിൽക്കാനുള്ള തരത്തിൽ സ്ത്രീ ശ്രദ്ധിക്കപ്പെടണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്-അനിൽകുമാർ ചൂണ്ടിക്കാട്ടി.

എസ്സൻസും സി.പി.എമ്മും തമ്മിൽ മത്സരമില്ല. എസ്സൻസ് പ്രവർത്തിക്കുന്നത് ആശയരംഗത്താണെങ്കിൽ സി.പി.എം ഭൗതികരംഗത്താണു പ്രവർത്തിക്കുന്നത്. സ്ത്രീപദവി ഉയർത്തലാണ് ഭൗതികരംഗത്ത് പ്രവർത്തിക്കുന്ന ഞങ്ങളുടെ ചുമതല. കേരളത്തിൽ സ്ത്രീപദവി ഉയർത്തിയത് ആരാണ്? നായനാർ സർക്കാർ നടപ്പാക്കിയ അധികാരവികേന്ദ്രീകരണത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും കുടുംബശ്രീയുടെയും ഭാഗമായി നമ്മുടെ നാട്ടിലെ അമ്മമാരുടെ കൈയിൽ പണം വരുന്നുണ്ടെങ്കിൽ അത് അവർക്കുണ്ടാക്കുന്ന അഭിമാനബോധം സ്ത്രീപദവി ഉയർത്തലാണെന്നും കെ. അനിൽകുമാർ കൂട്ടിച്ചേർത്തു.

മലപ്പുറത്ത് തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികളുണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്ന് ഇതേ വേദിയിൽ അനിൽകുമാർ വാദിച്ചിരുന്നു. പരാമർശം വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. സ്വതന്ത്രചിന്ത വന്നതിൽ ഈ പ്രസ്ഥാനത്തിന്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പങ്ക് ചെറുതല്ല. മുസ്‌ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിനു നന്ദി പറയേണ്ടത് എസ്സൻസിനോടല്ല, മാർക്‌സിസ്റ്റ് പാർട്ടിയോടാണ്. ഒരു യുക്തിവാദപ്രസ്ഥാനത്തിന്റെയും പിന്തുണ കൊണ്ടല്ല പട്ടിണി മാറുന്നതെന്നും അനിൽകുമാർ പ്രസംഗത്തിൽ പറഞ്ഞു.

Summary: ''Arguing for a uniform civil code is a betrayal of RSS's false unity'': Says CPM leader Adv. K. Anilkumar

TAGS :

Next Story